ചാക്കോ. പി.ടി.
ദൈവ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്നു പ്രൊഫ. പി.ടി. ചാക്കോ (ജനനം 28 ജൂണ്‍ 1923 മരണം 04 ജൂലൈ 2013). കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനക്കുള്ള പുരസ്കാരം നല്കി ആദരിച്ചു. ആത്മീയതയെയും തത്ത്വചിന്തയെയും സമന്വയിപ്പിച്ചുള്ള രചനാ ശൈലിയുടെ ഉടമ.
ഇടുക്കി ജില്ലയിലെ തൊടുപുഴ കാളിയാറില്‍ തെന്നത്തൂര്‍ കല്ലറയ്ക്കല്‍ കുര്യാക്കോസിന്റെയും മറിയത്തിന്റെയും മകന്. ചങ്ങനാശേരി എസ്ബി കോളേജില്‍ നിന്ന് ഇന്റര്‍മീഡിയറ്റ്, തൃശ്ശിനാപ്പിള്ളി സെന്റ് ജോസഫ് കോളേജില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിഎ ഓണേഴ്സ്, ഭഗല്‍പുര്‍ സര്‍വകലാശാലയില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ഒന്നാം റാങ്കോടെ എംഎ, ബെല്‍ജിയം ലുവൈന്‍ സര്‍വകലാശാലയില്‍നിന്ന് ബി.ഫില്‍, എല്‍എസ്എസ്പി ബിരുദങ്ങള്‍. ബെല്‍ജിയത്തിലെ ലുവൈന്‍ സര്‍വകലാശാലയില്‍ നിന്ന് തത്ത്വശാസ്ത്രത്തിലും പിന്നീട് ദൈവശാസ്ത്രത്തിലും ഉന്നതബിരുദങ്ങള്‍. 1956ല്‍ ലുവൈനില്‍ പഠിക്കുമ്പോള്‍ വാഹനാപകടത്തില്‍ ഒരു കാല് നഷ്ടപ്പെട്ടു. പാരീസിലെ കത്തോലിക്കാ സര്‍വകലാശാലയില്‍ നിന്ന് ദൈവശാസ്ത്രം പഠിച്ചു.
ഗ്രീക്ക്, ലത്തീന്‍, ജര്‍മന്‍, ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, റഷ്യന്‍, ഹീബ്രു തുടങ്ങി ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്നു. കോലഞ്ചേരി സെന്റ് പീറ്റേഴ്സ്, തൊടുപുഴ ന്യൂമാന്‍, മൂവാറ്റുപുഴ നിര്‍മ്മല കോളേജ്, ഏല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് സ്കൂള്‍ എന്നിവിടങ്ങളില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. സിറോ മലബാര്‍ സഭയിലെ ആരാധനാക്രമ നവീകരണം വിവാദമായപ്പോള്‍ ലിറ്റര്‍ജിക്കല്‍ ആക്ഷന്‍ കമ്മിറ്റി എന്ന പേരില്‍ രൂപംകൊണ്ട സംഘടനയുടെ അധ്യക്ഷനായി. ദൈവശാസ്ത്രവും തത്ത്വശാസ്ത്രവും നവീകരിക്കപ്പെടണമെന്ന് വാദിച്ചു. കേരള തിയോളജിക്കല്‍ ഫോറം, കേരള ദാര്‍ശനിക സമിതി തുടങ്ങിയവയുടെ സ്ഥാപകാംഗം.
ദര്‍ശനവും ദൈവശാസ്ത്രവും പഠിക്കാന്‍ അല്മായനായ താന്‍ തുനിഞ്ഞത് ഏതെങ്കിലും സെമിനാരിയിലെ ജോലി പ്രതീക്ഷിച്ചല്ലായിരുന്നെന്നും ആത്മീയകുടുംബപശ്ചാത്തലങ്ങള് ആ വിഷയങ്ങളില്‍ ആഴത്തില്‍ പഠനം നടത്താനുള്ള താത്പര്യം സൃഷ്ടിച്ചതു കൊണ്ടായിരുന്നെന്നും ചാക്കോ പറഞ്ഞിട്ടുണ്ട്. സാഹിത്യദര്‍ശനവും സംസ്കാരവുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു കൃതികളില്‍ ഏറെയും. ക്രൈസ്തവവിശ്വാസവും സാഹിത്യവുമായി അടുത്തു ബന്ധം പുലര്‍ത്തേണ്ടതിന്റെ ആവശ്യകതയില്‍ അദ്ദേഹം വിശ്വസിച്ചിരുന്നു. 'സഭയിലെ പല തെറ്റായ പ്രവണതകളെയും ന്യായവും വ്യക്തവുമായ കാര്യകാരണങ്ങള്‍ നിരത്തി വിമര്‍ശിക്കുന്ന വൈജ്ഞാനികനും ദാര്‍ശികനും' എന്ന്, മലയാളത്തിലെ പ്രമുഖകത്തോലിക്കാ വാരികയായ സത്യദീപത്തിന്റെ പത്രാധിപര്‍ കുര്യാക്കോസ് മുണ്ടാടന്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. വൈകാരികമായ സുവിശേഷപ്രസംഗങ്ങളെയും ധ്യാനങ്ങളെയും എതിര്‍ത്തിരുന്നു.'സുവിശേഷം പ്രസംഗിക്കേണ്ടവര്‍ കെട്ടിടം പണിക്കു മേല്‍നോട്ടം വഹിച്ചാല്‍ അതിലെന്ത് ആത്മീയത' എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. വിമര്‍ശനങ്ങള്‍ സഭാവേദികളില്‍ മാത്രം അവതരിപ്പിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു.
കൃതികള്‍
വിജ്ഞാനവും വീക്ഷണവും
ആധുനിക യൂറോപ്യന്‍ ചിന്തകന്മാര്
മനുഷ്യന്റെ വിദ്യാഭ്യാസം
സാഹിത്യ തത്ത്വം: അപഗ്രഥനങ്ങള്‍, ആഭിമുഖ്യങ്ങള്‍
ആത്മാവും ശരീരവും
മനുഷ്യന് ദാര്‍ശനിക ദൃഷ്ടിയില്
സൗന്ദര്യദര്‍ശനം
കവിതയുടെ സാരം
സയന്‍സും തിയോളജിയും
മതവും പുരോഗതിയും
മനുഷ്യനും മരണവും
സാത്താനും അവന്റെ ആഡംബരങ്ങളും
സാഹിത്യം ക്രിസ്തീയമാകുന്നതെങ്ങനെ
ക്രിസ്തുവില്‍ പുതിയ ജീവിതം
ദൈവപുത്രനായ ക്രിസ്തു
അധഃപതനത്തിന് ഒരു മുഖവുര
വിമോചനവും വിശ്വാസവും
യേശു ഏക രക്ഷകന്
പുരോഗതിയും വിലങ്ങുതടിയും
പുരസ്കാരങ്ങള്‍
സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം
കെ.സി.ബി.സി പുരസ്കാരം
മാര്‍ ജോസഫ് കുണ്ടുകുളം പുരസ്കാരം
Leave a Reply