കാസര്‍കോടു ജില്ലയിലെ കോപ്പാള സ്ത്രീകളുടെ ഒരു നൃത്തവിശേഷമാണ് മാതിര. രണ്ടാം വിളവെടുപ്പിനുശേഷം ഭവനം തോറും നൃത്തസംഘം ചെന്ന് അവതരിപ്പിക്കും. എട്ടോളം സ്ത്രീകള്‍ നൃത്തംചെയ്യും. ദോള് എന്ന വാദ്യോപകരണം വാദനം ചെയ്യുന്നത് പുരുഷനായിരിക്കും. മാതിരക്കളിക്ക് പാട്ടുപാടും. നൃത്തമാരംഭിക്കുമ്പോള്‍ വീട്ടിലുള്ളവര്‍ മുറത്തില്‍ നെല്ലുകൊണ്ടുവയ്ക്കും. നൃത്തം വയ്ക്കുന്നതിനിടയില്‍ത്തന്നെ ആ മുറമെടുത്ത് തലയില്‍വച്ച് നൃത്തം ചെയ്യുകയും, മുറത്തിലെ നെല്ല് മേല്‍പ്പോട്ടെറിഞ്ഞ് പുറം കമിഴ്ത്തിപ്പിടിച്ച് ഏല്‍ക്കുകയും ചെയ്യും. വായ്ത്താരി കലര്‍ന്നതാണ് മാതിരക്കളിയുടെ പാട്ടുകള്‍. ശ്രീകൃഷ്ണലീലകള്‍ പാട്ടില്‍ വര്‍ണിക്കുന്നു.