പ്രമുഖ നോവലിസ്റ്റും ചരിത്രഗവേഷകനുമായിരുന്നു പോഞ്ഞിക്കര റാഫി. കേരള സാഹിത്യ അക്കാദമി അവാര്‍ഡു ലഭിച്ചിട്ടുണ്ട്. പോഞ്ഞിക്കര നെടുപത്തേഴത്ത് ജോസഫിന്റെയും അന്നമ്മയുടെയും പത്തു മക്കളില്‍ ഏഴാമനായി 1924ലെ ഓശാനാ നാളില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഉടന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു. അതിനാല്‍ ഉന്നത വിദ്യാഭ്യാസം കിട്ടിയില്ല. പതിനേഴാം വയസില്‍ കൊച്ചിന്‍ ഹാര്‍ബര്‍ വര്‍ക്ക്‌ഷോപ്പില്‍ ജോലി. അടുത്ത വര്‍ഷം തന്നെ അവിടെ ട്രേഡ് യൂണിയന്‍ സംഘടിപ്പിച്ചതിന്റെ പേരില്‍ പിരിച്ചുവിടപ്പെട്ടു. 1943ല്‍ 'ജാപ് വിരോധ സംഘ'ത്തിലൂടെ റാഫി കമ്മ്യൂണിസ്റ്റ് അനുഭാവിയായി.
കോണ്‍ഗ്രസിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് രാഷ്ട്രീയമുപേക്ഷിച്ചു. ഡെമോക്രാറ്റ്, സുപ്രഭ തുടങ്ങിയ വാരികകളില്‍ സഹപത്രാധിപര്‍. നാഷനല്‍ ബുക്സ്റ്റാളിലും ജോലി ചെയ്തു. എട്ടു വര്‍ഷം സമസ്തകേരള സാഹിത്യപരിഷത്തിന്റെ സെക്രട്ടറി. പ്രസിദ്ധ സാഹിത്യകാരിയും ചവിട്ടുനാടകത്തിന്റെ ആധികാരിക വക്താവുമായിരുന്ന സെബീന റാഫിയാണ് ഭാര്യ. പതിനഞ്ചാം വയസ്സില്‍ ആദ്യമായി എഴുതിയ 'ആന്റണിയുടെ വാഗ്ദാനം' എന്ന കഥ റാഫേല്‍ ജെ നെടുവത്തേഴത്ത് പോഞ്ഞിക്കര എന്ന പേരില്‍ 'സത്യനാദം' പത്രത്തില്‍ അച്ചടിച്ചുവന്നു. ദീപം ഡെയ്‌ലി, സുപ്രഭ വീക്കിലി, ഉദയം വീക്കിലി, ഡെമോക്രാറ്റ് വീക്കിലി, ദീനബന്ധു ഡെയ്‌ലി എന്നിവയുടെ പത്രാധിപരായി കൂറെ നാള്‍ ജോലി നോക്കി. സി.എം സ്റ്റീഫന്‍ എം.ഡിയായിരുന്ന 'സോഷ്യലിസ്റ്റ് ലേബറി'ന്റെ പത്രാധിപരായിരുന്നു. കൂടപ്പിറപ്പ്, മിന്നാമിനുങ്ങ് എന്നീ സിനിമകള്‍ക്ക് തിരക്കഥയെഴുതി. സെബീന റാഫിയുമൊന്നിച്ച് രചിച്ച കലിയുഗത്തിന് 1971ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 1958ല്‍ പ്രസിദ്ധപ്പെടുത്തിയ സ്വര്‍ഗദൂതന്‍ മലയാളത്തിലെ ആദ്യത്തെ ബോധധാരാ നോവലാണ്. സബീനയോടൊപ്പം ചേര്‍ന്ന് ശുക്രദശയുടെ ചരിത്രം എന്ന ഗ്രന്ഥവും രചിച്ചു. 1956 ല്‍ പുറത്തിറങ്ങിയ കൂടപ്പിറപ്പ് എന്ന ചലച്ചിത്രത്തിന് തിരക്കഥയും സംഭാഷണവും രചിച്ചു.

കൃതികള്‍

    കലിയുഗം (സെബീന റാഫിയുമൊന്നിച്ച്)
    ഓരാ പ്രൊനോബീസ്
    പാപികള്‍
    ശുക്രദശയുടെ ചരിത്രം (സെബീന റാഫിയുമൊന്നിച്ച്)
    ഇന്ത്യന്‍ സംസ്‌കാരം
    സ്വര്‍ഗദൂതന്‍
    ശുക്രനീതി
    ചരിത്രമാനങ്ങള്‍
    അച്ഛന്റെ അന്തകന്‍
    അനുയാത്രകള്‍ കണ്ടെത്തലുകള്‍
    അലതല്ലുന്ന പുഴ
    ആനിയുടെ ചേച്ചി
    ഒഴിവുകാലം
    കറുത്ത ബ്ലൗസ്
    കാനായിലെ കല്യാണം
    കൊച്ചുറോസി
    ഖദര്‍ ജുബ്ബ
    പാപികള്‍
    ഫുട്ട്‌റൂള്‍
    ഭാവി
    മെഴുകുതിരി
    വിഷം ചീറ്റിയ സ്ത്രീ

പുരസ്‌കാരങ്ങള്‍

    കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1971)