പ്രശസ്തനായ മാധ്യമപ്രവര്‍ത്തകനും മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്ററുമായിരുന്നു ടി വേണുഗോപാല്‍.(1930 -2012) സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെക്കുറിച്ചുള്ള 'രാജദ്രോഹിയായ രാജ്യസ്‌നേഹി' എന്ന കൃതിക്ക് 1997ല്‍ ജീവചരിത്രത്തിനും ആത്മകഥയ്ക്കും നല്‍കുന്ന കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.1930 ല്‍ പൊന്നാനിയിലെ ഈശ്വരമംഗലം വില്ലേജില്‍ തേറമ്പത്ത് വീട്ടില്‍ കെ.ശങ്കുണ്ണി നായരുടെയും മീനാക്ഷി അമ്മയുടെയും മകനായി ജനിച്ചു. കോഴിക്കോട് സാമൂതിരി കോളേജ്, തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം 1952 ല്‍ മാതൃഭൂമിയില്‍ ചേര്‍ന്നു. 1988 വരെ മാതൃഭൂമിയില്‍ പ്രവര്‍ത്തിച്ചു. കോഴിക്കോട് പ്രസ്സ് ക്ലബ്ബിന്റെ ഇന്‍സ്റ്റിറ്റൃൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തിന്റെ സ്ഥാപക ഡയറക്ടറായിരുന്നു. കെ.യു.ഡബ്ല്യു.ജെയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. ന്യൂസ് ക്രാഫ്റ്റ് എന്ന പേരില്‍ ഒരു പ്രസ്ഥാനത്തിന് രൂപം നല്‍കി എല്ലാ ജില്ലകളിലും പത്രാധിപന്മാര്‍, ലേഖകര്‍, പാര്‍ട്ട് ടൈം ലേഖകര്‍ എന്നിവര്‍ക്ക് പരിശീലനക്കളരികള്‍ സംഘടിപ്പിച്ചു. പ്രിന്റ് മീഡിയയില്‍ മാതൃഭൂമി, മാധ്യമം, എക്‌സ്പ്രസ്സ്, ദീപിക എന്നീ പത്രങ്ങളില്‍ പരിശീലന വിഭാഗത്തിന്റെ നേതൃത്വം വഹിച്ചു. ഇലക്‌ട്രോണിക് മീഡിയയിലും പത്രപ്രവര്‍ത്തന ഗവേഷണരംഗത്തും കാതലായ സംഭാവന നല്‍കി.

കൃതികള്‍

    രാജദ്രോഹിയായ രാജ്യസ്‌നേഹി
    നാട്ടുവിശേഷം(തോമസ് ജേക്കബുമായി ചേര്‍ന്നെഴുതിയത്)
    പ്രഭാഷകന്റെ വിമര്‍ശന സാഹിത്യം

പുരസ്‌കാരങ്ങള്‍

    കേരള സാഹിത്യ അക്കാദമി അവാര്‍ഡ്(1997)
    പ്രഥമ സ്വദേശാഭിമാനി കേസരി പുരസ്‌കാരം,
    കൊച്ചി ഇന്ദിരാഗാന്ധി സാഹിത്യ പുരസ്‌കാരം(1995)
    എം.വി. പൈലി പുരസ്‌ക്കാരം (1998)
    2000 ലെ പ്രസ് അക്കാദമി അവാര്‍ഡ്
    2002 ലെ കെ. വിജയരാഘവന്‍ പുരസ്‌കാരം