1911 മെയ് 21 ന് ചെര്‍പ്പുളശേ്ശരിയില്‍ ആണ് കെ. നാരായണന്‍ എഴുത്തച്ഛന്‍ ജനിച്ചത്. അച്ഛന്‍
കുടിയിരിക്കല്‍ കൃഷ്ണനെഴുത്തച്ഛന്‍. അമ്മ ലക്ഷ്മിയമ്മ. സംസ്‌കൃതത്തില്‍ ആദ്യപാഠങ്ങള്‍
പഠിപ്പിച്ചത് അച്ഛന്‍ തന്നെ. 1927ല്‍ നാട്ടിലെ വിദ്യാലയത്തില്‍നിന്നുതന്നെ പത്താം ക്‌ളാസ് പാസ്‌സായി.
കോഴിക്കോട്ടു പോയി ഷോര്‍ട്ട്ഹാന്റും ടൈപ്പ്‌റൈറ്റിംഗും പഠിച്ചു. 1932-34 കാലത്ത് കോഴിക്കോട്ടുനിന്നു
തന്നെ ടീച്ചേഴ്‌സ് ട്രെയിനിംഗ് കഴിച്ചു. തുടര്‍ന്ന് ചെറുകര ഹയര്‍ എലിമെന്ററി സ്‌ക്കൂളില്‍
അധ്യാപകനായി. പ്രൈവറ്റായി വിദ്വാന്‍, ബി.എ. എന്നീ പരീക്ഷകള്‍ പാസായി. 1940-'4ല്‍ പട്ടാമ്പി
ഹൈസ്‌ക്കൂള്‍ അധ്യാപകന്‍. പിന്നീട് 1944 മുതല്‍ ഒന്‍പതുവര്‍ഷം ബോംബെയില്‍ സ്റ്റെനോഗ്രാഫര്‍.
അവിടെ വച്ചാണ് ഹിന്ദിയും ഹോമിയോപ്പതിയും പഠിച്ചത്. 1948ല്‍ സംസ്‌കൃതം എം.എ. ജയിച്ചു.
1953ല്‍ മദിരാശി സര്‍വ്വകലാശാലയില്‍ മലയാളവിഭാഗത്തില്‍ അധ്യാപകന്‍. 1954ല്‍ മലയാളത്തില്‍
എം.എ. യും 1962ല്‍ പി.എച്ച്.ഡി. യും, 1964ല്‍ ഇംഗ്‌ളീഷ് എം.എ. യും പാസായി. തമിഴും കന്നടയും
പഠിച്ചു. 1971ല്‍ മദിരാശിസര്‍വ്വകലാശാലയില്‍ നിന്നും വിരമിച്ചശേഷം, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍
സീനിയര്‍ റിസര്‍ച്ച് ഓഫീസറായി ഒരു വര്‍ഷം ജോലിചെയ്തു. പിന്നീട് ശ്രീ വെങ്കിടേശ്വര
സര്‍വ്വകലാശാലയില്‍ ദ്രാവിഡ ഭാഷാവിജ്ഞാനീയ വിഭാഗത്തില്‍ സീനിയര്‍ ഫെലേ്‌ളാ. 1974-'78ല്‍
കോഴിക്കോട്ട് സര്‍വ്വകലാശാലയില്‍ യു.ജി.സി. പ്രൊഫസര്‍. 1981 ഒക്‌ടോബര്‍ 28 ന് കോഴിക്കോട്ടു
അന്തരിച്ചു. എഴുത്തച്ഛന്റെ ഭാര്യയുടെ പേര്‍ ജാനകി അമ്മ എന്നാണ്.
    ജീവചരിത്രം, കവിത, കഥ, വിവര്‍ത്തനം, ഉപന്യാസം എന്നീ ശാഖകളിലെല്‌ളാം എഴുത്തച്ഛന്റെ
കൃതികള്‍ ഉണ്ട്. എന്നാല്‍ മലയാളത്തില്‍ അദ്ദേഹം ആദരിക്കപെ്പടുന്നത്, പണ്ഡിതനായ നിരൂപകന്‍
എന്ന നിലയിലാണ്. കുസുമോപഹാരം, പ്രതിജ്ഞ, പ്രതീക്ഷ എന്നിവയാണ് കവിതാഗ്രന്ഥങ്ങള്‍.
കഥാഭൂഷണം, കഥാസൗധം, കഥാമഞ്ജുഷ എന്നിവ ചെറുകഥാസമാഹാരങ്ങളും.
ഈശ്വരചന്ദ്രവിദ്യാസാഗരന്റെ ജീവചരിത്രമാണ് മറ്റൊരു കൃതി. ഹിന്ദിയില്‍ നിന്നും സാര്‍ത്ഥവാഹന്‍
എന്ന കൃതി പരിഭാഷപെ്പടുത്തി. സംഘസാഹിത്യത്തില്‍ പെടുന്ന കുറെ കവിതകള്‍, എഴുത്തച്ഛന്‍
വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 1969ല്‍ അദ്ദേഹം രചിച്ച കേരളോദയം എന്ന സംസ്‌കൃത
മഹാകാവ്യത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കിട്ടി. മലയാള വ്യാകരണത്തെപ്പറ്റി
ഗ്രമാറ്റിക്കല്‍ തിയറീസ് ഇന്‍ മലയാളം എന്നൊരു ഗ്രന്ഥം അദ്ദേഹം എഴുതി. ഭാഷാകൗടലീയത്തിന്റെ
ഭാഷാപരമായ സവിശേഷതകള്‍ ആയിരുന്നു പി.എച്ച്.ഡി. പ്രബന്ധത്തിന്റെ വിഷയം.
തുഞ്ചത്താചാര്യന്റെ അധ്യാത്മരാമായണത്തെക്കുറിച്ചുള്ള പുസ്തകവും കിളിപ്പാട്ടു
പ്രസ്ഥാനത്തെക്കുറിച്ചുള്ള നീണ്ട ലേഖനവും ശ്രദ്ധേയങ്ങളാണ്. മുത്തുംപവിഴവും, ഇലയുംവേരും,
ദീപമാല, ഏഴിലമ്പാല, കതിര്‍ക്കുല, കിരണങ്ങള്‍ എന്നിവയാണ് പ്രബന്ധസമാഹാരങ്ങള്‍. കെ.എന്‍.
എഴുത്തച്ഛന്റെ തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ രണ്ടു ഭാഗമായി കേരള സാഹിത്യ അക്കാദമി
പ്രസിദ്ധപെ്പടുത്തിയിട്ടുണ്ട്. മൗലികമായ ചിന്ത, യുക്തി, ലാളിത്യം എന്നിവയാണ് എഴുത്തച്ഛന്റെ
ലേഖനങ്ങളുടെ സവിശേഷത. ഏറ്റവും കൂടുതല്‍ കാര്യങ്ങള്‍, ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍
ഏറ്റവും സ്പഷ്ടമായി ആവിഷ്‌കരിക്കുന്നതിന്, ഏറ്റവും നല്‌ള തെളിവുകളാണ് ആ പ്രബന്ധങ്ങള്‍.

കൃതികള്‍
    സമീക്ഷ
    മുത്തും പവിഴവും

ചെറുകഥകള്‍
    കഥാമാലിക
    കവിതകള്‍

ഉപന്യാസങ്ങള്‍
    ഇലയും വേരും
    കതിര്‍ക്കുല
    ഉഴുത നിലങ്ങള്‍
    ഏഴിലം പാല
    കിരണങ്ങള്‍
    ദീപമാല