തണ്ടപ്പുലയരുടെയിടയില്‍ പ്രചാരത്തിലുള്ള കലാപ്രകടനമാണ് തലയാട്ടം. തെക്കേ മലബാര്‍, കൊച്ചി, ചേര്‍ത്തല തുടങ്ങിയ പ്രദേശങ്ങളില്‍ ഇത് നടപ്പുണ്ട്. താളമേളത്തോടുകൂടിയ നൃത്താഭിനയമാണത്. ഓട്ടുകിണ്ണമോ കൈമണിയോ താളവാദ്യമായി ഉപയോഗിക്കും. ഉത്സവസന്ദര്‍ഭങ്ങളിലും തിരണ്ടുകല്യാണത്തിനും തലയാട്ടം നടത്താറുണ്ട്. തിരണ്ടുകല്യാണത്തിന് തലയാട്ടം നടത്തുന്നത് തിരണ്ടുകുളി കഴിഞ്ഞ കന്യകതന്നെയാണ്. പതിനഞ്ചാം ദിവസം കുളികഴിയും. അവള്‍ കിഴക്കോട്ട് തിരിഞ്ഞിരിക്കണം മന്ത്രവാദികളായ പുലയര്‍ ഇരുവശവും നിന്നുകൊണ്ട് പാടും. അവള്‍ ബോധം കെട്ടുവീഴുംവരെ തലയാട്ടം നടത്തും. ബോധക്കേടു വന്നാല്‍ ഇളനീര്‍വെള്ളമാണ് കൊടുക്കുക.തലയാട്ടം നടത്തിയാലേ ശുദ്ധമാകയുള്ളൂവെന്നാണ് വിശ്വാസം. മറ്റു ചില സമുദായക്കാരും അതില്‍ ഏര്‍പ്പെടാറുണ്ട്.’മുടിയാട്ടം’ എന്ന പേരിലാണ് അത് അറിയപ്പെടുന്നത്.