വള്ളുവനാടു താലൂക്കില്‍ വെള്ളിനേഴിയില്‍ 1894 ഏപ്രില്‍ 30 ന് (കൊ.വ. 1069 മേടം 19 ചതയം) ജനിച്ചു. അച്ഛന്‍ പൊട്ടത്തില്‍ അച്യുതമേനോന്‍, അമ്മ ചേലനാട്ട് മാധവിയമ്മ.
നാട്ടെഴുത്തച്ഛന്റെ കീഴില്‍ അക്ഷരാഭ്യാസം. പിന്നീട് നാട്ടിലെ പ്രൈമറി സ്‌ക്കൂളില്‍ പഠിച്ചു. ഒരു വര്‍ഷം സാമൂതിരി കോളേജ് സ്‌ക്കൂളിലും, പിന്നീട് ഒറ്റപ്പാലം ഹൈസ്‌ക്കൂളിലും പഠിച്ച് സ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സാമൂതിരി കോളേജില്‍ നിന്നു ഇന്റര്‍മീഡിയറ്റും, തിരുവനന്തപുരത്തു നിന്നും 1917 ല്‍ ബിരുദവും നേടി. തിരുവനന്തപുരത്ത് ഏ.ആറിന്‍േറയും, ആറ്റൂരിന്‍േറയും ശിഷ്യന്‍ ആയിരുന്നു. ഹൈസ്‌ക്കൂള്‍ പഠനകാലം മുതല്‍ ലേഖനങ്ങളും കവിതകളും എഴുതി വന്നു. ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് തപാല്‍ വകുപ്പില്‍ ഉദ്യോഗസ്ഥനായിട്ടാണ്. രണ്ടു കൊല്‌ളം തപാല്‍ വകുപ്പില്‍ ഗുമസ്തനായിരുന്നശേഷം, ജോലി മദിരാശി ഡി.പി.ഐ ഓഫീസിലേയ്ക്കു മാറി. 1921 ല്‍ മദിരാശി ക്വീന്‍ മേരിസ് കോളേജില്‍ മലയാളം അദ്ധ്യാപകന്‍.
1919 ല്‍ കോഴിപ്പുറത്തുനാരായണിക്കുട്ടി അമ്മയെ വിവാഹംചെയ്തു. മദിരാശി സര്‍വ്വകലാശാല ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയുട്ട് തുടങ്ങിയപേ്പാള്‍ അതില്‍ മലയാളവിഭാഗം തലവനായി. മദിരാശി സര്‍വ്വകലാശാലയില്‍ മലയാളവകുപ്പധ്യക്ഷനായി ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചു. 1938 ല്‍ ലണ്ടനിലേയ്ക്കു പോയി. അവിടെ ഡോ. ബാര്‍ണറ്റിന്റെ കീഴില്‍ എഴുത്തച്ഛനെപ്പറ്റി ഗവേഷണപ്രബന്ധം തയ്യാറാക്കി, ഡോക്ടറേറ്റ് നേടി. മലയാളത്തിന് ഒരു വിദേശ സര്‍വ്വകലാശാലയില്‍ നിന്നു കിട്ടുന്ന ആദ്യ ഡോക്ടറേറ്റ് മേനോന്‍േറത് ആയിരുന്നു. 1952 ഫെബ്രുവരി 6 ന് (കൊ.വ. 1127 മകരം 24) മരിച്ചു.
കവിത, നാടകം, നോവല്‍, ഉപന്യാസങ്ങള്‍, സാഹിത്യചരിത്രം തുടങ്ങി പല വിഭാഗങ്ങളില്‍പെടുന്നു അച്യുതമേനോന്റെ സാഹിത്യസംഭാവനകള്‍. പുത്തരിയങ്കം, മിന്നലൊളി എന്നിങ്ങനെ രണ്ടു കവിതാ സമാഹാരങ്ങള്‍. വള്ളത്തോള്‍ കളരിക്ക് അവകാശപെ്പടാവുന്ന പ്രസന്നതയും ശയ്യാഗുണവും ഈ രചനകള്‍ക്കു കിട്ടിയിട്ടുണ്ട്. പഴയ കേരളീയാചാരങ്ങളും, കേരളചരിത്രവും അച്യുതമേനോന് ലഹരി ആയിരുന്നു. കേ്ഷത്രകലകളില്‍ താല്പര്യവും അവഗാഹവും ഈ വെള്ളിനേഴിക്കാരന് ഉണ്ടായിരുന്നു; പുരാണേതിഹാസങ്ങളോടുള്ള ആദരവും. വിചാരവീചി, പൂങ്കാവ് എന്നീ ഉപന്യാസ സമാഹാരങ്ങളിലെ ലേഖനങ്ങള്‍ ഈ മനോഭാവത്തിന്റെ സൃഷ്ടികളാണ്. സാരള്യം, സുവ്യക്തത എന്നീ ഗുണങ്ങള്‍ ആ പ്രബന്ധങ്ങളുടെ മുഖമുദ്രകളാണ്. മണ്ഡനപരമായ വിലയിരുത്തലിലായിരുന്നു ഉല്‌ളാസശീലനായ അദ്ദേഹത്തിന് താല്പര്യം. പ്രാചീന കേരളീയ സംസ്‌കാരത്തിനു നേര്‍ക്ക് അദ്ദേഹം പ്രകടിപ്പിച്ചിരുന്ന ഭക്ത്യാദരങ്ങളുടെ തെളിവാണ് 'കേരളത്തിലെ കാളിസേവ’ എന്ന പ്രൗഢഗവേഷണ പ്രബന്ധം. 'എഴുത്തച്ഛനും അദ്ദേഹത്തിന്റെ കാലവും’ എന്ന ശീര്‍ഷകത്തില്‍ ഇംഗ്‌ളീഷില്‍ എഴുതിയ ഗവേഷണ പ്രബന്ധം അദ്ദേഹത്തിന്റെ ഇംഗ്‌ളീഷ് ഭാഷാസ്വാധീനത്തിന്റെ തെളിവു കൂടിയാണ്. കുമാരന്‍, കോമന്‍നായര്‍ എന്നീ നോവലുകള്‍ ശരാശരി രചനകള്‍ മാത്രമാണ്. ഇന്ദ്രജാലം, മണിമാല എന്നീ സമാഹാരങ്ങളിലെ കഥകള്‍ രസകരമായി കഥ പറയുന്ന പഴയ തലമുറയിലെ കഥകളുടെ കൂട്ടത്തില്‍പെടുന്നു. അന്നും ഇന്നും, തച്ചോളിച്ചന്തു, ബില്‌ളുകൊണ്ടുള്ള തല്‌ള്, വീരവിലാസം, വീരാങ്കണം, പുഞ്ചിരി എന്നിവ അദ്ദേഹം എഴുതിയ നാടകങ്ങളാണ്. അവസാനത്തെ രണ്ടെണ്ണം ഏകാങ്കസമാഹാരങ്ങള്‍ ആകുന്നു. പലതിലേയും പ്രമേയം വടക്കന്‍ പാട്ടുകളിലെ കഥാപാത്രങ്ങളുടെ ജീവിതം തന്നെ. പുരാണകഥകളില്‍ ചിലത് കുട്ടികള്‍ക്കായി മേനോന്‍ പുനരാഖ്യാനം ചെയ്തിട്ടുണ്ട്. അതാണ് പുരാണമഞ്ജരിയും. ശ്രീകൃഷ്ണനും. കുഞ്ചന്‍നമ്പ്യാരുടെ കാലംവരെ ഉള്ള മലയാളസാഹിത്യത്തിന്റെ കഥയാണ് പ്രദക്ഷിണം.


കൃതികള്‍: പുത്തരിയങ്കം, മിന്നലൊളി (കവിതാസമാഹാരങ്ങള്‍).വിചാരവീചി, പൂങ്കാവ് (ഉപന്യാസ സമാഹാരങ്ങങ്ങള്‍), 'കേരളത്തിലെ കാളിസേവ’,'എഴുത്തച്ഛനും അദ്ദേഹത്തിന്റെ കാലവും’.