വ്രതം, പ്രത്യേകനിഷ്ഠയോടും ശുദ്ധിയോടും നില്‍ക്കല്‍. പിതൃദീക്ഷ (പ്രേതദീക്ഷ), വ്രതദീക്ഷ, ഗര്‍ഭദീക്ഷ, യാഗദീക്ഷ, വിവാഹദീക്ഷ എന്നിങ്ങനെ ദീക്ഷകള്‍ പലവിധമുണ്ട്. മാതാപിതാക്കളും മറ്റും മരിച്ചാല്‍ നാല്പത്തൊന്നു ദിവസമോ, ഒരു വര്‍ഷമോ ക്ഷൗരാദികളൊന്നും ചെയ്യാതെ നില്‍ക്കാറുണ്ട്. അതാണ് പിതൃദീക്ഷ. ഭാര്യ ഗര്‍ഭം ധരിച്ചാല്‍ ഭര്‍ത്താവ് ദീക്ഷിക്കുന്ന പതിവ് ബ്രഹ്മണര്‍ക്കിടയില്‍ ഉണ്ടായിരുന്നു. വേളിക്ക് മൂന്നു രാത്രി അനുഷ്ഠിക്കുന്ന ദീക്ഷയാണ് വിവാഹദീക്ഷ. ചില കര്‍മ്മങ്ങള്‍ക്ക് കര്‍മം ചെയ്യുന്ന ആള്‍ ദീക്ഷിക്കണം. ചില വ്രതങ്ങള്‍ക്കും ദീക്ഷ പതിവുണ്ട്. ദീക്ഷിക്കുന്നവര്‍ ക്ഷൗരം ചെയ്യുകയില്ല. പകലുറക്കം, മൈഥുനം എന്നിവ വര്‍ജിക്കും. ആഹാരാദികളിലും പ്രത്യേകതയുണ്ട്.