ദാമോദരന്‍. ടി. (ടി. ദാമോദരന്‍)
തിരക്കഥാകൃത്താണ് ടി. ദാമോദരന്‍. (15 സെപ്തംബര്‍ 1936 – 28 മാര്‍ച്ച് 2012). സംവിധായകന്‍ ഐ.വി. ശശി സംവിധാനം ചെയ്ത് ടി. ദാമോദരന്‍ തിരക്കഥ എഴുതി പല ചിത്രങ്ങളും വിജയമായിരുന്നു. അങ്ങാടി, ഈ നാട്, വാര്‍ത്ത, ആവനാഴി, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, 1921, അടിമകള്‍ ഉടമകള്‍, എന്നിവ ശ്രദ്ധേയം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് ടി. ദാമോദരന്‍ തിരക്കഥയെഴുതിയ ആര്യന്‍, അദ്വൈതം, അഭിമന്യു, കാലാപാനി എന്നിവയും ശ്രദ്ധേയമായ ചിത്രങ്ങളായിരുന്നു.
1936 സെപ്റ്റംബര്‍ 15ന് കോഴിക്കോട്ട് ബേപ്പൂരില്‍ ജനിച്ചു. അച്ഛന്‍ ചോയിക്കുട്ടി; അമ്മ മാളു. മീഞ്ചന്ത എലിമെന്ററി സ്‌കൂള്‍, ബേപ്പൂര്‍ ഹൈസ്‌കൂള്‍, ചാലപ്പുറം ഗണപത് സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. തുടര്‍ന്ന് ഗുരുവായൂരപ്പന്‍ കോളജില്‍ ഇന്റര്‍മീഡിയറ്റിനു ചേര്‍ന്നെങ്കിലും അവിടെനിന്ന് പുറത്താക്കപ്പെട്ടു. ഫാറൂഖ് കോളജിലും പഠനം പൂര്‍ത്തിയാക്കാനായില്ല. അതിനാല്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജില്‍ ചേര്‍ന്നു. കോഴ്‌സ് പാസ്സായതോടെ മാഹി അഴിയൂര്‍ ഗവണ്മെന്റ് ഹൈസ്‌കൂളില്‍ ഡ്രില്‍ മാസ്റ്ററായി. ഒരു വര്‍ഷം കഴിഞ്ഞ് ബേപ്പൂര്‍ സ്‌കൂളിലെത്തി. അവിടെ 29 വര്‍ഷക്കാലം ഡ്രില്‍ മാസ്റ്ററായി ജോലി ചെയ്തു. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ കായികകലാ മത്സരങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിരുന്ന ഇദ്ദേഹം ചെറുപ്പത്തിലേ യുക്തിവാദ പ്രസ്ഥാനത്തിലെ സജീവ പ്രവര്‍ത്തകനുമായിരുന്നു. സ്‌കൂള്‍ മാസ്റ്റര്‍ ആയിരിക്കെ നിരവധി നാടകങ്ങള്‍ എഴുതി. യുഗസന്ധിയാണ് ആദ്യ പ്രൊഫഷണല്‍ നാടകം. ഉടഞ്ഞ വിഗ്രഹങ്ങള്‍, ആര്യന്‍, അനാര്യന്‍, നിഴല്‍ തുടങ്ങിയവ ഇദ്ദേഹമെഴുതിയ ജനപ്രിയ നാടകങ്ങളാണ്.
നിഴല്‍ എന്ന നാടകമാണ് ചലച്ചിത്രരംഗത്തേക്കുള്ള വഴി തുറന്നുകൊടുത്തത്. സത്യന്‍ ആയിരുന്നു ആ നാടകത്തിന്റെ ഉദ്ഘാടകന്‍. സത്യനും ബാസുരാജും ചേര്‍ന്ന് ഹരിഹരനെക്കൊണ്ട് ഈ നാടകം ചലച്ചിത്രമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതു നടന്നില്ലെങ്കിലും ഒരു വര്‍ഷത്തിനകം ഹരിഹരന്റെ ലൗ മാര്യേജ് എന്ന ചിത്രത്തിന് അദ്ദേഹം തിരക്കഥയെഴുതി. തുടര്‍ന്ന് ഹരിഹരന്റെതന്നെ നിരവധി ജനപ്രിയ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കിളിച്ചുണ്ടന്‍ മാമ്പഴം, രഞ്ജിത് സംവിധാനം ചെയ്ത പാലേരി മാണിക്യം തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ചരിത്ര പശ്ചാത്തലമുള്ള 1921 എന്ന ചലച്ചിത്രത്തിന് ഇദ്ദേഹം എഴുതിയ തിരക്കഥ ശ്രദ്ധേയമാണ്. ചലച്ചിത്ര തിരക്കഥാകൃത്ത് ദീദി ദാമോദരന്‍ മകളാണ്.
തിരക്കഥകള്‍
ലവ് മാര്യേജ്
ഏഴാം കടലിനക്കരെ
അങ്ങാടി
മീന്‍
കരിമ്പന
കാന്തവലയം
അഹിംസ
തടാകം
തുഷാരം
Leave a Reply