മരിച്ചാലും ജനിച്ചാലും ആചരിക്കാറുള്ള അശുദ്ധി. ജനിച്ച പുലയെക്കാള്‍ മരിച്ച പുലയ്ക്കു കൂടുതല്‍ അശുദ്ധിയുണ്ട്. പുലയുള്ളവരെ സ്പര്‍ശിക്കുന്നവര്‍ക്കും അവര്‍ തൊടുന്ന വസ്തുക്കള്‍ക്കും അശുദ്ധിയുണ്ട്. പിന്നെ, ശുദ്ധമാകണമെങ്കില്‍ പുണ്യാഹം കുടയണം. പുലക്കാര്‍ക്ക് കുളം തൊടാമെങ്കിലും, കിണറ് തൊടാന്‍ പാടില്ല. ഉയര്‍ന്ന ജാതിക്കാര്‍ക്കിടയില്‍ ഈ അശുദ്ധിക്ക് കൂടുതല്‍ ശക്തിയുണ്ട്. ഓരോ ജാതിക്കാരും അനുഷ്ഠിച്ചുപോരുന്ന പുലയ്ക്കു തമ്മില്‍ വ്യത്യാസം കാണാം. ബ്രാഹ്മണര്‍ പത്തു ദിവസമാണ് പുല ആചരിക്കുന്നത്. നായന്‍മാര്‍ക്കും മറ്റും പന്ത്രണ്ടു പുലയാണ്. പതിനഞ്ചു പുലകൊള്ളുന്ന ശൂദ്രരുമുണ്ട്. ക്ഷത്രിയര്‍ക്കു പതിനൊന്നു പുലയും വൈശ്യര്‍ക്കു പതിമൂന്നു പുലയുമത്രെ. വണ്ണാന്മാരും പുലയരും പതിമ്മൂന്നു ദിവസം പുല ആചരിക്കുന്നു. ഉത്തരകേരളത്തിലെ പുള്ളുവര്‍ക്കിടയില്‍ പുരുഷന്മാര്‍ മരിച്ചാല്‍ 13 ദിവസവും സ്ത്രീ മരിച്ചാല്‍ 12 ദിവസവും പുല ആചരിക്കുന്നു. ദക്ഷിണകേരളത്തിലെ പുള്ളുവര്‍ യഥാക്രമം 17–ാം ദിവസവും 16–ാം ദിവസവുമാണ് പുലകുളി നടത്തുന്നത്. ആദിവാസികളായ ഗിരിവര്‍ഗ്ഗക്കാര്‍പോലും പുല ആചരിക്കുന്നുണ്ട്.