കേശവന് സി (സി.കേശവന്)
തിരു-കൊച്ചി മുഖ്യമന്ത്രി, സ്വാതന്ത്ര്യ സമരസേനാനി, സമുദായോദ്ധാരകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു സി. കേശവന്. അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു നിവര്‍ത്തന പ്രക്ഷോഭണം നടന്നത്. ജനനം 1891 മെയ് 23, മരണം 1969 ജൂലൈ 7.
കൊല്ലം ജില്ലയിലെ മയ്യനാട് ഗ്രാമത്തില്‍ ഒരു സാധാരണ ഈഴവ കുടുംബത്തിലാണ് സി. കേശവന് ജനിച്ചത്. കൊല്ലം, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. കുറച്ചുനാള്‍ അദ്ധ്യാപകനായി ജോലി നോക്കിയശേഷം തിരുവനന്തപുരത്തു നിന്ന് നിയമബിരുദം നേടി. കൊല്ലം ജില്ലാ കോടതിയില്‍ വക്കീലായി പ്രാക്ടീസ് ചെയ്തു. .
നിരീശ്വരവാദിയായിരുന്ന കേശവനെ ശ്രീനാരായണഗുരുവിന്റെയും ഗാന്ധിജിയുടെയും കാള്‍ മാര്‍ക്സിന്റെയും ചിന്തകള്‍ സ്വാധീനിച്ചിരുന്നു. സമൂഹത്തിലെ അയിത്തം തുടച്ചുമാറ്റുവാനായി അദ്ദേഹം പ്രയത്നിച്ചു. എസ്.എന്‍.ഡി.പി. യുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവിതാംകൂറിലെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്നു. കോഴഞ്ചേരിയില്‍ സര്‍ക്കാരിനെതിരായി പ്രസംഗിച്ചു എന്ന കുറ്റത്തിന് 1935 ജൂലൈ 7നു അറസ്റ്റ് ചെയ്യപ്പെട്ടു. രണ്ടുവര്‍ഷത്തേക്ക് തടവിലടച്ചു. 1935 മെയ് 13 നായിരുന്നു കോഴഞ്ചേരി പ്രസംഗം. ആരാധനാ സ്വാതന്ത്ര്യം, വോട്ടവകാശം, സര്‍ക്കാര്‍ ജോലി തുടങ്ങിയ പൗരാവകാശങ്ങള്‍ ഈഴവര്‍ക്കും മറ്റു പിന്നാക്കക്കാര്‍ക്കും നിഷേധിച്ചു സവര്‍ണഭരണം കാഴ്ചവച്ച ദിവാനെതിരെ ‘സര് സി.പി. എന്ന ജന്തുവിനെ നമുക്കാവശ്യമില്ല’ എന്ന് അദ്ദേഹം പ്രസംഗിക്കുകയുണ്ടായി.
1938ല്‍ സി. കേശവന്, ടി.എം.വര്‍ഗീസ്, പട്ടം താണുപിള്ള എന്നിവരുടെ നേതൃത്വത്തിലാണ് തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് രൂപീകരിച്ചത്. ഉത്തരവാദിത്വ ഭരണത്തിനായി ഉള്ള പ്രക്ഷോഭത്തിനിടയില്‍ അദ്ദേഹം പല തവണ അറസ്റ്റ് ചെയ്യപ്പെട്ടു. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിനിടയില്‍ 1942ല്‍ അദ്ദേഹം ഒരുവര്‍ഷം ജയിലില്‍ കിടന്നു. 1943 ജൂലൈ 19നു ജയില്‍ മോചിതനായി.
സ്വാതന്ത്ര്യലബ്ധിക്കുശേഷം അദ്ദേഹം തിരുവിതാംകൂര്‍ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ വന്ന മന്ത്രിസഭയിലെ അംഗമായിരുന്നു. ഏതാനും മാസങ്ങള്‍ക്കു ശേഷം അദ്ദേഹം മന്ത്രിസഭയില്‍ നിന്നും രാജിവച്ചു. 1951 മുതല്‍ 1952 വരെ തിരു-കൊച്ചിയുടെ മുഖ്യമന്ത്രിയായിരുന്നു.
കൃതി
ജീവിത സമരം (ആത്മകഥ)
Leave a Reply