അച്ഛനമ്മമാര്‍ തമിഴ്‌നാട്ടുകാരായിരുന്നു. സുന്ദരം പിള്ള ജനിച്ചതും പഠിച്ചതും ഏറെ നാള്‍ ജോലിചെയ്തതും തിരുവിതാംകൂറിലായിരുന്നു. ആലപ്പുഴ തുറമുഖം സ്ഥാപിച്ച കേശവപിള്ള വലിയ ദിവാന്‍ജി കണക്കെഴുതാന്‍ തിരുനെല്‍വേലിയില്‍ നിന്നും രണ്ടു ശൈവവെള്ളാള പിള്ള കുടുംബങ്ങളെ കൊണ്ടുവന്നു. അതില്‍. 'തെക്കേക്കര' താമസിച്ചിരുന്ന അര്‍ജുനന്‍പിള്ള പെരുമാള്‍ പിള്ള – മാടത്തിയമ്മാള്‍ ദമ്പതികള്‍ക്ക് 1855ല്‍ ജനിച്ച മകനാണ് സുന്ദരം. ആലപ്പുഴയിലും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം. ബന്‍സിലി ശേഷയ്യര്‍, പിള്ളവീട്ടില്‍ മാതേവന്‍ പിള്ള, പണ്ഡിതര്‍ സ്വാമി നാഥപിള്ള തുടങ്ങിയവരായിരുന്നു ഗുരുക്കന്‍മാര്‍. സര്‍ മാധവരായരുടെ മകന്‍ രങ്കരായന്‍ സഹപാഠിയായിരുന്നു. 1880 ല്‍ തത്ത്വശാസ്ത്രത്തില്‍ അദ്ദേഹം മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് എം.ഏ കരസ്ഥമാക്കി. തിരുവിതാംകൂറിലെ ആദ്യ എം.ഏ. ക്കാരനാണ്. അതിനാല്‍ അദ്ദേഹത്തെ നാട്ടുകാര്‍ 'എം.ഏ.' സുന്ദരം പിള്ള എന്നു വിളിച്ചു.താമസിയാതെ തിരുനെല്‍വേലി കോളേജില്‍ ജോലി കിട്ടി. മഹാരാജാസ് കോളേജിലെ പ്രൊഫസറും ഗുരുനാഥനുമായ ഡോ.ഹാര്‍വി അവധി എടുത്തപ്പോള്‍ പകരം സുന്ദരം പിള്ള നിയമിതനായി. രാജകൊട്ടാരത്തിലും അദ്ധ്യാപകനായി. തൈക്കാട് അയ്യസ്വാമികളില്‍ നിന്നും ജ്ഞാനസിദ്ധി കിട്ടിയ സുന്ദരം പിള്ള 'മനോന്‍മണീയം' എന്ന കാവ്യം രചിച്ചു. തമിഴ് ഭാഷയിലെ പ്രശസ്ത കാവ്യനാടകമാണ് മനോന്‍മണീയം. അതിലെ അവതരണഗാനമാണ് തമിഴ് നാട്ടിലെ ദേശീയ ഗാനം. കാവ്യരചന നടത്തിയ പ്രൊഫ. പി.സുന്ദരം പിള്ള 'മനോന്‍മണീയം സുന്ദരന്‍പിള്ള' എന്നു വിളിക്കപ്പെട്ടു. അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്താന്‍ ജയലളിത സര്‍ക്കാര്‍ തിരുനെല്‍വേലിയിലെ തമിഴ് യൂണിവേഴ്‌സിറ്റിക്കു 'മനോന്‍മണീയം സുന്ദരനാര്‍(എം.എസ് യൂണിവേഴ്‌സിറ്റി) എന്നു പേരിട്ടു.
'പത്തുപ്പാട്ട്' എന്ന സംഘകൃതിയെക്കുറിച്ചുള പഠനം, 'തിരുവിതാംകൂറിലെ ചില പുരാതന രാജാക്കന്‍മാര്‍' തുടങ്ങിയ ഗവേഷണപ്രബന്ധങ്ങള്‍ തയ്യാറാക്കി. ലണ്ടന്‍ ഹിസ്റ്റോറിക്കല്‍ സൊസൈറ്റി അംഗം ആയിരുന്നു.പേരൂര്‍ക്കടയില്‍ മരുതന്‍മൂട്ടില്‍ ആയിരം ഏക്കര്‍ കുന്നു വാങ്ങി ഗുരുവിന്റെ പേരു നല്‍കി, 'ഹാര്‍വിപുരം ബംഗ്ലാവ്' പണിയിച്ചു. സി.വി.രാമന്‍പിള്ള, ആര്‍.ഈശ്വരപിള്ള, കെ.പി.ശങ്കര മേനോന്‍, പോള്‍ ഡാനിയേല്‍, എന്നിവര്‍ ശിഷ്യരായിരുന്നു. അയ്യാസ്വാമികളുമൊത്തു ചെന്തിട്ടയില്‍ 'ശൈവപ്രകാശ സഭ' സ്ഥാപിച്ചു. ചട്ടമ്പിസ്വാമിയും ശ്രീനാരായണഗുരുവും ഹാര്‍വിപുരത്തെ സ്ഥിരം സന്ദര്‍ശകരായിരുന്നു. സ്വാമി വിവേകാനന്ദന്‍ ഹാര്‍വിപുരത്തെത്തി സുന്ദരന്‍പിള്ളയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ആര്‍ക്കിയോളജി വകൂപ്പിന്റെ ആദ്യ മേധാവിയും സുന്ദരന്‍ പിള്ള ആയിരുന്നു. ഏകമകന്‍ പി.എസ്.നടരാജ പിള്ള തിരു-കൊച്ചി ധനകാര്യമന്ത്രിയായിരുന്നു.42 വയസ്സുള്ളപ്പോള്‍ അര്‍ബുദബാധയാല്‍ 1897 ല്‍` അദ്ദേഹം അന്തരിച്ചു.

കൃതികള്‍

    മനോന്‍മണീയം,
    പത്തുപാട്ട് പഠനം,
    നൂറ്റൊകൈവിളാകം,
    ദക്ഷിണഭാരത ചരിത്രം