നടരാജഗുരു
നടരാജ ഗുരു (1895-1973) ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും ഗുരു പരമ്പരയിലെ രണ്ടാമനുമായിരുന്നു നാരായണ ഗുരുകുലത്തിന്റെ സ്ഥാപകനായിരുന്ന നടരാജഗുരു. ശ്രീനാരായണ ഗുരുവിന്റെ എല്ലാ പ്രധാന കൃതികളും അദ്ദേഹം ഇംഗ്ലീഷിലേക്കു തര്‍ജ്ജമ ചെയ്യുകയും അവയ്ക്കു കുറിപ്പുകള്‍ എഴുതുകയും ചെയ്തു.
പ്രമുഖ സാമൂഹ്യ പരിഷ്‌കര്‍ത്താവും ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗത്തിന്റെ സ്ഥാപക നേതാക്കളില്‍ പ്രമുഖനുമായ ഡോ. പല്പു എന്ന വിദഗ്ദ്ധ ഭിഷഗ്വരന്റെ രണ്ടാമത്തെ മകനായി 1895ല്‍ ബാംഗ്ലൂരില്‍ നടരാജ ഗുരു ജനിച്ചു. തിരുവനന്തപുരത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കാന്‍ഡി (ശ്രീലങ്ക) യില്‍ നിന്നു മെട്രിക്കുലേഷന്‍ ജയിച്ചു. മദ്രാസ് പ്രസിഡന്‍സി കോളേജില്‍ നിന്നു ഭൂമിശാസ്ത്രത്തിലും ജീവശാസ്ത്രത്തിലും അദ്ദേഹം ബിരുദാനന്തര ബിരുദം നേടി.
മദ്രാസ് സര്‍വകലാശാലയില്‍ നിന്നു വിദ്യാഭ്യാസ മനശാസ്ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹത്തിന് പാരിസിലെ സോര്‍ബോണ്‍ സര്‍വകലാശാലയില്‍നിന്ന് ഡി.ലിറ്റ് ലഭിച്ചു. ജനീവയിലെ അന്താരാഷ്ട്ര ഫെലോഷിപ്പ് സ്‌കൂളില്‍ അദ്ദേഹം അദ്ധ്യാപകനായി സേവനം അനുഷ്ടിച്ചു.നാരായണഗുരുവിനെ ആദ്യമായി കാണുന്നത് ബാംഗ്ലൂരിലെ തന്റെ ഭവനത്തില്‍വച്ചാണ്. പഠനത്തിനു ശേഷം അദ്ദേഹം ശ്രീനാരായണ ഗുരുവിനെ കണ്ട് അദ്ദേഹത്തിന്റെ ആശ്രമത്തില്‍ ചേരാനുള്ള ആഗ്രഹം അറിയിച്ചു. ശ്രീനാരായണ ഗുരു സന്യാസത്തിന്റെ ത്യാഗവും കഷ്ടതകളും പറഞ്ഞു മനസ്സിലാക്കി അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടരാജ ഗുരുവിന്റെ ആത്മാര്‍ത്ഥതയില്‍ ബോദ്ധ്യം വന്നപ്പോള്‍ അന്തേവാസിയായി സ്വീകരിച്ചു. ആലുവയിലെ അദ്വൈത ആശ്രമത്തിലും വര്‍ക്കല ശിവഗിരിയിലെ ആശ്രമത്തിലും അദ്ദേഹം തന്റെ സന്യാസത്തിന്റെ ആദ്യകാലം ചിലവഴിച്ചു. ശിവഗിരിയില്‍ വച്ച് ശ്രീനാരായണ ഗുരു നടരാജ ഗുരുവിനെ ‘വര്‍ക്കല ശ്രീനാരായണ ആംഗലേയ വിദ്യാലയ’ത്തിന്റെ പ്രധാനാധ്യാപകനായി നിയമിച്ചു.
പിന്നീട് ശ്രീനാരായണ ഗുരുവിന്റെ ഊട്ടിയിലുള്ള മറ്റൊരു ശിഷ്യനായ സ്വാമി ബോധാനന്ദയുടെ അടുത്തേക്ക് അദ്ദേഹം പോയി. ഒരു സുഹൃത്ത് ഊട്ടിയിലെ ഫേണ്‍ഹില്ലില്‍ ദാനം ചെയ്ത സ്ഥലത്ത് അദ്ദേഹം നാരായണ ഗുരുകുലം ആരംഭിച്ചു. ആത്മീയ പഠനത്തിനും ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളുടെ പ്രചരണത്തിനുമായി നാരായണ ഗുരുകുലം നിലകൊള്ളുന്നു. നടരാജ ഗുരു അവിടെ നാലു വര്‍ഷത്തോളം കുട്ടികളെ പഠിപ്പിച്ചു. ശ്രീനാരായണ ഗുരു ഒരിക്കല്‍ ഫേണ്‍ഹില്‍ സന്ദര്‍ശിച്ച് അദ്ദേഹത്തിനു സ്ഥാപനത്തിന്റെ നടത്തിപ്പില്‍ വിലപ്പെട്ട ഉപദേശങ്ങള്‍ നല്‍കി. സാമ്പത്തിക പ്രതിസന്ധിയും ചില അന്തേവാസികളുടെ വഴിവിട്ട പെരുമാറ്റവും കാരണം നാരായണ ഗുരുകുലം 1927ല്‍ അടച്ചു പൂട്ടേണ്ടി വന്നു.
നടരാജഗുരു വര്‍ക്കലയില്‍ തിരിച്ചുപോയി ശ്രീനാരായണ ഗുരുവുമൊത്ത് ഏതാനും മാസങ്ങള്‍ ചിലവഴിച്ചു. ശ്രീനാരായണ ഗുരുവിന്റെ ആരോഗ്യം മോശമാവുകയും അദ്ദേഹത്തെ ചികിത്സക്കായി പല സ്ഥലങ്ങളിലും കൊണ്ടുപോവുകയും വേണ്ടിവന്ന കാലമായിരുന്നു അത്. ഈ യാത്രകളില്‍ നടരാജ ഗുരു ശ്രീനാരായണ ഗുരുവിനെ അനുഗമിക്കുകയും ഇരുവരും ആശയങ്ങള്‍ കൈമാറുകയും ചെയ്തു.
ശ്രീനാരായണ ഗുരു നടരാജ ഗുരുവിനെ ഉപരിപഠനത്തിനായി യൂറോപ്പിലേക്ക് അയച്ചു.
ലണ്ടനിലേക്കാണു അദ്ദേഹം കൊളംബോയില്‍ നിന്നു യാത്ര തിരിച്ചതെങ്കിലും മാര്‍ഗ്ഗമദ്ധ്യേ അദ്ദേഹം സ്വിറ്റ്‌സര്‍ലാന്റിലെ ജനീവയില്‍ കപ്പലിറങ്ങി. ആദ്യത്തെ കുറച്ചു കഷ്ടപ്പാടുകള്‍ക്കു ശേഷം അദ്ദേഹത്തിനു ജനീവക്കു അടുത്തുള്ള ഗ്ലാന്റിലെ ഫെലോഷിപ് വിദ്യാലയത്തില്‍ ജോലി ലഭിച്ചു. ഇവിടെ ഊര്‍ജ്ജതന്ത്ര അദ്ധ്യാപകനായി ജോലി ചെയ്യുന്നതിനിടയില്‍ അദ്ദേഹം ഫ്രഞ്ച് ഭാഷയില്‍ പ്രാവീണ്യം നേടി. വിദ്യാഭ്യാസ മനശാസ്ത്രത്തിലുള്ള തന്റെ ഡോക്ടറേറ്റ് പ്രബന്ധം തയ്യാറാക്കാന്‍ ആരംഭിച്ചു. പ്രശസ്തമായ പാരീസിലെ സോര്‍ബോണ്‍ സര്‍വകലാശാലയില്‍ ഡോക്ടറേറ്റിനു ചേര്‍ന്നു. പ്രശസ്ത ഫ്രഞ്ച് തത്ത്വചിന്തകനായ ഹെന്റി ബെര്‍ഗ്ഗ്‌സണ്‍ അദ്ദേഹത്തിന്റെ അദ്ധ്യാപകനായിരുന്നു. പ്രശസ്ത ചിന്തകനായ ഷാണ്‍ ഷാക്ക് റൂസ്സോവിന്റെ പ്രബന്ധങ്ങള്‍ ഗുരുവിനെ സ്വാധീനിച്ചു. അഞ്ചു വര്‍ഷത്തെ പ്രയത്‌നത്തിനു ശേഷം അദ്ദേഹം വിദ്യാഭ്യാസത്തിലെ വ്യക്തി പ്രഭാവം എന്ന പേരില്‍ പ്രബന്ധം സമര്‍പ്പിച്ചു. ഗുരുശിഷ്യ ബന്ധത്തെ അടിസ്ഥാനമാക്കിയ ഈ ഗ്രന്ഥത്തെ സോര്‍ബോണിലെ പ്രബന്ധ കമ്മിറ്റി സഹര്‍ഷം അംഗീകരിക്കുകയും ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെ അദ്ദേഹത്തിനു ഡി. ലിറ്റ് സമ്മാനിക്കുകയും ചെയ്തു. ജനീവയില്‍ വച്ച് സൂഫി ചതുര്‍വാര്‍ഷികം എന്ന പ്രസിദ്ധീകരണത്തില്‍ ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെയും സന്ദേശങ്ങളെയും കുറിച്ച് ‘ഗുരുവിന്റെ വഴി’ എന്ന ലേഖന പരമ്പര എഴുതി. യൂറോപ്പിലെ ഈ താമസത്തിനിടയില്‍ അദ്ദേഹം ഗാന്ധിജിയെയും നെഹറുവിനെയും കണ്ടുമുട്ടി.
നടരാജ ഗുരു 1933ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി. ഇന്ത്യ മുഴുവന്‍ രണ്ടു വര്‍ഷത്തോളം സഞ്ചരിച്ചു. ഊട്ടിയില്‍ തിരിച്ചെത്തി നാരായണ ഗുരുകുലം പുനരാരംഭിച്ചു. ഒരു തകരക്കൂരയില്‍ പതിനഞ്ചു വര്‍ഷത്തോളം താമസിച്ച് അദ്ദേഹം ഉപനിഷത്തുകളും ഭഗവദ് ഗീതയും നാരായണഗുരുവിന്റെ കൃതികളും പഠിച്ചു. ഈ കാലയളവില്‍ ജോണ്‍ സ്പീര്‍സ് എന്ന സ്‌കോട്ട്‌ലാന്റുകാരന്‍ അദ്ദേഹത്തിന്റെ ആദ്യ ശിഷ്യനായി.
കൃതികള്‍
ബ്രഹ്മത്തിന്റെ ഒരു ഏകാത്മക ശാസ്ത്രം (An integrated science of the absolute)
ഗുരുവിന്റെ വാക്ക്: ശ്രീനാരായണ ഗുരുവിന്റെ ജീവിതവും സന്ദേശങ്ങളും
വേദാന്തം പുനര്‍വിചിന്തനവും പുനരാഖ്യാനവും
ഒരു ബ്രഹ്മചാരിയുടെ ആത്മകഥ
ഭഗവദ് ഗീത വിവര്‍ത്തനവും കുറിപ്പുകളും
ബ്രഹ്മത്തിന്റെ ഒരു ഏകാത്മക ശാസ്ത്രം
ജ്ഞാനം ബ്രഹ്മമായതും ആരാധിക്കപ്പെടേണ്ടതും
ശങ്കരന്റെ സൗന്ദര്യലഹരി
പാശ്ചാത്യ തത്ത്വചിന്തകളില്‍ ഒരു അടിത്തറയുടെ തിരയല്‍
ഒരു ഗുരുവിന്റെ തത്ത്വശാസ്ത്രം
ലോക ഗവര്‍ണ്മെന്റിന് ഒരു മെമ്മൊറാണ്ടം
ലോക വിദ്യാഭ്യാസ മാനിഫെസ്റ്റോ
ഏകലോകാനുഭവം
തര്‍ക്കശാസ്ത്ര സമീപനം
ശ്രീനാരായണഗുരുവിന്റെ കവിതകളുടെ ശേഖരം
പരംപൊരുള്‍ പാശ്ചാത്യ ദര്‍ശനത്തില്‍
അനുകമ്പാദശകം വ്യാഖ്യാനം
പിണ്ഡനന്ദി വ്യാഖ്യാനം
ആത്മോപദേശശതകം വ്യാഖ്യാനം
ജാതി മീമാംസ വ്യാഖ്യാനം
Leave a Reply