ഈതിബാധകളും രോഗങ്ങളും തീര്‍ക്കുവാനുള്ള ഒരു മന്ത്രവാദകര്‍മം. രാത്രിയില്‍ പാട്ടുപാടികൊണ്ടുള്ള പരിപാടിയായതുകൊണ്ടാണ് രാപ്പാട്ട് എന്ന് പറയുന്നത്. മകരം ഇതുപത്തിയൊമ്പതാം തീയതി രാത്രി മുതലാണ് ഇത് നടത്തുക. മൂന്ന് നാല് പേരടങ്ങിയ സംഘം ഭവനംതോറും പറകൊട്ടിപ്പാടിക്കൊണ്ടുപോകും. പിണി തീര്‍ക്കുകയെന്നാണ് സങ്കല്‍പം. പാടുന്നവര്‍ക്ക് വീടുകളില്‍ നിന്ന് നെല്ലും അരിയും ലഭിക്കും.

രാപ്പാട്ട് പല സമുദായക്കാരും പാടിവരുന്നുണ്ട്. കാണിക്കാരും വേലന്മാരും ദക്ഷിണകേരളത്തില്‍ രാപ്പാട്ടു പാടുന്നവരാണ്. പാണര്‍, കുറവര്‍ എന്നിവരും പാടാറുണ്ട്. മധ്യകേരളത്തില്‍ മണ്ണാന്മാരാണ് രാപ്പാട്ട് പാടുന്നത്.