ചെമ്മനം ചാക്കോ
കവിയും സാമൂഹ്യ പ്രവര്‍ത്തകനുമാണ് ചെമ്മനം ചാക്കോ (ജനനം. മാര്‍ച്ച് 7, 1926 മുളക്കുളം, കോട്ടയം). കുറിക്കുകൊള്ളുന്ന ആക്ഷേപഹാസ്യ കവിതകളിലൂടെ ശ്രദ്ധേയനായി. കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ മുളക്കുളം എന്ന ഗ്രാമത്തിലാണ് ചാക്കോ ജനിച്ചത്. കുടുംബ പേരാണ് ചെമ്മനം. പിതാവ് യോഹന്നാന്‍ കത്തനാര്‍ വൈദികനായിരുന്നു. പിറവം സെന്റ് ജോസഫ്‌സ് ഹൈസ്‌ക്കൂള്‍, ആലുവ യു.സി. കോളജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളില്‍ പഠിച്ച് മലയാള സാഹിത്യത്തിലും ഭാഷയിലും റാങ്കോടെ ഓണേഴ്‌സ് ബിരുദം നേടി. പിറവം സെന്റ്. ജോസഫ്‌സ് ഹൈസ്‌കൂള്‍, പാളയംകോട്ട സെന്റ് ജോണ്‍സ് കോളേജ്, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്, കേരള സര്‍വകലാശാല മലയാളം വകുപ്പ് എന്നിവിടങ്ങളില്‍ അദ്ധ്യാപകവൃത്തി. 1968 മുതല്‍ 86 വരെ കേരളസര്‍വകലാശാലയില്‍ പുസ്തക പ്രസിദ്ധീകരണ വകുപ്പിന്റെ ഡയറക്ടര്‍.
നാല്‍പതുകളുടെ തുടക്കത്തില്‍ സാഹിത്യ പ്രവര്‍ത്തനം ആരംഭിച്ചു. 1946 ല്‍ ചക്രവാളം മാസികയില്‍ ‘പ്രവചനം ‘എന്ന കവിത ആദ്യമായി പ്രസിദ്ധീകരിച്ചു. വിളംബരം എന്ന കവിതാസമാഹാരം 1947 ല്‍ പ്രസിദ്ധീകരിച്ചു. 1965 ല്‍ പ്രസിദ്ധീകരിച്ച ‘ഉള്‍പ്പാര്‍ട്ടി യുദ്ധം’ എന്ന കവിതയിലുടെ വിമര്‍ശഹാസ്യം (Satire ) ആണ് തന്റെ തട്ടകം എന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്നുള്ള നാല്‍പ്പതില്‍പ്പരം വര്‍ഷങ്ങളില്‍ മലയാളകവിതയില്‍ സ്വന്തം ഹാസ്യസാഹിത്യ സാമ്രാജ്യം പടുത്തുയര്‍ത്തി. 1967ല്‍ കനകാക്ഷരങ്ങള്‍ എന്ന വിമര്‍ശകവിതാ സമാഹാരം പ്രസിദ്ധീകരിച്ചതോടെ പ്രസിദ്ധനായി. തനിക്കു ചുറ്റും നടക്കുന്ന സംഭവങ്ങളെ നേരിട്ടും ആക്ഷേപ ഹാസ്യ ബിംബങ്ങളിലൂടെയും വിമര്‍ശിക്കുന്ന ശൈലിയാണ് ചെമ്മനത്തിന്റേത്. കാവ്യഭംഗിയേക്കാളേറെ വിഷയത്തിന്റെ കാലിക പ്രസക്തിയാണ് അദ്ദേഹത്തിന്റെ കൃതികളെ ശ്രദ്ധേയമാക്കുന്നത്.
കുഞ്ചന്‍ നമ്പ്യാര്‍ കഴിഞ്ഞാല്‍, മലയാള ഹാസ്യകവിതയില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയിട്ടുള്ളത് ചെമ്മനമാണ്.വിമര്‍ശസാഹിത്യത്തിലൂടെ ചെമ്മനം ഒട്ടേറെ വിവാദങ്ങളും വിളിച്ചുവരുത്തിയിട്ടുണ്ട്. പത്രലോകത്തെ തെറ്റുകുറ്റങ്ങള്‍ വിമര്‍ശന വിധേയമാക്കിയതിനെത്തുടര്‍ന്ന് ഏറ്റവും പ്രചാരമേറിയ മാധ്യമമായ മലയാള മനോരമ പ്രസിദ്ധീകരണങ്ങള്‍ ഏറെക്കാലം ചെമ്മനത്തിന്റെ കൃതികള്‍ തമസ്‌കരിച്ചിരുന്നു. ഇവര്‍ പിന്നീട് യോജിപ്പിലെത്തി. കേരള സാഹിത്യ അക്കാദമി, ആതേര്‍സ് ഗില്‍ഡ് ഓഫ് ഇന്ത്യ, സമസ്ത കേരള സാഹിത്യ പരിഷത്ത്, മലയാളം ഫിലിം സെന്‍സര്‍ ബോര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക ബോര്‍ഡ് തുടങ്ങിയവയില്‍ നിര്‍വാഹക സമിതി അംഗം ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. മരണം 2018 ഓഗസ്റ്റ് 14.
വലിയ ചലനമുണ്ടാക്കിയ കവിതയാണ് ‘ആളില്ലാക്കസേരകള്‍’. സര്‍ക്കാര്‍ ഓഫീസുകളുടെ ദുരവസ്ഥയും ജീവനക്കാരുടെ ഉത്തരവാദിത്വമില്ലായ്മയും ഓഫീസുകളില്‍ ഓരോരോ കാര്യങ്ങള്‍ക്കായി എത്തുന്ന സാധാരണ ജനങ്ങളുടെ നിസ്സഹായതയുമായിരുന്നു വിഷയം. ഭാര്യ സര്‍വീസില്‍നിന്ന് വിരമിച്ചശേഷം പ്രോവിഡന്റ് ഫണ്ടിന് ഏജീസ് ഓഫീസ് കയറിയിറങ്ങേണ്ടി വന്നപ്പോഴാണ് ഈ കവിത എഴുതിയത്. മുപ്പത് തവണയാണ് അദ്ദേഹം ഏജീസ് ഓഫീസിന്റെ പടി കയറിയിറങ്ങിയത്. സര്‍ക്കാര്‍ ഓഫീസുകളില്‍ ആള്‍ക്കാര്‍ ചെല്ലുമ്പോള്‍ കിട്ടുന്ന അനുഭവം തന്നെയാണ് ഓരോ തവണയും അദ്ദേഹത്തിനും കിട്ടിയത്. ശാരീരികവും മാനസികവുമായി തളര്‍ന്ന അദ്ദേഹം ഓഫീസിന്റെ ഇടനാഴിയിലെ സ്റ്റൂളില്‍ ഇരുന്ന് എഴുതിയത് ഇങ്ങനെ:
‘കൈയിലെ കാശും കൊടുത്തീവിധം
തേരാപ്പാരാ വയ്യെനിക്കെജീസ്
ഓഫീസ് കയറുവാന്‍ ഭഗവാനേ…’
ഇത് ശ്രദ്ധയില്‍ പെട്ട അന്നത്തെ അക്കൗണ്ടന്റ് ജനറല്‍ ജയിംസ് ജോസഫ് കീഴുദ്യോഗസ്ഥര്‍ക്കായി ഒരു സര്‍ക്കുലര്‍ തയ്യാറാക്കി അയച്ചു. അതിന്റെ മറുപുറത്ത് ആളില്ലാക്കസേരകള്‍ എന്ന കവിതയും അച്ചടിച്ചിട്ടുണ്ടായിരുന്നു. ജീവനക്കാരുടെ ഹാജര്‍ കര്‍ശനമാക്കിയായിരുന്നു സര്‍ക്കുലര്‍. അപേക്ഷകള്‍ കൃത്യസമയത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്നും അദ്ദേഹം ഉത്തരവിട്ടു.
കൃതികള്‍
കവിതാഗ്രന്ഥങ്ങള്‍
വിളംബരം (1947)
കനകാക്ഷരങ്ങള്‍ (1968)
നെല്ല് (1968)കര്‍റ്റൂന്‍ കവിത
ഇന്ന് (1969)
പുത്തരി (1970)
അസ്ത്രം (1971)
ആഗ്‌നേയാസ്ത്രം (1972)
ദുഃഖത്തിന്റെ ചിരി (1973)
ആവനാഴി (1974)
ജൈത്രയാത്ര (1975)
രാജപാത (1976)
ദാഹജലം (1981)
ഭൂമികുലുക്കം (1983)
അമ്പും വില്ലും (1986)
രാജാവിന് വസ്ത്രമില്ല (1989)
ആളില്ലാക്കസ്സേരകള്‍ (1991)
ചിന്തേര് (1995)
നര്‍മസങ്കടം ബഹുമതികളും മറ്റും(1997)
ഒന്ന് ഒന്ന് രണ്ടായിരം (2000)
ഒറ്റയാള്‍ പട്ടാളം (2003)
ഒറ്റയാന്റെ ചൂണ്ടുവിരല്‍ (2007)
അക്ഷരപ്പോരാട്ടം (2009)
ബാലസാഹിത്യം കവിതകള്‍
ചക്കരമാമ്പഴം (1964)
രാത്രിവിളക്കുകള്‍ (1999)
നെറ്റിപ്പട്ടം (2008)
ബാലസാഹിത്യം കഥകള്‍
ഇന്ത്യന്‍ കഴുത (2007)
വര്‍ഗീസ് ആന (2008)
വിമര്‍ശഹാസ്യ ലേഖനങ്ങള്‍
കിഞ്ചനവര്‍ത്തമാനം (1993)
കാണാമാണിക്യം (2006)
ചിരിമധുരം (2007)
ചിരിമധുരതരം (2008)
ചിരിമധുരതമം (2010)
അനുസ്മരണ ലേഖനം
പുളിയും മധുരവും (2002)
ലേഖനസമാഹാരങ്ങള്‍
ഭാഷാതിലകം(1957)
അറിവിന്റെ കനികള്‍ (1963)
വള്ളത്തോള്‍ കവിയും വ്യക്തിയും
ചെറുകഥാസമാഹാരം
തോമസ് 28 വയസ്സ് (2009)
തര്‍ജ്ജമ
കുടുംബസംവിധാനം (1959)
തിരഞ്ഞെടുത്ത കവിതകളുടെ സമാഹാരങ്ങള്‍
ചെമ്മനം കവിതകള്‍ (1978)
വര്‍ഷമേഘം (1983)
അക്ഷരശിക്ഷ (1999)
പത്രങ്ങളെ നിങ്ങള്‍! (1999)
ചെമ്മനം കവിത സമ്പൂര്‍ണം (2001)
ചിരിക്കാം ചിന്തിക്കാം (2008)
ഇരുട്ട്‌കൊട്ടാരം (2010)
പുരസ്‌കാരങ്ങള്‍
കേരള സാഹിത്യ അക്കാദമിയില്‍ നിന്നും കവിതാഅവാര്‍ഡ് (രാജപാത 1977 )
ഹാസ്യസാഹിത്യ അവാര്‍ഡ് (കിഞ്ചന വര്‍ത്തമാനം 1995)
സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌ക്കാരം (2006)
മഹാകവി ഉള്ളൂര്‍ കവിതാ അവാര്‍ഡ് (2003)
സഞ്ജയന്‍ അവാര്‍ഡ് (2004)
പി. സ്മാരക പുരസ്‌ക്കാരം (2004)
പണ്ഡിറ്റ് കെ. പി. കറുപ്പന്‍ അവാര്‍ഡ് (2004)
മുലൂര്‍ അവാര്‍ഡ് (1993)
കുട്ടമത്ത് അവാര്‍ഡ് (1992)
സഹോദരന്‍ അയ്യപ്പന്‍ അവാര്‍ഡ് (1993)
എ.ഡി. ഹരിശര്‍മ അവാര്‍ഡ് (1978)
കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക പുരസ്‌കാരം (2012)
.
Leave a Reply