ആറന്മുളയ്ക്കടുത്ത് ഇടയാറന്മുള കുന്നിന്‍പുറത്തു തറവാട്ടില്‍ 1883 ഫെബ്രുവരി 7 ന്
(കൊ.വ.1058 മകരം 26) ആണ് സൈമണ്‍ ജനിച്ചത്. അച്ഛന്‍ വറുഗീസ്. അമ്മ കാണ്ടമ്മ. ഉറച്ച
മതഭക്തിയുള്ള കുടുംബമായിരുന്നു, കുന്നുംപുറത്ത്. സൈമന്റെ ആദ്യഗുരു ജ്യേഷ്ഠനായ കെ.വി.
ചെറിയാനായിരുന്നു. ഇടയാറന്മുള എം.ടി.എം.പി. സ്‌ക്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം. 1898ല്‍
ജ്യേഷ്ഠസഹോദരിയുടെ വീട്ടില്‍ കുറച്ചുനാള്‍ താമസിച്ച്, സംസ്‌കൃതത്തിലെ ആദ്യപാഠങ്ങള്‍
പഠിച്ചു. പിന്നീട് സ്വപരിശ്രമത്തില്‍ പഠനം തുടര്‍ന്നു. 1897ല്‍ നാട്ടുഭാഷാ പരീക്ഷയും,
അദ്ധ്യാപകനാകുന്നതിന് പ്രാപ്തനാക്കുന്ന കൊഗ്നീഷന്‍ പരീക്ഷയും ജയിച്ചു. മാരാമണ്‍,
തോട്ടപ്പുഴശേ്ശരി, പൂവത്തൂര്‍ ഇവിടങ്ങളില്‍ അദ്ധ്യാപകനായി. 1900ല്‍ ഇടയാറന്മുള സ്‌ക്കൂള്‍
ഹെഡ്മാസ്റ്റര്‍ ആയി. 1918ല്‍ ജോലി രാജിവച്ച് മുഴുവന്‍സമയം സുവിശേഷപ്രചാരണത്തിന്
ഇറങ്ങി. 1900ല്‍ വിവാഹിതനായി. അയിരൂര്‍ പനോളിപ്പീടികയില്‍ റാഹേലമ്മയാണ് ഭാര്യ. അവര്‍
പില്ക്കാലത്ത് അയിരൂരമ്മ എന്ന പേരില്‍ അറിയപെ്പട്ടു. 1944 ഫെബ്രുവരി 20 ന് സൈമണ്‍
മരിച്ചു.
    ബൈബിള്‍ സംബന്ധിയാണ് സൈമണ്‍ എഴുതിയ എല്‌ളാ കൃതികളും. ഭക്തി സാഹിത്യത്തില്‍
കീര്‍ത്തനങ്ങള്‍ക്കുള്ള പ്രാധാന്യം മനസ്‌സിലാക്കിയിരുന്ന അദ്ദേഹം ക്രൈസ്തവവിശ്വാസത്തെ
ഊട്ടിയുറപ്പിക്കുന്നതിന് സഹായകമായ നിരവധി കീര്‍ത്തനങ്ങള്‍ രചിച്ചു. അക്കാലത്ത്
ഇടയാറന്മുളയില്‍ കൂറെനാള്‍ താമസിച്ച തമിഴ് സംഗീതജ്ഞന്‍ ഡി. ജെയിംസ് ഈ രചനകളില്‍
സഹായിയായി. സൈമന്റെ സംഗീതാഭിരുചിയും ഈ കീര്‍ത്തനരചനയ്ക്ക് സഹായകമായി.
അദ്ദേഹത്തിന്റെ ഗാനസമാഹാരങ്ങളാണ്, സംഗീതശതകം, ശതകാനുയായി, സംഗീതരത്‌നാവലി,
പ്രത്യാശാഗീതങ്ങള്‍, പ്രയാണഗീതങ്ങള്‍, ഗാനസൂനം, ഗാനചന്ദ്രിക എന്നിവ.
ക്രിസ്തീയസംഗീതരത്‌നാവലി എന്ന പേരില്‍ ഇവ സമാഹരിക്കപെ്പട്ടിട്ടുണ്ട്.
ഹൈന്ദവഗാനങ്ങളായിരുന്നു ഇവയുടെ രചനയില്‍ സൈമണ്‍ മാതൃകയാക്കിയത്.
ആര്‍ഷസംസ്‌കാരത്തിന് പരിചിതമായ ദേവനായകന്‍, നരപതി, താപനാശനന്‍ എന്നെല്‌ളാമുള്ള
പദങ്ങളാണ് ക്രിസ്തുവിനെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. 1931 ല്‍ പ്രസിദ്ധപെ്പടുത്തിയ
വേദവിഹാരം ആണ് സൈമണ്‍ രചിച്ച പ്രധാന കൃതി. ബൈബിളില്‍ പ്രതിപാദിക്കുന്ന
ലോകോല്പത്തി ആണ് കാവ്യവിഷയം. ഹൈന്ദവ പുരാണേതിഹാസകഥകള്‍,
പദ്യരൂപത്തിലായതിനാല്‍, ജനസാമാന്യങ്ങള്‍ക്കിടയില്‍ വ്യാപകമായി പ്രചാരം നേടി എന്നും,
പദ്യരൂപത്തിലുള്ള ബൈബിള്‍ ഉണ്ടായാല്‍ അതിന് സാര്‍വ്വത്രികമായ അംഗീകാരം കിട്ടും എന്നും
സൈമണ്‍ കരുതി. ഈ ആഗ്രഹസഫലീകരണശ്രമമാണ് വേദവിഹാരത്തില്‍. ഉല്പത്തി
പുസ്തകത്തിലെന്നപോലെ വേദവിഹാരത്തിലും അമ്പത് അധ്യായങ്ങളാണുള്ളത്.
ദ്രാവിഡവൃത്തത്തില്‍ ആണ് ഈ മഹാകാവ്യം രചിച്ചത്. കാവ്യാത്മകങ്ങളായ നിരവധി വര്‍ണ്ണനകള്‍
ഇതില്‍ ഉണ്ട്. ബൈബിളിലെ നല്‌ള ശമര്യന്റെ ഉപമ ഖണ്ഡകാവ്യം ആക്കിയതാണ് ജീവകാരുണ്യം.
ഇതും ദ്രാവിഡവൃത്തത്തില്‍ത്തന്നെ ആണ് എഴുതിയിട്ടുള്ളത്. അഞ്ചു ഖണ്ഡങ്ങള്‍ ഉണ്ട്.
സുഹൃത്തും, ശിഷ്യനും ആയ തലാപ്പില്‍ നാരായണപ്പിള്ളയുടെ മരണത്തെതുടര്‍ന്ന് 1923 ല്‍
എഴുതിയ വിലാപകാവ്യമാണ് നിശാകാലം. ക്രൈസ്തവസഭാചരിത്രം, വേര്‍പാടുസഭകളുടെ ചരിത്രം
എന്നിവയാണ് പ്രധാന ഗദ്യകൃതികള്‍. ക്രൈസ്തവസഭാചരിത്രം പല ഭാഗങ്ങളായി
പ്രസിദ്ധപെ്പടുത്തുവാന്‍ ആയിരുന്നു പദ്ധതി. എന്നാല്‍ ഒന്നാംഭാഗം മാത്രമെ പ്രസിദ്ധപെ്പടുത്തിയുള്ളു.
വേര്‍പാട് ഉപദേശങ്ങള്‍ വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്നവരുടെ ചരിത്രമാണ.്
ഒരര്‍ത്ഥത്തില്‍ സൈമണ്‍ എന്ന വ്യക്തിയുടെ ആത്മകഥ കൂടി ആണ് മലങ്കരയിലെ
വേര്‍പാടുസഭകളുടെ ചരിത്രം. 1939 ല്‍ ആണ് ഇതു വെളിച്ചം കണ്ടത്. വെളിപാടു
പുസ്തകവ്യാഖ്യാനം, ഉത്തമഗീതഭാഷ്യം എന്നിവയും ക്രൈസ്തവമതസാഹിത്യത്തിലെ എണ്ണപെ്പട്ട
രചനകളാണ്. ഉത്തമഗീത വ്യാഖ്യാനത്തില്‍ കഥാപാത്രങ്ങളായ അജപാലന്‍, ശൂലമി, സോളമന്‍
എന്നിവര്‍ ക്രിസ്തു, സഭ, ലൗകികപ്രതാപം എന്നിവയുടെ പ്രതീകങ്ങളാണ്.
ആഗമാനന്ദസ്വാമികളുടെ ചില പ്രഭാഷണങ്ങള്‍ക്കുള്ള മറുപടിയാണ് സത്യപ്രകാശിനി.
ഭാരതീയദര്‍ശനങ്ങളില്‍ സൈമണ് ഉള്ള പാണ്ഡിത്യം ഈ പ്രഭാഷണം വെളിപെ്പടുത്തുന്നു.
സത്യവേദമുകുരം, നിക്കോലാസമതം അഥവാ പട്ടത്വം, ത്രിത്വപ്രബോധിക,
ക്രിസ്തീയസഭാസുബോധിനി, സമ്മാര്‍ജ്ജനി, ശിശുസ്‌നാനകുഠാരം, സഭാപ്രദീപം, ക്രുശില്‍ മരിച്ച
ക്രിസ്തു, സമാഗമനകൂടാരം എന്നിവ മതപരമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ദീര്‍ഘ
പ്രബന്ധങ്ങളാണ്. എതിരാളികള്‍ക്ക് യുക്തിഭദ്രമായി മറുപടി പറയുന്നു ഈ ബൈബിള്‍
പണ്ഡിതന്‍, ഇവയില്‍. സാഹിത്യത്തെപ്പറ്റി ഉള്ള പ്രഭാഷണങ്ങളാണ് കവിതയും കവിതയും,
മതവും സാഹിത്യവും. മലയാളപദ്യസാഹിത്യത്തിന്റെ വികാസപരിണാമങ്ങളെപ്പറ്റി ഒരു
പ്രഭാഷണവും അദ്ദേഹത്തിന്‍േറതായി ലഭിച്ചിട്ടുണ്ട്.

കൃതികള്‍: വേദവിഹാരം, ക്രിസ്തീയസംഗീതരത്‌നാവലി, ജീവകാരുണ്യം, മലങ്കരയിലെ
വേര്‍പാടുസഭകളുടെ ചരിത്രം, ഉത്തമഗീതഭാഷ്യം