തിരുവനന്തപുരം നഗരത്തിനടുത്തുള്ള കുന്നപ്പുഴ ഗ്രാമത്തില്‍ കിഴക്കേവീട്ടില്‍ തറവാട്ടില്‍ 1919 ഏപ്രില്‍ 4നു സരസ്വതിയമ്മ ജനിച്ചു. അമ്മ: കാര്‍ത്യായനിയമ്മ. അച്ഛന്‍: പത്മനാഭപിള്ള. 1936ല്‍ ഇംഗ്ലീഷ് സ്‌കൂളില്‍ നിന്നും ഒന്നാം സ്ഥാനത്തോടെ എസ്.എസ്.എല്‍.സി. പരീക്ഷ വിജയിച്ചു. തിരുവനന്തപുരം ഗവണ്മെന്റ് വിമന്‍സ് കോളെജില്‍ ഇന്റര്‍മീഡിയറ്റ് പഠനം. ആര്‍ട്‌സ് കോളെജില്‍ മലയാളം ഐഛികമായി എടുത്ത് ബി.എ.യ്ക്കു പഠിച്ചു. മലയാളം ബി.ഏ റാങ്കോടെ പാസ്സായി. പി.അനന്തന്‍പിള്ള, ഡോ.ഗോദവര്‍മ്മ, കോന്നിയൂര്‍ മീനാക്ഷിയമ്മ , ഇളംകുളം കുഞ്ഞന്‍പിള്ള എന്നിവരുടെ ശിഷ്യയായിരുന്നു. കെ.ആര്‍ നാരായണന്‍, പി.സി അലക്‌സാണ്ടര്‍, ചങ്ങമ്പുഴ, ടി.എന്‍.ഗോപിനാഥന്‍നായര്‍, കെ.ബാലകൃഷ്ണന്‍, രവീന്ദ്രവര്‍മ്മ എന്നിവര്‍ സഹപാഠികള്‍. രണ്ടുവര്‍ഷം അദ്ധ്യാപികയായി. 1945ല്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗത്തില്‍ ഉദ്യോഗസ്ഥയായി. അവിവാഹിതയായിരുന്നു.ഹൈസ്‌കൂള്‍ വിദ്യാഭ്യാസകാലത്തു തന്നെ സരസ്വതിയമ്മ സാഹിത്യരചന ആരംഭിച്ചു. ഇന്റര്‍മീഡിയറ്റിനു പഠിക്കുമ്പോള്‍ മാതൃഭൂമി വാരികയില്‍ സീതാഭവനം എന്ന കഥ പ്രസിദ്ധീകരിച്ചു. ശാരി, രാജലക്ഷ്മി എന്നീ കൂട്ടുകാരികളായിരുന്നു പ്രേരണ. ചങ്ങമ്പുഴ വാഴക്കുല എഴുതുന്നതിനു മുമ്പു് സരസ്വതി അമ്മ അവശന്മാരുടേയും ആര്‍ത്തന്മാരുടേയും കഥകള്‍ എഴുതി. പ്രസിദ്ധപ്പെടുത്തിയ ആദ്യരചന 'സീതാഭവനം' എന്ന ചെറുകഥയാണ്. 1942 മുതല്‍ 1958 വരെയുള്ള കാലത്താണ് സരസ്വതിയമ്മ സജീവമായി സാഹിത്യരചനയില്‍ ഏര്‍പ്പെട്ടത്. കുടുംബബന്ധങ്ങളിലെ കാലുഷ്യവും വ്യക്തിപരമായ ദുരന്തങ്ങളും കാരണമാകാം പിന്നീടവര്‍ ഒന്നുമെഴുതിയില്ല. സര്‍വ്വീസില്‍ നിന്ന് 1973 ഫെബ്രുവരിയില്‍ സ്വയം വിരമിച്ചു. 1975ല്‍ അന്തരിച്ചു.

കൃതികള്‍

    പെണ്‍ബുദ്ധി
    കനത്ത മതില്‍
    കീഴ്ജീവനകാരി
    ചോളമരങ്ങള്‍
    ഒരുക്കത്തിന്റെ നടുവില്‍
    വിവാഹസമ്മാനം (കഥാസമാഹാരങ്ങള്‍)
    പ്രേമഭാജനം
    പൊന്നിന്‍കുടം നോവല്‍
    ദേവദൂതി നാടകം