ചരിത്രപണ്ഡിതനും സാംസ്‌കാരിക വിമര്‍ശകനും ഗ്രന്ഥകാരനുമാണ് ഡോ. എം. ഗംഗാധരന്‍. പി.കെ. നാരായണന്‍ നായരുടേയും മുറ്റയില്‍ പാറുകുട്ടിയമ്മയുടേയും മകനായി മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ 1933 ല്‍ ജനനം. 1954 ല്‍ മദ്രാസ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ ബി.എ (ഓണേഴ്‌സ്) നേടി. മദിരാശിയില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓഡിറ്ററായിരുന്നു. പിന്നീട് ചരിത്രാദ്ധ്യാപകനായി. 1986 ല്‍ മലബാര്‍ കലാപത്തെക്കുറിച്ചുള്ള പ്രബന്ധത്തിനു കലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി.നേടി. ആറുവര്‍ഷക്കാലം സര്‍വകലാശാലകളില്‍ വിസിറ്റിംഗ് പ്രൊഫസറായിരുന്നു. 1970 മുതല്‍ 75 വരെ തവനൂര്‍ റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി. 1975 മുതല്‍ 88 വരെ കോഴിക്കോട് ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ അദ്ധ്യാപകനായിരുന്നു. ആനുകാലികങ്ങളില്‍ ചരിത്രം, സംസ്‌കാരം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് എഴുതി. ഇപ്പോള്‍ പരപ്പനങ്ങാടിയിലെ 'കൈലാസ'ത്തില്‍ താമസം. ചരിത്രപണ്ഡിതനായ എം.ജി.എസ്. നാരായണന്‍ ഗംഗാധരന്റെ സഹോദരിയുടെ മകനാണ്. ഭാര്യ: യമുനാദേവി. മക്കള്‍:നാരായണന്‍, നളിനി.

ഗ്രന്ഥങ്ങള്‍
    അന്വേഷണം,ആസ്വാദനം.
    നിരൂപണം പുതിയ മുഖം
    മലബാര്‍ റബല്ല്യന്‍192122 (ഇംഗ്ലീഷ്)
    ദ ലാന്റ് ഓഫ് മലബാര്‍
    മാപ്പിള പഠനങ്ങള്‍
    വസന്തത്തിന്റെ മുറിവ് (വിവര്‍ത്തനം)1999

പുരസ്‌കാരങ്ങള്‍
    വസന്തത്തിന്റെ മുറിവ് എന്ന ഗ്രന്ഥത്തിന് വിവര്‍ത്തനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം.