കേശവപിള്ള. കെ.സി.
പ്രാസവാദത്തില്‍ ഏ.ആര്. തമ്പുരാന്റെ വലംകൈ എന്നു വിശേഷിപ്പിക്കപെ്പട്ടിട്ടുള്ള കെ.സി.
കേശവപിള്ള 1868 ഫെബ്രുവരി 4-ാം (കൊ.വ. 1043 മകരം 22 രോഹിണി) തീയതി കൊല്ളത്തിനടുത്ത്
പരവൂരില്‍ കോതേത്തു വീട്ടില്‍ ജനിച്ചു. അച്ഛന് വലിയ വെളിച്ചത്തു വീട്ടില്‍ രാമന്‍പിള്ള. അമ്മ
ലക്ഷ്മിയമ്മ. ലക്ഷ്മിയമ്മയുടെ കുടുംബത്തിലെ കാരണവന്മാര്ക്ക് തിരുവിതാംകൂര്‍ മഹാരാജാവ്
നല്കിയ ബിരുദമാണ് കണക്കു ചെമ്പകരാമന്‍. കണക്കു ചെമ്പകരാമന്‍ ആണ് കെ.സി. ആയത്.
പരവൂര്‍ മലയാളം സ്കൂളിലായിരുന്നു കേശവപിള്ളയുടെ പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് പരവൂര്‍
കേശവന് ആശാന്റെ കീഴില്‍ സംസ്കൃതപഠനം നടത്തി. കാവ്യനാടകാലങ്കാരങ്ങളില്‍ വ്യുല്പത്തി
നേടി. എണ്ണയ്ക്കാട്ടു രാജരാജവര്‍മ്മയുടെ കീഴില്‍ വ്യാകരണം പഠിച്ചു. ഇംഗ്ളീഷില്‍ ചില
സുഹൃത്തുക്കളുടെ സഹായത്തോടെ സാമാന്യം നല്ള വൈദഗ്ദ്ധ്യം നേടി. തിരുവനന്തപുരത്ത്
എത്തുംമുന്‍പ് ഒരു വൈദ്യവിദ്യാലയത്തില് സംസ്കൃതാധ്യാപകനായി ജോലിനോക്കിയിട്ടുണ്ട്.
1897ല്‍ കൊല്ളത്ത് ഒരു മലയാളം സ്കൂളിലും, 1901ല്‍ ഇംഗ്ളീഷ് ഹൈസ്കൂളിലെ
സംസ്കൃതാദ്ധ്യാപകനായും ജോലി ചെയ്തിരുന്നു. 1902ല്‍ ശ്രീമൂലം തിരുനാളിന്റെ മകന്
വേലായുധന് തമ്പിയുടെ അധ്യാപകനായിട്ടാണ് തിരുവനന്തപുരത്ത് എത്തുന്നത്. പിന്നീട്
ജീവിതാന്ത്യം വരെ തിരുവനന്തപുരത്തെ സഹൃദയലോകത്തില്‍ ശ്രദ്ധേയനായി കെ.സി. ജീവിച്ചു.
1890ല്‍ കല്യാണിഅമ്മ എന്ന സ്ത്രീയെ അദ്ദേഹം വിവാഹം ചെയ്തു എങ്കിലും രണ്ടു വര്‍ഷം
കഴിഞ്ഞപേ്പാള്‍ ആ സ്ത്രീ മരിച്ചു. 1894ല്‍ അച്ഛന്റെ അനന്തരവള്‍ നാണിക്കുട്ടി അമ്മയെ കെ.സി.
വിവാഹം ചെയ്തു. 1913 സെപ്തംബര്‍ 4 (കൊ.വ. 1089 ചിങ്ങം 20) ന് കേശവപിള്ള മരിച്ചു.
പന്ത്രണ്ടു വയസ്സായപേ്പാഴേയ്ക്കും കഥകളിഭ്രമം മൂത്ത കേശവപിള്ള പ്രഹ്ളാദചരിതം എന്നൊരു
ആട്ടക്കഥ എഴുതി. ഒരു ബാല്യകാലചാപല്യം എന്നേ ഇന്ന് അതിനെപ്പറ്റി പറയേണ്ടു. സംഗീതത്തിലും,
സാഹിത്യത്തിലും വാസനയും വൈദഗ്ദ്ധ്യവും ഉണ്ടായിരുന്ന കെ.സി.ക്ക്, ആട്ടക്കഥ ഹൃദ്യമായ
സാഹിത്യരൂപം ആയിരുന്നു. പില്ക്കാലത്ത്, തരക്കേടില്ളാത്ത മൂന്ന് ആട്ടക്കഥകള്‍ അദ്ദേഹം എഴുതി
– ഹിരണ്യാസുരവധം, ശൂരപത്മാസുരവധം, ശ്രീകൃഷ്ണവിജയം. വഞ്ചിപ്പാട്ടും, അമ്മാനപ്പാട്ടും,
കമ്പടിക്കളിപ്പാട്ടും അദ്ദേഹം രചിച്ചു – വൃകാസുരവധം, പാര്‍വ്വതീസ്വയംവരം, രുക്മിണീസ്വയംവരം.
അജാമിളകഥ അദ്ദേഹം കിളിപ്പാട്ടായിട്ടെഴുതി. മങ്ഗല്യധാരണം തുള്ളല്‍പ്പാട്ടാണ്.
വിക്രമോര്‍വ്വശീയം, സദാരാമ, രാഘവമാധവം, ലക്ഷ്മീകല്യാണം എന്നിവ, സംഗീതനാടകങ്ങളാണ്.
സംഗീതപ്രവേശിക, സംഗീതമാലിക എന്ന് രണ്ട് കൃതികള്‍ കര്ണാടകസംഗീതരീതി അനുസരിച്ചുള്ള
കീര്ത്തനസമാഹാരങ്ങളാണ്. അവയില്‍ പലതും അദ്ദേഹം സ്വയം രചിച്ച് ചിട്ടപെ്പടുത്തിയവയത്രെ.
ചിലത് പ്രശസ്തങ്ങളായ പഴയ കീര്‍ത്തനങ്ങള്‍ ചിട്ടപെ്പടുത്തിയവ. സംഗീതശാസ്ത്രത്തില്‍
അദ്ദേഹത്തിനുണ്ടായിരുന്ന അവഗാഹവും, പ്രായോഗികവൈദഗ്ദ്ധ്യവും മൂലം അദ്ദേഹത്തെ
സരസഗായകകവിമണി എന്നു വിളിക്കാറുണ്ട്.
ഏ.ആര്. വൃത്തമഞ്ജരി രചിക്കുമ്പോള്‍, പലപേ്പാഴും കെ.സി.യുടെ ഉപദേശം തേടിയിട്ടുണ്ടത്രെ. മേല്പത്തൂരിന്റെ നാരായണീയത്തിന് കെ.സി. പരിഭാഷ എഴുതി- ഭാഷാനാരായണീയം. ആസന്നമരണ ചിന്താശതകം ആണ് പ്രഖ്യാതമായ കൃതികളില്‍ ഒന്ന്. പ്രാസവാദത്തില്‍ അദ്ദേഹം സജീവമായി പങ്കെടുത്ത്, പ്രൗഢമായ ആറേഴു ലേഖനങ്ങള്‍ ഭാഷാപോഷിണിയില്‍ പ്രസിദ്ധപെ്പടുത്തിയിരുന്നു. ആ ലേഖനങ്ങളില്‍,സാഹിത്യരചനയെപ്പറ്റി അദ്ദേഹം ഉയര്‍ത്തിക്കാട്ടിയ സിദ്ധാന്തങ്ങള്‍ ഭദ്രങ്ങളായിരുന്നു എന്ന് മലയാള സാഹിത്യത്തിന്റെ പിന്നീടുള്ള വളര്‍ച്ച വ്യക്തമാക്കുന്നു. പ്രാസവാദപശ്ചാത്തലത്തില് അദ്ദേഹം കേശവീയം എന്നമഹാകാവ്യവും എഴുതി. നമ്മുടെ മഹാകാവ്യങ്ങളുടെ കൂട്ടത്തില്‍ കേശവീയത്തിനുള്ള സ്ഥാനം
വളരെ ഉയര്‍ന്നതാണ്. ഏ.ആര്. തിരുമേനിയുടെ ആങ്ഗല സാമ്രാജ്യം, കെ.സി. മലയാളത്തിലേയ്ക്ക്
വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കവിസമാജം നടത്തിയ പല സാഹിത്യമത്സരങ്ങളിലും അദ്ദേഹം
സമ്മാനം നേടിയിട്ടുണ്ട്.
കൃതികള്‍: ഹിരണ്യാസുരവധം, ശൂരപത്മാസുരവധം, ശ്രീകൃഷ്ണവിജയം (ആട്ടക്കഥ), വിക്രമോര്‍വ്വശീയം, സദാരാമ, രാഘവമാധവം, ലക്ഷ്മീകല്യാണം (സംഗീതനാടകങ്ങള്‍), ഭാഷാനാരായണീയം. ആസന്നമരണ ചിന്താശതകം, കേശവീയം (മഹാകാവ്യം)
Leave a Reply