ഭാസ്ക്കരന്‍ നായര്‍. കെ
ഇടയാറന്മുളയില് 1913 ആഗസ്ററ് 25 ന് ജനിച്ചു. റവന്യൂ ഡിപ്പാര്ട്ടുമെന്റില് സര്‍വ്വേയര്‍
ആയിരുന്ന അയ്ക്കരേത്ത് നാരായണപ്പിള്ളയാണ് അച്ഛന്. അമ്മ തെക്കുംകോലില്
കാര്‍ത്ത്യായനിഅമ്മ. അച്ഛന്റെ ജോലിസ്ഥലത്ത് വയ്ക്കത്ത് ആണ് പ്രാഥമിക വിദ്യാഭ്യാസം. 1929ല്‍
ചെങ്ങന്നൂര്‍ ഹൈസ്കൂളില്‍നിന്നു പത്താം ക്ളാസ് ജയിച്ചു. കോളേജ് വിദ്യാഭ്യാസം
തിരുവനന്തപുരത്ത്. ജന്തുശാസ്ത്രത്തില്‍ സര്‍വ്വകലാശാലയില്‍ ഒന്നാമനായി ബിരുദം നേടി.
മദിരാശി സര്‍വകലാശാലയില്‍ ഗവേഷണം നടത്തി. ഡി.എസ്സി. ബിരുദം ലഭിച്ചു. 1939ല്‍
തിരുവനന്തപുരത്ത് കോളേജ് അധ്യാപകനായി. പ്രൊഫസര്‍, പ്രിന്‍സിപ്പല്‍, വിദ്യാഭ്യാസഡയറക്ടര്‍
എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചു. കണ്ണൂരുള്ള തോട്ടത്തില്‍ വീട്ടില്‍ രത്നാവതിയെ ആണ്
ഭാസ്കരന്‍നായര്‍ വിവാഹം ചെയ്തത്. അമേരിക്കയില്‍ ഗവേഷണം നടത്തിയിട്ടുണ്ട്.
1963ല്പശ്ചിമജര്മ്മനിയില് പര്യടനം നടത്തി. 1968ല്‍ ഔദ്യോഗികജീവിതത്തില്‍ നിന്നു പെന്ഷന് വാങ്ങിപിരിഞ്ഞു. 1971ല്‍ ഇന്ത്യയിലെ ഫാമിലി പ്ളാനിങ്ങ് അസോസിയേഷന് പോപ്പുലേഷന്‍
എഡ്യുക്കേഷണല്‍ ഓഫീസറായി. കേരള സാഹിത്യ അക്കാദമിയുടെ എക്സ് ഒഫീഷ്യോ
സെക്രട്ടറിയായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ മലയാളം ഉപദേശക സമിതിയിലും അംഗം.
കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം ഭാസ്കരന് നായര്‍ക്ക് ലഭിച്ചിട്ടുണ്ട്. 1982 ജൂണ്‍ 8ന്
അദ്ദേഹം മരിച്ചു.
വിദ്യാഭ്യാസപ്രവര്ത്തകന്, ഉപന്യാസകാരന്‍ എന്നീ നിലകളിലാണ് ഭാസ്കരന് നായര്‍
അറിയപെ്പടുന്നത്. സംസ്കാരം, ശാസ്ത്രം, സാഹിത്യം എന്ന് മൂന്ന് വിഭാഗങ്ങളിലായി അദ്ദേഹത്തിന്റെ
രചനകളെ തരം തിരിക്കാം. പ്രാണിലോകം, ആധുനികശാസ്ത്രം, പരിണാമം, ശാസ്ത്രത്തിന്റെ
ഗതി, പ്രകൃതിപാഠങ്ങള്‍, ശാസ്ത്രദീപിക, ശാസ്ത്ര പാഠാവലി, ജീവശാസ്ത്രവും ഗോളവിദ്യയും,
ധന്യവാദം, പുതുമയുടെ ലോകം, സംസ്കാര ലോചനം, താരാപഥം, ദൈവനീതിക്കു ദാക്ഷിണ്യമില്ള,
ആധുനിക ജര്‍മ്മന്‍ കഥകള്‍, ഭാവിയുടെ ഭീഷണി തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ കൃതികള്‍.
ശാസ്ത്രസത്യങ്ങള്‍ സാധാരണക്കാര്‍ക്ക് രസകരമായി പറഞ്ഞുകൊടുക്കുന്ന തരത്തിലുള്ളതാണ്
അദ്ദേഹത്തിന്റെ ശാസ്ത്ര സംബന്ധിയായ പ്രബന്ധങ്ങള്‍. മിന്നാമിനുങ്ങിന്റെ വെളിച്ചം, ഭൂമിയുടെ
ഗുരുത്വാകര്‍ഷണം, ദൂരദര്‍ശിനിയുടെ കഥ, വാര്‍ദ്ധക്യം എങ്ങനെ സംഭവിക്കുന്നു തുടങ്ങിയ
കാര്യങ്ങളുടെ പ്രതിപാദനം അത്യന്തം ഹൃദ്യമാണ്. ജനപെ്പരുപ്പം ഉളവാക്കുന്ന
വിപത്തുകളെക്കുറിച്ചുള്ള മുന്നറിയിപ്പാണ് 'ഭാവിയുടെ ഭീഷണി'. പാശ്ചാത്യസംസ്ക്കാരം
ഭൗതികജീവിതാസക്തിയില് അധിഷ്ഠിതമാണ് എന്നും മനസ്സമാധാനം അതിന് അപ്രാപ്യമാണ്
എന്നും, ഭാരതത്തിന്റെ പ്രാക്തനസംസ്കാരത്തിലേ ശാന്തിയും സമാധാനവും കണ്ടെത്താനാവു
എന്നും ആണ് ഭാസ്കരന്‍നായര്‍ വിശ്വസിക്കുന്നത്. അദ്ദേഹം സംസ്കാരത്തെക്കുറിച്ചെഴുതിയ
ലേഖനങ്ങള്‍ എല്ളാം തന്നെ ആര്ഷസംസ്കാരത്തിലേയ്ക്ക് മടങ്ങുവാനുള്ള ആഹ്വാനം
ഉള്‍ക്കൊള്ളുന്നു. ജീവിതത്തില്‍ ആദ്ധ്യാത്മികതയ്ക്ക് പ്രാധാന്യം നല്കിയ ഭാസ്കരന്‍നായര്‍
സത്യസായിബാബയുടെ ഭക്തനായിരുന്നു. നൂറ്റെട്ടുരത്നങ്ങള്, ഭഗവാന് ശ്രീ
സത്യസായിബാബയുടെ അത്ഭുത കര്‍മ്മങ്ങള്‍ എന്നിവ ഈ ഭക്തിയില്‍ നിന്നും ജനിച്ച കൃതികള്‍
ആണ്. പുതുമയുടെ ലോകം അമേരിക്കയിലെ അനുഭവങ്ങളാണ്. മറ്റൊരു യാത്രാവിവരണ ഗ്രന്ഥം
'ഓഫ് വീഡര്‍ സേഹന്‍' ജര്‍മ്മന്‍ യാത്രാനുഭവങ്ങള്‍ ആണ്. ഭാസ്കരന് നായരുടെ ഏറ്റവും മികച്ച
രചനയായി കരുതപെ്പടുന്നത് ദൈവനീതിക്കു ദാക്ഷിണ്യമില്ള എന്ന നിരൂപണ ഗ്രന്ഥമാണ്. സി.വി.
രാമന്‍പിള്ളയുടെ ചരിത്രാഖ്യായികകളെക്കുറിച്ചുള്ള ഈ മികച്ച പഠനഗ്രന്ഥം, സി.വി.
സാഹിത്യത്തില്‍ അദ്ദേഹത്തിനുള്ള അവഗാഹത്തോടൊപ്പം നിരൂപകന് എന്ന നിലയില്‍ അദ്ദേഹം
നേടിയ ഉള്‍ക്കാഴ്ചയും വ്യക്തമാക്കുന്നുണ്ട്. ഉപഹാരം എന്ന കൃതിയും കൂടുതല്‍ ശ്രദ്ധിക്കപെ്പട്ടിട്ടു
ണ്ട്. കേരളീയരായ ചില സാഹിത്യകാരന്മാരേയും, പാശ്ചാത്യരായ ചില സാഹിത്യകാരന്മാരേയും
വിലയിരുത്തുന്ന പ്രബന്ധങ്ങളാണ് അതില്‍.
കൃതികള്‍: ദൈവനീതിക്കു ദാക്ഷിണ്യമില്ള, ഉപഹാരം, പ്രാണിലോകം, ആധുനികശാസ്ത്രം, പരിണാമം, ശാസ്ത്രത്തിന്റെഗതി, പ്രകൃതിപാഠങ്ങള്‍, ശാസ്ത്രദീപിക, ശാസ്ത്രപാഠാവലി, ജീവശാസ്ത്രവും ഗോളവിദ്യയും,
ധന്യവാദം, പുതുമയുടെ ലോകം, സംസ്കാരലോചനം, താരാപഥം.
Leave a Reply