.
പ്രശസ്തനായ പത്രപ്രവര്‍ത്തകനും ഉപന്യാസകാരനും ചെറുകഥാകൃത്തും നിരൂപകനുമായിരുന്നു വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍(1861 -1914). മലയാളത്തിലെ ആദ്യത്തെ ചെറുകഥയായ വാസനാവികൃതി എഴുതിയത് അദ്ദേഹമാണ്. കേസരി, വജ്രസൂചി, വജ്രബാഹു എന്നീ തൂലികാനാമങ്ങളില്‍ കൃതികള്‍ പ്രസിദ്ധീകരിച്ചിരുന്നു. അക്കാലത്തെ കേരള സാമൂഹ്യവ്യവസ്ഥയെ പ്രത്യേകിച്ചും സാമൂഹികാസമത്വത്തെ അദ്ദേഹം വിമര്‍ശിച്ചിരുന്നു. ബാരിസ്റ്റര്‍ എന്ന നിലയില്‍ 1913ല്‍ മദ്രാസ് നിയമ നിര്‍മ്മാണസഭയില്‍ കാസര്‍ഗോഡ് താലൂക്ക് മലബാറിലേയ്ക്ക് ചേര്‍ക്കുന്നതിനായി ഒരു നിര്‍ദ്ദേശം വച്ചു. പക്ഷേ കര്‍ണ്ണാടകത്തിന്റെ ശക്തമായ എതിര്‍പ്പുമൂലം അത് അംഗീകരിക്കപ്പെട്ടില്ല. പിന്നീട് 1956 നവംബര്‍ 1ന് കാസര്‍ഗോഡ് കേരളത്തിന്റെ ഭാഗമായിമാറി.1860 ല്‍ തളിപ്പറമ്പ് വെരിഞ്ചല്ലൂര്‍ ഗ്രാമത്തിലെ ചവനപ്പുഴ മുണ്ടോട്ട് പുളിയപ്പടമ്പ് ഹരിദാസന്‍ സോമയാജിപ്പാടിന്റെയും, കുഞ്ഞാക്കമ്മയുടെയും രണ്ടാമത്തെ മകനായി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ ജനിച്ചു. സെയ്ദാപ്പേട്ട കാര്‍ഷിക കോളജില്‍ ചേര്‍ന്ന് കൃഷിശാസ്ത്രത്തില്‍ ബിരുദമെടുത്തു. ശാസ്ത്രീയമായി അഭ്യസിച്ച് കൃഷിയിലേര്‍പ്പെട്ട ഒന്നാമത്തെ മലബാറുകാരന്‍ ജന്മിയും കൃഷിക്കാരനുമാണ് കുഞ്ഞിരാമന്‍ നായനാര്‍. 1891ല്‍ കേസരി എഴുതിയ 'വാസനാവികൃതി' മലയാളത്തിലെ ആദ്യ ചെറുകഥയായി പരിഗണിക്കപ്പെടുന്നു. കേരളസഞ്ചാരി, കേരളപത്രിക എന്നീ പത്രങ്ങളുടെ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1892ല്‍ നായനാര്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡില്‍ അംഗമായി. കോയമ്പത്തൂര്‍ കൃഷി വിദ്യാശാലയിലെ അംഗമായും ഇംഗ്ലണ്ടില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ക്ഷേമ പ്രവര്‍ത്തനത്തിനുള്ള  ഉപദേശകസമിതിയില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജോര്‍ജ് ചക്രവര്‍ത്തിയുടെ പട്ടാഭിഷേകോത്സവകാലത്ത് ബ്രിട്ടീഷ് സര്‍ക്കാര്‍ കീര്‍ത്തി മുദ്രനല്‍കി നായനാരെ ആദരിച്ചിരുന്നു. 1912ല്‍ നായനാര്‍ മദിരാശി നിയമസഭയില്‍ അംഗമായി. മലബാര്‍, ദക്ഷിണ കര്‍ണ്ണാടകം എന്നീ ജില്ലകളിലെ ജന്മിമാരുടെ പ്രതിനിധിയായിട്ടാണ് നിയമസഭാംഗമായി പോയത്. 1914 നവംബര്‍ 14ന് നിയമസഭയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ ഹൃദയസ്തംഭനത്താല്‍ കുഴഞ്ഞുവീണ് മരിച്ചു.

കൃതികള്‍

    വാസനാവികൃതി
    ദ്വാരക
    മേനോക്കിയെ കൊന്നതാരാണ്?
    മദിരാശിപ്പിത്തലാട്ടം
    പൊട്ടബ്ഭാഗ്യം
    കഥയൊന്നുമല്ല