സാഹിത്യപഞ്ചാനനന്‍ പി.കെ.നാരായണപിള്ള
മലയാള സാഹിത്യവിമര്ശനപ്രസ്ഥാനത്തിന് പുതിയ വഴി വെട്ടിത്തുറന്ന വിമര്‍ശകപ്രതിഭയാണ് സാഹിത്യപഞ്ചാനനന്‍ പി.കെ. നാരായണപിള്ള. കവി, ഗദ്യകാരന്, വാഗ്മി, വിമര്ശകന്, വൈയാകരണന്, ഭാഷാഗവേഷകന്‍, സമുദായ പരിഷ്കര്‍ത്താവ് എന്നീ നിലകളിലെല്ലാം പ്രശസ്തന്‍.
ജനനം 1878 മാര്‍ച്ച് 23ന് അമ്പലപ്പുഴ ആമയിട ഗ്രാമത്തില്‍ കടമ്മാട്ടു കുഞ്ഞുലക്ഷ്മിയമ്മയുടേയും ആലപ്പുഴ പറവൂര്‍ പൊഴിച്ചേരി മഠത്തില്‍ ദാമോദരന്‍ പ്ലാപ്പിള്ളിയുടേയും മകനായി. മരണം: 1938 ഫെബ്രുവരി 10. അമ്പലപ്പുഴ ഹൈസ്കൂള്‍, ആലപ്പുഴ ഹൈസ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം മഹാരാജാസ് കോളജില്‍ നിന്ന് രസതന്ത്രത്തില്‍ ബി.എ. ബിരുദം. കോളജ് വിദ്യാഭ്യാസ കാലത്ത് പിതാവ് അന്തരിച്ചതിനാല്‍ മലയാള മനോരമ, കേരള താരക, ചന്ദ്രിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളെഴുതിയാണ് വിദ്യാഭ്യാസ ചെലവുകള്‍ക്കുള്ള പണം കണ്ടെത്തിയത്. ഏ.ആര്. രാജരാജവര്‍മ്മ, മുന്‍ഷി രാമക്കുറുപ്പ് തുടങ്ങിയ പ്രശസ്ത വ്യക്തികളുടെ ശിഷ്യനായിരുന്നു.
റെയില്‍വേ ഗുമസ്തന്, സ്കൂളധ്യാപകന്, കലാലയാധ്യാപകന് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. 1908ല്‍ നിയമബിരുദമെടുത്ത അദ്ദേഹം അഭിഭാഷകനായി. തിരുവിതാംകൂര്‍ നിയമസഭാംഗം, മദിരാശി സര്‍വകലാശാല സെനറ്റ് മെമ്പര്‍, ഹൈക്കോടതി ജഡ്ജി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ച് 1934ല്‍ വിരമിച്ചു. നായര്‍ സമുദായ പരിഷ്കരണ ശ്രമങ്ങള്‍ നടത്തുകയും അത് ലക്ഷ്യമാക്കിയുള്ള സംഘടനകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.
‘സാഹിത്യ പഞ്ചാനനന്‍’ എന്ന് അപരനാമം. നീലകണ്ഠതീര്ത്ഥപാദരാണ് ഈ വിശേഷണം നല്‍കിയത്. കവി, ഗദ്യകാരന്, വാഗ്മി, വൈയാകരണന്, നിരൂപകന് എന്നീ പഞ്ചമുഖങ്ങളോടുകൂടിയവന് എന്നര്‍ഥം. കവിയും നാടകകൃത്തുമായിരുന്ന ടി.എന്‍. ഗോപിനാഥന് നായര്‍ ഇദ്ദേഹത്തിന്റെ പുത്രനാണ്.
കൃതികള്‍
ചില കവിതാപ്രതിധ്വനികള്‍ (1906)
പ്രസംഗതരംഗിണി (മൂന്നു ഭാഗങ്ങള്‍)
ശ്രീമൂലമുക്താവലി (1918)
ലഘു വ്യാകരണം (1920)
ഗദ്യമുക്താവലി (1927)
ക്ഷേത്രപ്രവേശന വാദം (1927)
പ്രയോഗ ദീപിക (1934)
കാവ്യമേഖല (1935)
വ്യാകരണ പ്രവേശിക (1936)
Leave a Reply