ശവസംസ്‌കാരരീതികള്‍ ഓരോ സമൂഹത്തിന്റെയും സംസ്‌കാരത്തെ പ്രതിഫലിപ്പിക്കും. അവരുടെ വിശ്വാസം, ആചാരം, തൊഴില്‍, സാമൂഹികപദവികള്‍, പരിസ്ഥിതികള്‍ എന്നിവയൊക്കെ ശവസംസ്‌കാര രീതിയില്‍ സ്വാധീനം ചെലുത്താതിരിക്കില്ല. അഗ്നിസംസ്‌കാരം, ഭൂമിദാനം, കുഴിയില്‍ നിറുത്തിമറവുചെയ്യല്‍, വെള്ളത്തില്‍ ആഴ്ത്തല്‍, ഉപേക്ഷിക്കല്‍ എന്നിങ്ങനെ വിവിധരീതികള്‍ അവലംബിക്കാറുണ്ട്. ദഹിപ്പിക്കുകയാണെങ്കില്‍ അസ്തിസഞ്ചയനം നടത്തും. അസ്ഥികള്‍ എടുത്ത് നദിയില്‍ ഒഴുക്കുകയോ, പാത്രത്തിലാക്കി കുഴിച്ചിടുകയോ ചെയ്യും. ശമ്ശാനത്തിന്റെ അശുദ്ധികളയുവാന്‍ അവിടെ നവധാന്യങ്ങള്‍ വിതറുകയും ഫലവൃക്ഷങ്ങള്‍ നടുകയും ചെയ്യാറുണ്ട്. ആദിവാസികള്‍ ശവം മറവുചെയ്യുമ്പോള്‍ ഭക്ഷ്യവസ്തുക്കള്‍ ശവകുഴികളില്‍ വയ്ക്കും. പല സമുദായക്കാരും ശ്മശാനം പ്രത്യേകമായി അതിര്‍ത്തി തിരിച്ചു വയ്ക്കും.