എഴുത്തുകാരന്‍, പ്രഭാഷകന്‍, സംഘാടകന്‍, പ്രസാധകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. കൊല്ലം തേവള്ളിയിലെ മേടയില്‍ വീട്ടില്‍ എന്‍. രാഘവന്റെയും കെ. സരോജിനിയുടെയും മകനായി 1945 ജൂലായ് 2ന് ജനിച്ചു. കേരള സര്‍വകലാശാലയില്‍ നിന്ന് എം.കോം, എല്‍.എല്‍.ബി. ബിരുദങ്ങള്‍ നേടിയശേഷം ബാങ്കിങ്ങില്‍ ഡോക്ടറേറ്റ് നേടി. വിദ്യാര്‍ഥി യുവജനപ്രസ്ഥാനങ്ങളില്‍ സജീവമായി പങ്കുകൊണ്ടു. കൊല്ലം എസ്.എന്‍. കോളജ് യൂണിയന്‍ ചെയര്‍മാന്‍, കെ.എസ്.യു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പ്രസിഡന്റ്, സംസ്ഥാന നിര്‍വാഹക സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു നല്‍കുന്ന ഭാഷാ പരിശീലന പദ്ധതിയില്‍ പാര്‍ട് ടൈം ലക്ചറര്‍, കേരള സര്‍വകലാശാല കോമേഴ്‌സ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1968ല്‍ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് എഡ്യൂക്കേഷണല്‍ ഫൗണ്ടേഷന്‍ ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ബറോഡയിലെ എം.എസ്. യൂണിവേഴ്‌സിറ്റിയില്‍ നടന്ന ദേശീയ സെമിനാറിലും മുഖ്യമന്ത്രി അധ്യക്ഷനായ പ്‌ളാനിങ്ങ് ഫോറത്തിലും കേരള സര്‍വകലാശാലയെ പ്രതിനിധാനം ചെയ്തു. 1971 മുതല്‍ 30 വര്‍ഷക്കാലം കേരള ഭാഷാ ഇന്‍സ്‌റിറ്റിയൂട്ടില്‍ ഡയറക്ടര്‍ സ്ഥാനം ഉള്‍പ്പെടെ വിവിധ തസ്തികകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍. ഡയറക്ടറായിരിക്കെ പുസ്തക പ്രസിദ്ധീകരണത്തിനും പുസ്തക വില്പനയ്ക്കും നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ചു. വിജ്ഞാനമുദ്രണം പ്രസ് നവീകരിച്ചു. മലയാള ഭാഷയെ കംപ്യൂട്ടറിനു സജ്ജമാക്കാനായി 'മലയാളത്തനിമ' എന്ന പ്രസ്ഥാനത്തിന് രൂപം നല്‍കി. 2001 മേയ് മുതല്‍ 2004 ആഗസ്റ്റ് വരെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പാര്‍ലമെന്ററികാര്യ വകുപ്പുമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.തോന്നയ്ക്കലിലെ കുമാരനാശാന്‍ ദേശീയ സാംസ്‌കാരിക ഇന്‍സ്‌റിറ്റിയൂട്ടിന്റെ ചെയര്‍മാനായി 2003 മുതല്‍ 05 വരെ പ്രവര്‍ത്തിച്ചു. 2005ല്‍ സാംസ്‌കാരിക സ്ഥാപനങ്ങളുടെ ഗ്രാന്റ് നിര്‍ണയ കമ്മിറ്റി സെക്രട്ടറിയായി. പുനലൂര്‍ ബാലന്‍ സ്മാരക സാഹിത്യവേദി, സാഹിത്യപഞ്ചാനനന്‍ സ്മാരക സമിതി, തിരുവനന്തപുരം ഭവന നിര്‍മ്മാണ സഹകരണസംഘം എന്നിവയുടെ ചെയര്‍മാന്‍, തിരുവനന്തപുരം നെഹ്‌റു സെന്ററിന്റെയും എന്‍.വി. സാഹിത്യവേദിയുടെയും ജനറല്‍ സെക്രട്ടറി, സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 'സംസ്‌കാര', വിദ്യാഭ്യാസപബ്‌ളിക് റിലേഷന്‍സ് വകുപ്പുകളുടെയും പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്റെയും സംയുക്തസംരംഭമായ 'വായന' എന്നിവയുടെ ജനറല്‍ കണ്‍വീനര്‍, അഗതികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന 'അഭയ', പി.എന്‍. പണിക്കര്‍ വിജ്ഞാന്‍ വികാസ് കേന്ദ്രം, ഉള്ളൂര്‍ സ്മാരകം എന്നിവയുടെ ഭരണസമിതി അംഗം; സിഡിറ്റിന്റെ സൈബര്‍ ഗ്‌ളോസറി, ലിംഗ്വിസ്റ്റിക് കംപ്യൂട്ടിങ് കേരള എന്നിവയുടെ ഉപദേശകസമിതി അംഗം, കംപ്യൂട്ടര്‍ കീബോര്‍ഡിന്റെ മാനകീകരണത്തിനുള്ള വിദഗ്ദ്ധ സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
    കൃതികള്‍
    വാണിജ്യ ശബ്ദാവലി
    വാണിജ്യം
    കവിത്രയത്തിന്റെ കുട്ടിക്കവിതകള്‍ (പഠനം)
    വിശ്വഗുരു, ജീവചരിത്രകോശം
    വിജ്ഞാനം 21ാം നൂറ്റാണ്ടില്‍
    പുനലൂര്‍ ബാലന്റെ കാവ്യലോകം
    ഭരണഭാഷ
    അഖില വിജ്ഞാനകോശം
    താരതമ്യസാഹിത്യം  പുതിയ കാഴ്ചപ്പാടുകള്‍
    വള്ളത്തോള്‍ക്കവിതാപഠനം
പുരസ്‌കാരം
    മികച്ച പ്രസാധകനുള്ള ദര്‍ശന അവാര്‍ഡ് (1998)
    സി.വി. കുഞ്ഞുരാമന്‍ അവാര്‍ഡ് (2003)