മലയാള ബ്രാഹ്മണരില്‍ പാരമ്പര്യമായി വൈദ്യവൃത്തി സ്വീകരിച്ച വിഭാഗക്കാര്‍. കുട്ടന്‍ചേരി മൂസ്‌സ്, ചിരട്ടമണ്‍ മൂസ്‌സ്, പെള്ളോട്ടു മൂസ്‌സ്, പ്‌ളാന്തോട് മൂസ്‌സ്, ആലത്തൂര്‍ നമ്പി, ഇളയിടത്തു തൈക്കാട്ട് മൂസ്‌സ്, തൃശൂര്‍ തൈക്കാട്ട് മൂസ്‌സ്, കാത്തോള്‍ മൂസ്‌സ് എന്നീ എട്ടു ഭവനക്കാരാണിവര്‍. അഷ്ടവൈദ്യന്‍മാര്‍ എന്നത് കുടുംബത്തിന്റെ കണക്കിലല്ലെന്നും അഷ്ടാംഗമായ ആയൂര്‍വേദത്തില്‍ കഴിവുനേടിയവരായിരുന്നതു കൊണ്ടാണെന്നും പക്ഷാന്തരമുണ്ട്. വൈദ്യപാരമ്പര്യത്തില്‍ ഇവര്‍ക്ക് ദിവ്യാനുഗ്രഹമുണ്ടെന്നാണ് വിശ്വാസം. ശസ്ത്രക്രിയ, ശവപരിശോധന എന്നിവപോലും അഷ്ടവൈദ്യന്‍മാര്‍ നടത്തിയിരുന്നത്രെ. ബ്രാഹ്മണരില്‍ അല്പമൊരു ആഭിജാത്യക്കുറവ് ഇവര്‍ക്ക് കല്പിക്കുന്നത് അതു കൊണ്ടായിരിക്കണം.