ഭീകരരൂപിയായ ഒരു ദുര്‍ദേവത. ദക്ഷിണ തിരുവതാംകൂറിലും തമിഴ്‌നാട്ടിലും മാടന്റെ അധിഷ്ഠാനമായ ‘മാടന്‍കോവിലു’കള്‍ കാണാം. ഈ ദേവതയുടെ ഉപാസകന്‍മാര്‍ ‘മാടന്‍തുള്ളല്‍’ നടത്താറുണ്ട്. മാടന്‍ ഒരു ഗ്രാമദേവത കൂടിയാണെന്ന് ചിലര്‍ കരുതുന്നു. ‘മാട്’ എന്ന തമിഴ് ശബ്ദത്തില്‍ നിന്നാണ് ‘മാടന്‍’എന്ന പദത്തിന്റെ നിഷ്പത്തിയെന്നും, ശൈവാരാധനയുടെ പ്രാക്തനമായ സങ്കല്‍പമാണെതെന്നും വിശ്വസിക്കുന്നവരുണ്ട്. ദുര്‍മൃതി പ്രാപിച്ചവരുടെ പ്രേതമാണ് മാടന്‍ എന്ന ദുര്‍ദേവതയായിത്തീരുന്നതെന്ന വിശ്വാസത്തിനും പഴക്കമുണ്ട്. പ്രേതപിശാചുക്കളുടെ സങ്കല്‍പത്തിലുള്ള ദേവതകളെല്ലാം ശൈവാരാധനയുമായി ബന്ധപ്പെട്ടു കാണുന്നുണ്ട്. കാലമാടന്‍, ചുടലമാടന്‍, വണ്ണറമാടന്‍, നെരിപ്പോടുമാടന്‍ എന്നിപ്രകാരം മാടന് വകഭേദങ്ങളുണ്ട്. പടയണിയില്‍ കാലമാന്‍ തുടങ്ങിയ കോലങ്ങള്‍ പതിവുണ്ട്. വേണാടിന്റെ തെക്കുഭാഗത്ത് മന്നര്‍മാടന്റെ ആരാധനാസങ്കേതങ്ങളുണ്ട്. അവിടങ്ങളില്‍ കണിയാന്‍കൂത്ത് നടത്തപ്പെടുന്നു.