ശ്രദ്ധേയയായ യുവചിത്രകാരിയും കവിയും കലാനിരൂപകയും കലാചരിത്രകാരിയുമാണ് കവിത ബാലകൃഷ്ണന്‍. ഇരിങ്ങാലക്കുടക്കടുത്തുള്ള നടവരമ്പ് സ്വദേശി. ഡോക്ടറേറ്റ് നേടി. ജനനം 1 ജൂണ്‍ 1976. പഠനം ബറോഡയിലെ എം.എസ് യൂണിവേഴ്‌സിറ്റിയില്‍. കലാചരിത്രത്തിലും സൗന്ദര്യശാസ്ത്രത്തിലും ബിരുദാനന്തരബിരുദം. മലയാള ആനുകാലികങ്ങളുടെ ദൃശ്യപരതയില്‍ രേഖാചിത്രീകരണത്തിന്റെപ്രവര്‍ത്തനത്തെക്കുറിച്ച് ഗവേഷണ പ്രബന്ധം തയ്യാറാക്കി. പതിമൂന്നുവയസുള്ളപ്പോള്‍തന്നെ ചിത്രരചനയ്ക്ക് സോവിയറ്റ്‌ലാന്‍ഡ് നെഹ്‌റു അവാര്‍ഡ് നേടി. തുടര്‍ന്ന് സോവിയറ്റ് യൂണിയനിലെ ക്രിമിയന്‍തീരത്ത് ആര്‍ട്ടെക്ക് ഇന്റര്‍നാഷണല്‍ യങ്ങ് പയനിയര്‍ ക്യമ്പില്‍ പങ്കെടുത്തു. 'ആര്‍ത്തെക്ക് അനുഭവങ്ങള്‍' ദേശാഭിമാനിവാരികയില്‍ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ചു. പിന്നീട് പുസ്തകമായി പ്രസിദ്ധീകരിച്ചു. 'ആര്‍ത്തെക്ക് അനുഭവങ്ങള്‍'ക്ക് 2004ലെ എസ്.ബി.റ്റി അവാര്‍ഡ് ലഭിച്ചു. മലയാളത്തിലെ ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ ഇല്ലസ്‌ട്രേഷനെപ്പറ്റിയും സ്ത്രീ ചിത്രകാരികളെപ്പറ്റിയും കോമിക് ചിത്രീകരണത്തെപ്പറ്റിയും എഴുതിയിട്ടുണ്ട്. 'കേരളത്തിലെ ചിത്രകലയുടെ വര്‍ത്തമാനം'എന്ന കലാപഠനഗ്രന്ഥത്തിന് 2007ല്‍ മികച്ചകലാഗ്രന്ഥത്തിനുള്ള കേരള ലളിതകലാ അക്കാദമിയുടെ അവാര്‍ഡ്  ലഭിച്ചു. ഇപ്പോള്‍ തൃശ്ശൂര്‍ ഗവണ്‍മ്മെന്റ് കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ കലാചരിത്രത്തില്‍ ലക്ചറര്‍.

കൃതികള്‍

    ആര്‍ത്തെക്ക് അനുഭവങ്ങള്‍ (യാത്രാവിവരണം)
    കേരളത്തിലെ ചിത്രകലയുടെ വര്‍ത്തമാനം (പഠന ലേഖനങ്ങള്‍)
    അങ്കവാലുള്ള പക്ഷി (കവിതാസമാഹാരം)
    ഞാന്‍ ഹാജരുണ്ട് (കവിതാസമാഹാരം)
    ആധുനിക കേരളത്തിന്റെ ചിത്രകല: ആശയം പ്രയോഗം വ്യവഹാരം