പ്രാക്തനമായ ഒരു ആരാധനാ രീതി. പരശുരാമന്‍ കേരളത്തില്‍ നാഗങ്ങളെയും ഭൂതങ്ങളെും പ്രതിഷ്ഠിച്ചതായി കേരളോല്‍പത്തിയില്‍ പ്രസ്താവിച്ചുകാണുന്നു. ഭൂതങ്ങള്‍ നിധി കാക്കുന്നവരാണെന്നും പല അത്ഭുതകൃത്യങ്ങളും ചെയ്യുവാന്‍ അവര്‍ക്കു കഴിയുമെന്നുമാണ് പ്രാക്തന വിശ്വാസം. . കര്‍ണാടക സംസ്ഥാനത്തില്‍പ്പെട്ട തുളുനാടന്‍ പ്രദേശങ്ങളില്‍ കല്‍പിച്ചത്ര പ്രാധാന്യം കേരളത്തില്‍ ഭൂതാരാധനയ്ക്ക് കല്‍പിച്ചിട്ടുണ്ടെന്നു പറഞ്ഞുകൂടാ. ക്ഷേത്രങ്ങളില്‍ ഭൂതഗണങ്ങള്‍ക്ക് ബലിനല്‍കുന്ന പതിവുണ്ട്. മുഖ്യദേവന്റെ പരിവാരങ്ങളാണ് ആ ഭൂതഗണങ്ങള്‍. ഉല്‍സവാദി വിശേഷാവസരങ്ങളില്‍ ശ്രീഭൂതബലി നടത്തുന്നു.

ശൈവാരാധനയുമായി ബന്ധപ്പെട്ട ഭൂതങ്ങള്‍, നായട്ടുമായി ബന്ധപ്പെട്ട വനഭൂതങ്ങളായ ദുര്‍ദേവതകള്‍, ദുര്‍മൃതിയടഞ്ഞ മനുഷ്യയരുടെ പ്രേതപിശാചുക്കളായ ഭൂതങ്ങള്‍ എന്നിങ്ങനെ ‘ഭൂത’ങ്ങളില്‍പ്പെടുന്ന ദേവതകള്‍ പലതരമാണ്.

ഉത്തരകേരളത്തിലെ തെയ്യം, തിറ എന്നിവയുടെ രംഗത്ത് അനേകം ഭൂതങ്ങളെ കാണാം. വെളുത്തഭൂതം, ചുവന്നഭൂതം എന്നിവ ശിവഭൂതങ്ങളാണ്. കരിമ്പൂതം ശൈവാംശമായി സങ്കല്‍പിക്കപ്പെടാറുണ്ടെങ്കിലും ‘പുതൃമല പുതൃപിശാചി’ന്റെ പൊന്‍മകനത്രെ. പൂതത്താര് എന്ന പേരില്‍ പുലയര്‍കെട്ടുന്ന തെയ്യവും ശിവാംശസങ്കല്‍പത്തിലുള്ളതുതന്നെ. ആശാരിമാരുടെ സ്ഥാനങ്ങളില്‍ കെട്ടിയാടാറുള്ള ‘മണിക്കുണ്ടന്‍’ എന്ന തെയ്യം ഒരു ഭൂതമാണ്. ദുര്‍മൃതിയടഞ്ഞ പ്രേതപിശാചുക്കളെ ‘അണങ്ങ്ഭൂത’മെന്ന് പറയാറുണ്ട്. ദണ്ഡിയങ്ങാനത്തുഭഗവതിയോടൊപ്പം പുറപ്പെടുന്ന ‘അണങ്ങുഭൂത’വും മാവിലരുടെ ‘ചിറകണ്ടന്‍ പൂത’വും ഈ വിഭാഗത്തില്‍പ്പെടുന്നു. തുളുവനത്തുകൂലോത്ത് കെട്ടിയാടുന്ന ഒരു തെയ്യമാണ് ‘അളര്‍ഭൂതം’. രാമവില്യകഴകത്തിലും മറ്റും ‘വട്ടിപ്പൂത’മുണ്ട്. ഗര്‍ഭസംബന്ധമായ വേദനകള്‍ മാറ്റുന്ന ഒരു ദേവതയാണത്.

ആലി, ബബ്ബിരിയന്‍ തുടങ്ങിയ ‘മാപ്പിളത്തെയ്യ’ങ്ങളെയും കുട്ടിച്ചാത്തന്‍, ഭൈരവന്‍,ഗുളികന്‍,ക്ഷേത്രപാലന്‍ തുടങ്ങിയ ദേവതകളെയും തുളുനാട്ടില്‍ ‘ഭൂത’ങ്ങളായിട്ടാണ് സങ്കല്‍പിക്കുന്നത്.

‘ഭൂത’ശബ്ദത്തിന് ‘ദോഷം ചെയ്യുന്ന ക്ഷുദ്രശക്തി’ എന്നാണ് അര്‍ഥമെന്നും, പിശാച്, അണങ്ങ് തുടങ്ങിയ അര്‍ഥം അതിനു നല്‍കിയിട്ടുണെന്നും, തെയ്യം എന്ന അര്‍ഥം പില്‍ക്കാലത്ത് വന്നുചേര്‍ന്നതാണെന്നും പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നു.