പിച്ചാത്തി, പീച്ചാങ്കത്തി, പേനക്കത്തി തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. പണ്ടത്തെ ജനങ്ങളുടെ സന്തത സഹചാരിയാണ് പിച്ചാത്തി. നിത്യജീവിതത്തില്‍ പല ആവശ്യങ്ങള്‍ക്കും അതുവേണം. ആചാരപ്പെട്ട സ്ഥാനികര്‍, അന്തിത്തിരിയന്‍, കോമരം തുടങ്ങിയവര്‍ പിച്ചാങ്കത്തി എടുക്കും.

പിച്ചാന്‍കത്തി നിര്‍മാണത്തിന് പല പ്രദേശങ്ങളിലും പേരുകേട്ടതാണ്. പ്രത്യേകിച്ചും പയ്യന്നൂരില്‍ ഈ കത്തിക്ക് പ്രാമുഖ്യമുണ്ട്. പിച്ചാത്തികള്‍ രണ്ടിഞ്ച്, രണ്ടരയിഞ്ച്, മൂന്നിഞ്ച്, മൂന്നേമുക്കാലിഞ്ച്, നാലിഞ്ച് എന്നിങ്ങനെ വിവിധ വലുപ്പത്തില്‍ നിര്‍മ്മിക്കാറുണ്ട് കാലോ, അരയോ, ഇഞ്ച് കനം കത്തിക്കുണ്ടാവും. ഉപയോഗിക്കുന്നവരുടെ നിര്‍ദേശമനുസരിച്ചാണ് വലിപ്പവും കനവും നിശ്ചയിക്കുക. കത്തി ഉണ്ടാക്കുവാന്‍ ഉരുക്കാണ് ഉപയോഗിക്കുന്നത്. കത്തിയുടെ പിടിക്ക് മാന്‍കൊമ്പോ, ചന്ദനമോ മറ്റു മരക്കഷണങ്ങളോ ഉപയോഗിക്കും. പിടിക്കകത്തുനിന്ന് കത്തി എളുപ്പം വലിച്ചെടുക്കുവാന്‍ നുള്ളല്‍കൊത്തി എന്ന കഴിവ് ഉണ്ടാകും. കത്തിയുടെ ഒരറ്റത്ത് വട്ടക്കണ്ണിയും പിടിപ്പിക്കാറുണ്ട്.