മാധവന്‍ പിള്ള സി (സി.മാധവന്‍ പിള്ള)
നോവല്‍, നാടകം, ചെറുകഥ, ഫലിതപ്രബന്ധങ്ങള്‍, നിഘണ്ടുക്കള്‍ തുടങ്ങി സാഹിത്യത്തിന്റെ വിവിധശാഖകളിലായി അമ്പതില്‍പരം ഗ്രന്ഥങ്ങളുടെ കര്‍ത്താവായിരുന്നു സി. മാധവന്‍ പിള്ള.
ജനനം 1905 ഏപ്രില്‍ 12ന് ആലപ്പുഴയില്‍. മരണം: 1980 ജൂലായില്‍.
ആലപ്പുഴ സനാതനധര്‍മ്മവിദ്യാശാലയില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സ്വന്തമായി തൊഴില്‍ കണ്ടെത്തുവാനുള്ള പരിശ്രമത്തില്‍ പഴയ ഒരു റെമിങ്ടണ്‍ ടൈപ്പ്‌റൈറ്റര്‍ സ്വന്തമാക്കി ആലപ്പുഴയില്‍ തന്നെ ഒരു കൊമേഴ്‌സ്യല്‍ സ്‌കൂള്‍ തുടങ്ങി. പക്ഷെ ആ പദ്ധതി പരാജയപ്പെട്ടു. ടൈപ്പ്‌റൈറ്ററുമായി ചങ്ങനാശ്ശേരിയിലെത്തിയ മാധവന്‍പിള്ള അന്നത്തെ എസ്.ബി.കോളേജ് പ്രിന്‍സിപ്പല്‍ ഫാദര്‍ മാത്യു പുത്തന്‍പുരയ്ക്കലിനെ കണ്ടുമുട്ടി. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവായിമാറി ഇത്.
പുരയ്ക്കലച്ചന്‍ പിള്ളയെ എസ്.ബി. കോളേജില്‍ ചേര്‍ത്തു. ഒന്നാം ക്ലാസ്സോടെ ഇന്റര്‍മീഡിയറ്റ് പാസ്സായ അദ്ദേഹം തുടര്‍ന്ന് തിരുവനന്തപുരത്ത് ബി.ഏ.ക്കു പഠിച്ച് 1941ല്‍ ഡിഗ്രി നേടി. ഇക്കാലത്ത് തന്നെ അദ്ദേഹം സാഹിത്യവൃത്തിയിലേക്കു തിരിഞ്ഞു. ‘ദേശസേവിനി’,’ജ്ഞാനാംബിക’, ‘കുമാരി കമല’, ‘വീരാംഗന’ തുടങ്ങിയ നോവലുകള്‍ എഴുതി. അദ്ദേഹത്തിന്റെ പത്രാധിപത്യത്തില്‍ നടന്നുവന്ന ‘വിജയഭാനു’ എന്ന വിനോദമാസിക ഏറെ പ്രചാരമാര്‍ജിച്ചു. 1938ല്‍ ‘യാചകമോഹിനി’യും 1941ല്‍ ‘സ്ത്രീധന’വും പുറത്തുവന്നു. ഇക്കാലഘട്ടത്തില്‍, മദ്രാസ് റേഡിയോ നിലയത്തില്‍ മുറയ്ക്കു ലഭിച്ചിരുന്ന മലയാളപരിപാടികള്‍ മുഖ്യവരുമാനമാര്‍ഗ്ഗമാക്കി മൂന്നുവര്‍ഷത്തോളം മദ്രാസില്‍ കഴിഞ്ഞുകൂടി.
തിരുവനന്തപുരത്തെത്തി നിയമപഠനത്തിനു ചേരാന്‍ തുനിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ശ്രദ്ധ എഴുത്തില്‍ തന്നെ തുടര്‍ന്നു. മലയാളത്തിലെ പ്രൗഢരായ നിഘണ്ടുകാരന്മാരില്‍ ഒരാള്‍ എന്ന നിലയിലാണ് അദ്ദേഹം ശ്രദ്ധേയനായത്. ഇംഗ്ലീഷ് മലയാളം നിഘണ്ടു, മലയാളം ഇംഗ്ലീഷ് നിഘണ്ടു, അഭിനവ മലയാളം നിഘണ്ടു എന്നിവയാണു് അദ്ദേഹം നിര്‍മ്മിച്ച നിഘണ്ടുക്കള്‍. മൂന്നു പതിറ്റാണ്ട് കഠിനപ്രയത്‌നം ചെയ്താണ് ഈ മൂന്നു ബൃഹദ്ഗ്രന്ഥങ്ങളും അദ്ദേഹം മിക്കവാറും ഒറ്റയ്ക്കു തന്നെ പൂര്‍ത്തിയാക്കിയത്. ആദ്യത്തെ രണ്ടു നിഘണ്ടുക്കളും സ്വന്തം പ്രേരണകൊണ്ടും മൂന്നാമത്തേത് ഡി.സി.കിഴക്കേമുറിയുടെ പ്രോത്സാഹനം കൊണ്ടുമാണെന്നു അദ്ദേഹം ‘അഭിനവമലയാളനിഘണ്ടുവിന്റെ ആമുഖത്തില്‍ എഴുതിയിട്ടുണ്ട്. അഭിനവ മലയാളനിഘണ്ടുവിനെ പില്‍ക്കാലത്ത് ‘1977ലെ നിഘണ്ടു’ എന്ന് ഭാഷാകാരന്മാര്‍ വിളിച്ചു
കൃതികള്‍
ആനന്ദസാഗരം
പ്രണയബോംബ്
ഇലിയഡ് (തര്‍ജമ)
ഒഡീസി (തര്‍ജമ)
റെയിനോള്‍ഡ്‌സിന്റെ ‘ഭടന്റെ ഭാര്യ(തര്‍ജമ)
ലൈല (തര്‍ജമ)
പത്മസുന്ദരന്‍ (തര്‍ജമ)
ഇംഗ്ലീഷ് മലയാളം നിഘണ്ടു
മലയാളം ഇംഗ്ലീഷ് നിഘണ്ടു
അഭിനവ മലയാളം നിഘണ്ടു
Leave a Reply