പ്രമുഖ സാമൂഹ്യനവോത്ഥാന നായകനും കവിയുമായിരുന്നു മൂലൂര്‍ എസ്.പത്മനാഭപ്പണിക്കര്‍. സരസകവി എന്ന പേരിലറിയപ്പെട്ടു. ജനനം 1869ല്‍ മാന്നാറിനു സമീപമുള്ള കാവില്‍ കുടുംബത്തില്‍. മൂലൂര്‍ ശങ്കരന്‍ വൈദ്യരുടേയും വെളുത്തകുഞ്ഞമ്മയുടേയും മകന്‍. മൂലൂരിന്റെ മാതൃകുടുംബം ആയുര്‍വേദ ചികിത്സയ്ക്കും പിതൃകുടുംബം കളരിയഭ്യാസത്തിനും പേരുകേട്ടതായിരുന്നു. പിതാവില്‍ നിന്നും കുട്ടിക്കാലത്തുതന്നെ മൂലൂര്‍ സംസ്‌കൃതം, കളരി, ആയുര്‍വേദം എന്നിവ പഠിച്ചു. സാമൂഹ്യപരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് 1914ല്‍ ശ്രീമൂലം പ്രജാസഭയില്‍ അംഗമായി. കേരളകൗമുദിയുടെ ആദ്യത്തെ പത്രാധിപരായിരുന്നു. കേരളവര്‍മ്മ വലിയകോയി തമ്പുരാനാണ് സരസകവിപ്പട്ടം മൂലൂരിന് 1913ല്‍ നല്‍കിയത്. മെഴുവേലി ആനന്ദഭൂതേശ്വരം ക്ഷേത്രം സ്ഥാപിച്ചത് മൂലൂരാണ്. 1931ല്‍ മൂലൂര്‍ അന്തരിച്ചു.

മൂലൂരിന്റെ വാസഗൃഹമായ കേരളവര്‍മ്മസൗധം (സുഹൃത്തായ കേരളവര്‍മ്മ വലിയകോയി തമ്പുരാനോടുള്ള ബഹുമാനത്താല്‍ നല്‍കിയനാമം) 1989 മുതല്‍ സരസകവി മൂലൂര്‍ സ്മാരകമാണ്. ഇലവുംതിട്ടയിലെ ഈ വീട് ഇപ്പോള്‍ സാംസ്‌കാരികവകുപ്പിന്റെ സംരക്ഷിത സ്മാരകമാണ്.
കുട്ടിക്കാലം മുതല്‍ക്കേ മൂലൂര്‍ രചനകളാരംഭിച്ചിരുന്നു. രചനകളില്‍ പ്രമുഖമായ കിരാതം (അമ്മാനപ്പാട്ടുകള്‍) കൗമാരത്തിന്റെ വിവിധ ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കപ്പെട്ടതാണ്. ഇരുപത്തിയഞ്ചാം വയസ്സില്‍ രചിച്ചതാണ് ‘കവിരാമായണം’.

കൃതികള്‍

‘കവിരാമായണം’
നളചരിതം
കൃഷ്ണാര്‍ജ്ജുനവിജയം
ആസന്നമരണ ചിന്താശതകം
കുചേലവൃത്തം ആട്ടക്കഥ
കോകിലസന്ദേശം
അവസരോക്തിമാല
തീണ്ടല്‍ ഗാഥ
മൂന്നു താരാട്ടുകള്‍
കവിതാനിരൂപണം
ബാലബോധനം
നീതിസാര സമുചയം
സന്മാര്‍ഗ്ഗചന്ദ്രിക
ധര്‍മപദം കിളിപ്പാട്ട് (പരിഭാഷകള്‍)
സുഭദ്രാഹരണം (നാടകം)