കൂത്തിനും കൂടിയാട്ടത്തിനും ഉപയോഗിക്കുന്ന വാദിത്രം. മിഴാവ് ഒരു ദേവവാദ്യമാണ്. പരശുരാമന്‍ ഏര്‍പ്പെടുത്തിയതാണ് ഈ വാദ്യമെന്നാണ് ഐതിഹ്യം. വലിയ ചെമ്പുപാത്രത്തിന് തോലു പൊതിഞ്ഞാണ് മിഴാവുണ്ടാക്കുന്നത്. മിഴാവ് ഉയര്‍ത്തിവയ്ക്കുവാന്‍ പ്രത്യേകം മരക്കൂടുണ്ടായിരിക്കും. കൂത്തമ്പലത്തില്‍ വേദിയുടെ പിന്‍ഭാഗത്ത് ഇരുവശങ്ങളിലും ഇതിന് പ്രത്യേക സ്ഥാനമുണ്ടായിരിക്കും. നമ്പ്യാരാണ് മിഴാവ് കൊട്ടുന്നത്. മരക്കൂടിന്‍മേല്‍ ഇരിക്കാന്‍ പ്രത്യേക പലക കാണും. അവിടെയിരുന്നാണ് മിഴാവ് കൊട്ടുക. ഈ മംഗളവാദ്യത്തിന് ഉപനയനാദി സംസ്‌കാരകര്‍മങ്ങള്‍ നടത്തുന്ന പതിവുണ്ടായിരുന്നു. മിഴാവ് ആദ്യകാലത്ത് മണ്ണുകൊണ്ടാണ് നിര്‍മിച്ചിരുന്നത്. പിന്നീടാണ് ലോഹം കൊണ്ട് നിര്‍മിച്ചു തുടങ്ങിയത്. ശരിക്കുള്ള മിഴാവിന് മൂന്നടി ഉയരവും അതിനനുഗുണമായ വട്ടവും വായ് വിസ്താരവും ഉണ്ടായിരിക്കും. ഭരണിയുടെ ആകൃതിയായിരിക്കും. കൃഷ്ണാജിനം, പശുക്കിടാവിന്റെയോ കരിങ്കുരങ്ങിന്റെയോ തോല്‍ എന്നിവകൊണ്ടാണ് അതിന്റെ വായ് പൊതിയുക. ഈ മംഗളവാദ്യം കേരളീയവാദ്യമാണ്. നമ്പ്യാരുടെ കൃതികളില്‍ മിഴാവിനെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.