കേരളനവോത്ഥാനത്തില്‍ മുഖ്യപങ്കുവഹിച്ച പ്രമുഖ ആത്മീയാചാര്യന്മാരില്‍ ഒരാളാണ് വാഗ്ഭടാനന്ദന്‍ (1885 ഏപ്രില്‍ 25-1939 ഒക്ടോബര്‍ 29). കേരളമെങ്ങും മതാന്ധതക്കും അനാചാരങ്ങള്‍ക്കുമെതിരെ വാഗ്ഭടാനന്ദന്‍ പ്രവര്‍ത്തിച്ചു. പൂജാദികര്‍മ്മങ്ങളും മന്ത്രവാദവുമെല്ലാം അര്‍ത്ഥശൂന്യങ്ങളാണെന്ന് പ്രഖ്യാപിച്ചു. വാഗ്ഭടാനന്ദ ഗുരുവും ആത്മവിദ്യാസംഘവും മതത്തിന്റെ പേരിലുള്ള എല്ലാ അനാചാരങ്ങളേയും ശക്തിയായി എതിര്‍ത്തു.കണ്ണൂര്‍ ജില്ലയിലെ പാട്യം ഗ്രാമത്തിലെ വയലേരി തറവാട്ടിലായിരുന്നു ജനനം. മാതാപിതാക്കള്‍: കോരന്‍ ഗുരുക്കള്‍; ചീരു അമ്മ. വയലേരി കുഞ്ഞിക്കണ്ണന്‍ എന്നതായിരുന്നു പൂര്‍വ്വാശ്രമത്തിലെ പേര്‌സംസ്‌കൃത പണ്ഡിതനായ അച്ഛനില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. പാരമ്പത്ത് രൈരുനായര്‍, എം കോരപ്പന്‍ ഗുരുക്കള്‍ എന്നിവരില്‍നിന്ന് തര്‍ക്കത്തിലും വ്യാകരണശാസ്ത്രത്തിലും ഉപരിപഠനം. ജാതിയും വിഗ്രഹാരാധനയും നിഷേധിച്ച വായത്തസ്വാമികളും സ്വാധീനമായി.1906ല്‍ ദരിദ്രരുടെ വിജ്ഞാനസമ്പാദനത്തിനായി കോഴിക്കോട്ടെ കാരപ്പറമ്പില്‍ തത്ത്വപ്രകാശിക എന്ന വിദ്യാലയം സ്ഥാപിച്ചു. ജീവിതത്തിലെ പ്രധാന വഴിത്തിരിവ് ബ്രഹ്മാനന്ദ ശിവയോഗിയുമായുള്ള കൂടിക്കാഴ്ചയായിരുന്നു. ശിവയോഗിയാണ് വാഗ്ഭടാനന്ദന്‍ എന്ന പേര് നല്‍കിയത്. 1905ല്‍ കോഴിക്കോട്ടെത്തിയ വി കെ ഗുരുക്കള്‍ പി സാമിക്കുട്ടി, ഡോ. അയ്യത്താന്‍ ഗോപാലന്‍ എന്നിവരുടെ പ്രേരണയില്‍ ബ്രഹ്മസമാജ പ്രവര്‍ത്തകനായി. 1910ല്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ ബ്രഹ്മാനന്ദ സ്വാമിയുടെ പ്രഭാഷണം കേട്ടതോടെ അദ്ദേഹത്തിന്റെ ശിഷ്യനായി മാറി. 1911ല്‍ കോഴിക്കോട് കല്ലായിയില്‍ രാജയോഗാനന്ദ കൗമുദിയോഗശാല സ്ഥാപിച്ചു. തുടര്‍ന്ന് മലബാറിലുടനീളം പ്രഭാഷണങ്ങള്‍. വിഗ്രഹാരാധനയെയും അനാചാരങ്ങളെയും അദ്ദേഹം കടന്നാക്രമിച്ചു. കുട്ടിച്ചാത്തന്‍ തറയും ഗുളികന്‍ തറയും ഒട്ടേറെ വീടുകളില്‍നിന്ന് നീക്കി. ക്ഷേത്രകേന്ദ്രീകൃത വിശ്വാസത്തെ തകര്‍ക്കാനായിരുന്നു ഇത്. 
1917 ല്‍ ആത്മവിദ്യാ സംഘം സ്ഥാപിച്ചു. ജാതിവ്യവസ്ഥക്കും വിഗ്രഹാരാധനക്കുമെതിരേയുള്ള പോരാട്ടമാണ് വാഗ്ഭടാനന്ദ ഗുരുവും ആത്മവിദ്യാസംഘവും നടത്തിയത്. കറപ്പയില്‍ കണാരന്‍ മാസ്റ്റര്‍, കുന്നേത്ത് കുഞ്ഞേക്കു ഗുരിക്കള്‍, പാലേരി ചന്തമ്മന്‍, വണ്ണാത്തിക്കണ്ടി കണ്ണന്‍ എന്നിവരായിരുന്നു ഈ പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകര്‍. ഈ സംഘടനക്കെതിരെ ജന്മിമാര്‍ ഒന്നിക്കുകയും സംഘത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ മക്കളെ സ്‌കൂളില്‍ പോലും കയറ്റാതായി. ഇതിനെതിരായി സംഘം 1924ല്‍ കാരക്കാട്ട് ആത്മവിദ്യാസംഘം എല്‍.പി.സ്‌കൂള്‍ എന്ന വിദ്യാലയമാരംഭിച്ചു. ഊരാളുങ്കല്‍ ഐക്യനാണയസംഘം എന്നൊരു കാര്‍ഷക ബാങ്ക് കൂടി ഇവര്‍ ആരംഭിച്ചു. ഐക്യനാണയസംഘമാണ് പിന്നീട് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയായി രൂപാന്തരപ്പെട്ടത്. ചാപ്പയില്‍ കുഞ്ഞ്യേക്കു ഗുരുക്കള്‍ മുതല്‍ പതിനാലു പേര്‍ ഒരു രൂപ ഓഹരിയെടുത്ത് ആരംഭിച്ച സംഘമാണ് ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റികളിലൊന്നായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി (യുഎല്‍സിസിഎസ്).1921ല്‍ ആത്മവിദ്യാസംഘം മുഖപത്രമായി 'അഭിനവകേരളം' തുടങ്ങി.

കൃതികള്‍

അഭിനവ കേരളം
ആത്മവിദ്യാകാഹളം
ശിവയോഗി വിലാസം
ഈശരവിചാരം