കേരളകൗമുദിയില്‍ ഡെപ്യൂട്ടി എഡിറ്ററാണ് കൊല്ലം സ്വദേശിയായ വി.എസ്.രാജേഷ്.
ഏറെ കോളിളക്കം സൃഷ്ടിച്ച എസ്.എസ്.എല്‍.സി ചോദ്യപേപ്പര്‍ ചോര്‍ച്ച (2005) പുറത്തുകൊണ്ടുവന്ന പത്രപ്രവര്‍ത്തകന്‍. ആ ന്യൂസ് ബ്രേക്കിന് രാഷ്ട്രപതിയില്‍ നിന്നുള്‍പ്പെടെ 22 അവാര്‍ഡുകള്‍ നേടി. ഹൃദയചികിത്സയ്ക്കുള്ള സ്റ്റെന്റിന്റെ വില ഗണ്യമായി കുറയ്ക്കാനിടയാക്കിയ, സ്റ്റെന്റിനു പിന്നിലെ തട്ടിപ്പുകള്‍ അനാവരണം ചെയ്ത’ ജീവന്‍രക്ഷയിലും കച്ചവടം’ എന്ന പരമ്പരയ്ക്ക് മികച്ച വികസനോന്‍മുഖ പത്രപ്രവര്‍ത്തനത്തിനുള്ള പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ദേശീയ അവാര്‍ഡ് (2018) ലഭിച്ചു. കേരള നിയമസഭ അവാര്‍ഡ്, വി.കെ. മാധവന്‍കുട്ടി അവാര്‍ഡ് എന്നിവയടക്കം അനവധി പുരസ്‌കാരങ്ങള്‍ നേടി. മികച്ച ടെലിവിഷന്‍ അഭിമുഖത്തിനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും, സംസ്ഥാന മാധ്യമ അവാര്‍ഡും നേടിയിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രിയുടെ മാധ്യമ സംഘത്തില്‍ അംഗമായിരുന്നു. ഇന്ത്യന്‍ പനോരമ ജൂറിയിലടക്കം അനവധി രാജ്യാന്തര ചലച്ചിത്രോത്സവ ജൂറികളില്‍ അംഗമായിട്ടുണ്ട്. പ്രസ് ഫോട്ടോഗ്രാഫര്‍ ശിവനെക്കുറിച്ച് കേരള മീഡിയ അക്കാദമി നിര്‍മ്മിച്ച് സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഡോക്യുഫിക്ഷന്‍ ശിവനയനത്തിന്റെ ഗവേഷണവും രചനയും നിര്‍വഹിച്ചു. സ്‌കൂള്‍ അധ്യാപികയായ എസ്.എസ്. ദീപയാണ് ഭാര്യ. വിദ്യാര്‍ത്ഥിയായ രാജ്ദീപ് ശ്രീധര്‍ മകനാണ്.
കൃതികള്‍
മാര്‍ഗി സതി (ജീവചരിത്രം)
ശിവനയനം (ജീവചരിത്രം)