വാദ്യം,നൃത്തം,ഗീതം തുടങ്ങിയവയുടെ മാത്രാനിയമം (കാലത്തിന്റെയും നിയമം).ഉറച്ചുനില്‍ക്കുന്നത് എന്ന പദത്തിന്റെ അര്‍ത്ഥം ‘കാലക്രിയാമാനം’ ആണ് ‘താള’മെന്ന് അരകോശത്തില്‍ പറയുന്നു.ലഘു,ദ്രുതം,ഗുരു,പ്‌ളുതം എന്നിവ ചേര്‍ന്ന ക്രിയകൊണ്ട് അളക്കപ്പെടുന്നതും ഗീതത്തിന്റെ അളവിനെ കുറിക്കുന്നതുമായ കാലമാനമാണ് ശാസ്ത്രവിധി.ശിവന്റെ ഊര്‍ധതാണ്ഡവത്തില്‍ ‘തെഥ’ എന്ന ശബ്ദത്തോടെ നൂപുരം പതിച്ചപ്പോള്‍ അത് താങ്ങാന്‍ ഭൂമിക്കു കഴിവില്ലെന്നതിനാല്‍, ശിവന്‍ തന്നെ ശിരസ്‌സ്,തോള്‍,കാല്‍മുട്ട് എന്നിവടങ്ങളില്‍ തടഞ്ഞുവെന്നും അപ്പോഴാണ് താളം ഉണ്ടായതെന്നും പറയപ്പെടുന്നു.താളം എന്നത് ശിവശക്തി സംയോഗമാണെന്നും അഭിപ്രായമുണ്ട്. ശിവശക്തികളുടെ താണ്ഡവലാസ്യങ്ങളെത്രെ അതിനു പ്രമാണം.

വിഭിന്നങ്ങളായ ചലനഗതി ക്രമങ്ങളെ അടിസ്ഥാനമാക്കി വിവിധതാളവ്യവസ്ഥകള്‍ ഉണ്ടായി. പത്തു പ്രമാണങ്ങള്‍(ദശപ്രമാണങ്ങള്‍)ഉള്‍ക്കൊണ്ടതാണ് താളം. താളങ്ങളെ മുറിച്ച്, ഇടയില്‍ വിഭിന്ന അക്ഷരകാലങ്ങളിലുള്ള ഗതികള്‍ സംയോജിപ്പിച്ച് പുതിയതാളക്കെട്ടുകള്‍ ഉണ്ടാക്കുന്നു.