ഭയപരിഹാരാര്‍ത്ഥമായി ചെയ്യുന്ന മാന്ത്രികകര്‍മ്മം. ഒരു തേങ്ങ, മൂന്നുപിടി മലര്, മൂന്ന് ഉരുളച്ചോറ് എന്നിവ ഈ കര്‍മ്മത്തിന് വേണം. കുട്ടികള്‍ക്കുണ്ടാകുന്ന ഭയം മുതലായ ഉപദ്രവങ്ങള്‍ നീക്കുവാനാണ് പരവത്തിരി നടത്തുന്നത്. വാഴക്കൈ മുറിച്ചെടുത്ത് അതിന്റെ തലയ്ക്ക് ഒരു തിരശ്ശീല ചുറ്റി എണ്ണയില്‍ മുക്കി കത്തിക്കും. ചുറ്റിയ ശീല ചുറ നിവര്‍ത്തിക്കൊണ്ടിരിക്കുകയും, കത്തുന്ന ഭാഗത്ത് വെള്ളം കുടയുകയും ചെയ്യും, അപ്പോള്‍ വെള്ളം പൊട്ടിത്തെറിക്കും. ഈ ശബ്ദം കേട്ടാല്‍ ഭയം നീങ്ങുമത്രെ. ഭയംകൊണ്ട് ഭയം തീര്‍ക്കുകയെന്ന തത്വമാണ് ഈ കര്‍മ്മത്തിന്റെ പിന്നിലുള്ളത്. മലയന്‍, പുള്ളുവന്‍ തുടങ്ങിയ സമുദായക്കാര്‍ പരവത്തിരി നടത്തും.