കേരളത്തിലെ ശാസ്ത്രസാഹിത്യ രചയിതാക്കളുടെ ആദ്യതലമുറയില്‍പെട്ട പ്രമുഖനാണ് എം. സി. നമ്പൂതിരിപ്പാട് (ജനനം:1919 ഫെബ്രുവരി 2-മരണം:2012 നവംബര്‍ 26). കേരളത്തിലെ ആദ്യത്തെ ശാസ്ത്രസാഹിത്യസംഘടനയായ കേരള ശാസ്ത്രസാഹിത്യ സമിതിയുടെ സ്ഥാപകനേതാക്കളില്‍ ഒരാളായിരുന്നു. പില്‍ക്കാലത്ത് കേരള ശാസ്ത്രസാഹിത്യ പരിഷത്തിലും സജീവമായി പ്രവര്‍ത്തിച്ചു.92-ാമത്തെ വയസ്സിലാണ് 'ശാസ്ത്രത്തിന്റെ സാമൂഹ്യധര്‍മ്മങ്ങള്‍' എന്ന കൃതി അദ്ദേഹം വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചത്. ജോണ്‍ ഡെസ്‌മോണ്ട് ബെര്‍ണാല്‍ രചിച്ച സോഷ്യല്‍ ഫങ്ഷന്‍സ് ഓഫ് സയന്‍സ് എന്ന ബൃഹദ് ഗ്രന്ഥത്തിന്റെ നേരിട്ടുള്ള വിവര്‍ത്തനമാണ് പരിഷത്ത് പ്രസിദ്ധീകരിച്ച ഈ കൃതി.

മൂത്തിരിങ്ങോട്ട് ചിത്രഭാനു നമ്പൂതിരിപ്പാട് എന്ന പൂര്‍ണ്ണനാമമുള്ള എം.സി. നമ്പൂതിരിപ്പാട് 1919 ഫെബ്രുവരി 2 നു് പട്ടാമ്പി മണ്ണാങ്ങോട് മൂത്തിരിങ്ങോട്ട് മനയില്‍, സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാടിന്റെയും ഒളപ്പമണ്ണ മനയിലെ സാവിത്രി അന്തര്‍ജ്ജനത്തിന്റെയും മകനായി ജനിച്ചു. സാമൂഹ്യപരിഷ്‌കര്‍ത്താവായിരുന്ന ഭവത്രാദന്‍ നമ്പൂതിരിപ്പാട് മൂത്ത സഹോദരനായിരുന്നു.ഒറ്റപ്പാലം ഹൈസ്‌കൂള്‍, കോഴിക്കോട് സാമൂതിരി കോളേജ് ( ഇപ്പോള്‍ ഗുരുവായൂരപ്പന്‍ കോളേജ്), തിരുച്ചിറപ്പിള്ളി സെന്റ് ജോസഫ് കോളേജ് (ഭൗതികശാസ്ത്രത്തില്‍ ബിരുദം), തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലാബറട്ടറി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
അവസാന കാലം വരെ തൃശൂരിലെ പോളിക്ലിനിക് എന്ന സ്ഥാപനത്തിന്റെ മാനേജിങ്ങ് ഡയറക്ടറായി തുടര്‍ന്നു.തൃശ്ശൂര്‍ നമ്പൂതിരി യോഗക്ഷേമ വിദ്യാഭ്യാസ ട്രസ്റ്റിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു.ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിര്‍വ്വാഹക സമിതി അംഗമായിരുന്നു. ശാസ്ത്രഗതി, യുറീക്ക എന്നിവയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കൃതികള്‍

സയന്‍സിന്റെ വികാസം
ശാസ്ത്രദൃഷ്ടിയിലൂടെ മദ്രാസ് സര്‍ക്കാര്‍
ഭൂമിയുടെ ആത്മകഥ
ചൊവ്വാ മനുഷ്യന്‍

പുരസ്‌കാരങ്ങള്‍

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (വിവര്‍ത്തനം)
തൃശ്ശൂര്‍ റൊട്ടറി ക്ലബ് ലിറ്ററി അവാര്‍ഡ് 2002