മധുസൂദനന്‍ നായര്‍ (വി. മധുസൂദനന്‍ നായര്‍)

    പ്രശസ്തകവിയും, അദ്ധ്യാപകനുമാണ് വി. മധുസൂദനന്‍ നായര്‍ (ജനനം 1949 ഫെബ്രുവരി 25ന് തിരുവനന്തപുരം നെയ്യാറ്റിന്‍കര താലൂക്കില്‍പ്പെട്ട അരുവിയോട്ട്. കവിതയെ ജനപ്രിയമാക്കുന്നതിലും സവിശേഷമായ ആലാപനരീതി പ്രചാരത്തില്‍ വരുത്തുന്നതിലും സുപ്രധാന പങ്കുവഹിച്ചു. അച്ഛന്‍ കെ. വേലായുധന്‍ പിള്ള തോറ്റം പാട്ട് ഗായകനായിരുന്നു. അച്ഛനില്‍നിന്നും പഠിച്ച തോറ്റംപാട്ടിന്റെ ഈരടികള്‍ മധുസൂദനന്‍ നായരില്‍ താളബോധം ചെറുപ്രായത്തിലേ ഊട്ടിയുറപ്പിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ കവിതകള്‍ എഴുതി. 1980കളിലാണ് കവിതകള്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചുതുടങ്ങിയത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നും മലയാള ഭാഷയില്‍ ബിരുദാനന്തര ബിരുദം നേടിയ മധുസൂദനന്‍ നായര്‍ കുറച്ചുകാലം വീക്ഷണം, കേരളദേശം എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. അതിനുശേഷമാണ് തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജില്‍ മലയാളം അദ്ധ്യാപകനായി ചേര്‍ന്നത്. 27 വര്‍ഷം അവിടെ അദ്ധ്യാപകനായി ജോലിചെയ്തു. കേരള സര്‍വകലാശാലയിലും ഇന്ധിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയിലും സന്ദര്‍ശക അദ്ധ്യാപകനായും സേവനമനുഷ്ടിച്ചു. അദ്ധ്യാപകവൃത്തിയില്‍ നിന്നും ഔദ്യോഗികമായി വിരമിച്ചശേഷവും ഭാഷാപഠനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നുു. 1992ല്‍ പുറത്തിറങ്ങിയ നാറാണത്തു ഭ്രാന്തന്‍ എന്ന കവിതാ സമാഹാരമാണ് ആദ്യമായി വെളിച്ചം കണ്ടത്. പറയിപെറ്റ പന്തിരുകുലം എന്ന ഐതിഹ്യത്തെ അടിസ്ഥാനമാക്കി രചിച്ച 'നാറാണത്തു ഭ്രാന്തന്‍' എന്ന കവിത ഈ സമാഹാരത്തിലുള്ളതാണ്. മധുസൂദനന്‍ നായരുടെ ഏറ്റവും ജനകീയ കൃതികളിലൊന്നാണിത്. സ്വന്തം കവിതകള്‍ ആലപിച്ച ഓഡിയോ കസറ്റുകള്‍ പുറത്തിറക്കി. നാറാണത്തു ഭ്രാന്തന്‍ എന്ന കവിതാ സമാഹാരത്തിലെ കവിതകളാണ് ഇപ്രകാരം സ്വന്തം ശബ്ദത്തില്‍ ആലപിച്ചു പുറത്തിറക്കിയത്. മലയാളികളുടെ കവിതാസ്വാദനത്തെ ഇതു സ്വാധീനിച്ചു.

കൃതികള്‍

    നാറാണത്തു ഭ്രാന്തന്‍
    ഭാരതീയം
    അഗസ്ത്യഹൃദയം
    ഗാന്ധി
    അമ്മയുടെ എഴുത്തുകള്‍
    നടരാജ സ്മൃതി
    പുണ്യപുരാണം രാമകഥ
    സീതായനം
    വാക്ക്
    അകത്താര് പുറത്താര്
    ഗംഗ
    സാക്ഷി
    സന്താനഗോപാലം
    പുരുഷമേധം
    അച്ഛന്‍ പിറന്ന വീട്

പുരസ്‌കാരങ്ങള്‍

    1986ലെ കുഞ്ഞുപിള്ള കവിതാ പുരസ്‌കാരം, 'നാറാണത്തുഭ്രാന്തന്‍'
    1993ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം 'നാറാണത്തുഭ്രാന്തന്‍'
    1991ലെ കെ. ബാലകൃഷ്ണന്‍ പുരസ്‌കാരം 'ഭാരതീയം'