ഇളംകുളം കുഞ്ഞന്‍പിള്ള
മലയാള ഭാഷയ്ക്കും ചരിത്രത്തിനും നിസ്തുലമായ സംഭാവനകള്‍ നല്കിയ പണ്ഡിതനും ഗവേഷകനുമായിരുന്നു ഇളംകുളം പി.എന്‍. കുഞ്ഞന്‍പിള്ള എന്ന ഇളംകുളം കുഞ്ഞന്‍പിള്ള (ജനനം 1904 നവംബര്‍ 8-മരണം1973 മാര്‍ച്ച് 3). കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ ഇളംകുളം പുത്തന്‍പുരക്കല്‍ കുടുംബത്തില്‍ നാണിക്കുട്ടിയമ്മയുടേയും കടയക്കോണത്തു കൃഷ്ണക്കുറുപ്പിന്റേയും മകനായാണ് പി.എന്‍.കുഞ്ഞന്‍പിള്ള ജനിച്ചത്. തിരുവനന്തപുരത്തും കൊല്ലത്തുമായിട്ടായിരുന്നു ഇളംകുളം കുഞ്ഞന്‍പിള്ളയുടെ ജീവിതം. പറവൂരിലും മണിയാംകുളത്തും പ്രാഥമിക വിദ്യാഭ്യാസം നേടിയശേഷം കുഞ്ഞന്‍പിള്ള കുറച്ചുനാള്‍ സ്കൂള്‍ അദ്ധ്യാപകനായി. കൊല്ലത്തെ മലയാളം ഹൈസ്കൂളിലും തിരുവനന്തപുരം എസ്.എം.വി. സ്കൂളിലുമായി തുടര്‍ന്ന് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
1927ല്‍ തിരുവനന്തപുരം ആര്‍ട്ട്സ് കോളേജില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പാസ്സായി. തുടര്‍ന്ന് അണ്ണാമല സര്‍വകലാശാലയില്‍നിന്നും സംസ്കൃതം ഐച്ഛികമായി ബി.എ. ഓണേഴ്സ് എടുത്തു. ഒപ്പം മദ്രാസ് യൂണിവേഴ്സിറ്റിയില്‍നിന്ന് മലയാളം വിദ്വാന് പരീക്ഷയും പാസ്സായി. 1934ല്‍ തിരുവനന്തപുരം ആര്‍ട്ട്സ് കോളേജില്‍ ഭാഷാവിഭാഗത്തില്‍ ലക്ചററായി. 1942ല്‍ യൂണിവേഴ്സിറ്റി കോളേജില്‍ അദ്ധ്യാപകനായി. ഭാഷാവിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനായി അക്കാലത്ത് കേരളചരിത്രത്തെപ്പറ്റി വേണ്ടത്ര പഠനസാമഗ്രികളില്ലായിരുന്നു. യൂണിവേഴ്സിറ്റി കോളേജില്‍ പലരും ആ വിഷയം പഠിപ്പിക്കാനുള്ള ബാദ്ധ്യത ഏറ്റെടുക്കാതിരുന്നപ്പോള്‍ അതിന് സധൈര്യം കുഞ്ഞന്‍പിള്ള മുന്നോട്ടുവന്നു. ശിഷ്യന്മാരെ പഠിപ്പിക്കാനാവശ്യമായ വസ്തുനിഷ്ഠമായ പഠനസാമഗ്രികളന്വേഷിച്ച് അദ്ദേഹം നടത്തിയ പഠനങ്ങളാണു പില്ക്കാലത്ത് കേരളചരിത്രഗവേഷണരംഗത്ത് പുതിയ പാതകള്‍ തുറന്നിട്ടത്. 1949 ല്‍ ഇന്ത്യന്‍ ഹിസ്റ്ററി കോണ്ഫ്രന്സില് അവതരിപ്പിച്ച പ്രബന്ധം വഴി ശ്രദ്ധേയനായി. യൂണിവേഴ്സിറ്റി കോളേജ് മലയാളം വിഭാഗം തലവനായി 1960 ല്‍ റിട്ടയര്‍ ചെയ്തു. തിരുവനന്തപുരത്തു വച്ച് 1973 മാര്‍ച്ച് 3ന് ഇളംകുളം കുഞ്ഞന്‍പിള്ള അന്തരിച്ചു.
തിരുവിതാംകൂര്‍ സര്‍വകലാശാലയെ പ്രതിനിധീകരിച്ച് മുംബൈ, ഡല്‍ഹി, പട്ന, അഹമ്മദാബാദ്, കട്ടക്ക് എന്നിവിടങ്ങളില്‍ നടന്ന ഹിസ്റ്റോറിക്കല്‍ ആന്റ് ഓറിയന്റല്‍ കോണ്‍ഫറന്‍സുകളില്‍ പങ്കെടുത്തിട്ടുണ്ട്.
സൂക്ഷ്മതയും തെളിമയുമാര്‍ന്ന ശൈലി ഇളംകുളത്തിന്റെ സവിശേഷതയായിരുന്നു. ഭാഷാപഗ്രഥനവും ചരിത്രാപഗ്രഥനവും സരളമായി നിര്‍വഹിച്ചു. പഠിച്ചും പഠിപ്പിച്ചുമാണ് കുഞ്ഞന്‍പിള്ള വളര്‍ന്നത്. മലയാളം വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന സാംസ്കാരിക ചരിത്രത്തിലും ഭാഷാ ചരിത്രത്തിലുമൊക്കെ നിറഞ്ഞുനിന്ന അബദ്ധങ്ങള്‍ ഈവിഷയങ്ങളില്‍ നിരന്തരമായ പഠനവും ഗവേഷണവും നടത്താന്‍ കുഞ്ഞന്‍ പിള്ളയെ പ്രേരിപ്പിച്ചു.'ഉണ്ണുനീലി സന്ദേശം' വ്യാഖ്യാനം പ്രസിദ്ധീകരിച്ചാണ് ഗവേഷകന് എന്ന നിലയില്‍ ശ്രദ്ധേയനായത്. ആ വര്‍ഷം പുറത്തിറങ്ങിയ 'ഉണ്ണുനീലി സന്ദേശം ചരിത്ര ദൃഷ്ടിയില്‍കൂടി' എന്ന കൃതി ഈ സന്ദേശകാവ്യത്തെക്കുറിച്ചുള്ള പുതിയ വെളിപാടായിരുന്നു.
ലിപിവിജ്ഞാനീയത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന പ്രാവീണ്യം വട്ടെഴുത്തിന്റേയും കോലെഴുത്തിന്റേയും ഗ്രന്ഥലിപിയുടെയുമൊക്കെ പഠനങ്ങളിലൂടെ കേരളചരിത്രത്തിന്ന് മുതല്‍ക്കൂട്ടായി. പൗരാണികഭാരതീയജ്യോതിശ്ശാസ്ത്രത്തിലെ തന്റെ അഗാധപാണ്ഡിത്യം ഉപയോഗപ്പെടുത്തിക്കൊണ്ടാണു അദ്ദേഹം രണ്ടാം ചേരസാമ്രാജ്യത്തിന്റേയും അതിലെ രാജാക്കന്മാരുടേയും കാലഗണനകള്‍ ചോദ്യംചെയ്യപ്പെടലുകള്‍ക്കതീതമായി സ്ഥാപിച്ചെടുക്കുന്നത്. നിഷ്പക്ഷവും ഏകാന്തവുമായ യാത്രകളായിരുന്നു കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിലൂടെ അദ്ദേഹം നടത്തിയത്. ചരിത്രരചനയില്‍ അദ്ദേഹം പുലര്‍ത്തിപ്പോന്ന ബുദ്ധിപരമായ സത്യസന്ധത ശ്ലാഘിക്കപ്പെട്ടു. കേരളത്തിന്റെ ചരിത്രത്തില്‍ ഇതിനു മുന്‍പ് ആരും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ സഞ്ചരിച്ച വഴികാട്ടി ആയിരുന്നു കുഞ്ഞന്‍പിള്ളയെന്ന് യൂണിവേഴ്സിറ്റി കോളേജില്‍ ഇളംകുളത്തിന്റെ വിദ്യാര്‍ത്ഥിയായിരുന്ന പ്രൊഫ. എസ്. ഗുപ്തന് നായര്‍ പറയുന്നു.
കൃതികള്‍
സാഹിത്യമാലിക
കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകള്‍
സംസ്കാരത്തിന് റെ നാഴികകല്ലുകള്‍
ജന്മി സമ്പ്രദായം കേരളത്തില്‍
ഉണ്ണുനീലി സന്ദേശം ചരിത്രദൃഷ്ടിയില്‍
കേരളം അഞ്ചും ആറും നൂറ്റാണ്ടില്‍
ചേരസാമ്രാജ്യം ഒന്‍പതും പത്തും നൂറ്റാണ്ടില്‍
സ്റ്റഡീസ് ഇന്‍ കേരള ഹിസ്റ്ററി
Leave a Reply