ബ്രഹ്മാലയം. മധ്യദക്ഷിണകേരളപ്രദേശങ്ങളിലാണ് ‘മന’ എന്ന് കൂടുതല്‍ പ്രയോഗിക്കുന്നത്. ഉത്തരകേരളത്തില്‍ ബ്രഹ്മാലങ്ങളെ ‘ഇല്ലം’ എന്നാണ് പറയുക. എന്നാല്‍, പയ്യന്നൂര്‍ഗ്രാമക്കാരായ ‘തിരുമുമ്പ്’മാരുടെ ഭവനങ്ങളെ ‘മന’ എന്നു പറയും. താഴയ്ക്കാട്ടുമന, ദയരമങ്ങലത്തുമന, കുന്നത്തുമന, തളിയില്‍മന, കുഞ്ഞിമംഗലത്തുമന, കുറുവേലിമന, തേളക്കാട്ടുമന, കോക്കുന്നത്തുമന, മാതമംഗലത്തുമന, എടാട്ടുമന, കാരാളിമന, താവത്ത്മന, താറ്റ്യേരിമന, നുഞ്ഞിക്കരമന, എന്നിങ്ങനെയാണ് മനകളുടെ പേരുകള്‍. യജൂര്‍വേദികളാണ്. ഷോഡശക്രിയകള്‍ പതിവുണ്ട്. മരുമക്കത്തായം സ്വീകരിച്ച ബ്രാഹ്മണരാണിവര്‍. തിരുമുമ്പന്‍മാര്‍ക്ക് സ്വജാതി വിവാഹം പതിവില്ലായിരുന്നു. സ്ത്രീകളെ അന്യഗ്രാമക്കാരായ ബ്രാഹ്മണര്‍ വിവാഹം കഴിക്കും. പക്ഷേ, വിവാഹനന്തരം കുടിവെപ്പ് പതിവില്ല. വധു ‘അമ്മത്തിരുമുമ്പാ’യി ‘മന’യില്‍ത്തന്നെ താമസിക്കും. വിവാഹം കഴിച്ച ആളും അവിടെ താമസിക്കുകയാണ് പതിവ്.