കല്യാണത്തിന് വധുവിന്റെ കഴുത്തില്‍ അണിയുന്ന ആഭരണം. കവണത്താലി,മലത്തിത്താലി, കമുത്തിത്താലി,ഇളക്കത്താലി, പപ്പടത്താലി,നാഗപടത്താലി,കുമ്പളത്താലി,പൊക്കന്‍ത്താലി,ചെറുതാലി എന്നിങ്ങനെ താലി പലവിധമുണ്ട്. മംഗല്യസൂചകമാണ് താലി.താലികെട്ടുന്നതില്‍ സമുദായങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ട്.നമ്പൂതിരിമാര്‍ക്കിടയില്‍ കന്യകയുടെ പിതാവാണ് താലികെട്ടുന്നത്.മുഹൂര്‍ത്തത്താലി കെട്ടി അലങ്കരിച്ച കന്യകയെ പിതാവ് വരന് ദാനം ചെയ്യുന്നു. മറ്റു മിക്ക സമുദായങ്ങളിലും വരന്‍ തന്നെയാണ് വധുവിന് താലികെട്ടുന്നത്.

ചില സമുദായക്കാര്‍ക്കിടയില്‍ താലികെട്ടുകല്യാണം എന്നൊരു മംഗളകര്‍മ്മം പ്രത്യേകമായുണ്ട്. ഈഴവന്‍, വേലന്മാര്‍, പുള്ളുവര്‍, പാണര്‍, മലയര്‍, മുക്കുവര്‍, കമ്മാളര്‍, കണിശന്മാര്‍ തുടങ്ങിയ സമുദായക്കാര്‍ക്കിടയില്‍ താലികെട്ട് എന്ന ചടങ്ങ് ഇന്നുമുണ്ട്. മലവെട്ടുവര്‍, കുറിച്യര്‍, അടിയാന്മാര്‍, ഊരാളിക്കുറുമര്‍, തളനാടികള്‍, കുണ്ടുവടിയന്മാര്‍, മലക്കാരന്മാര്‍, ഇരുളര്‍, പണിയര്‍ തുടങ്ങിയ ആദിവാസിവര്‍ഗക്കാര്‍ക്കിടയിലും താലികെട്ടുന്ന സമ്പ്രദായം കാണാം. സാധാരണയായി താലി സ്വര്‍ണംകൊണ്ട് നിര്‍മ്മിക്കുന്നതാണെങ്കിലും സാമ്പത്തികശേഷിയില്ലാത്തവര്‍ മറ്റു ലോഹങ്ങള്‍ കൊണ്ടും താലി നിര്‍മ്മിക്കും. ആദിവാസികളില്‍ പലരും കല്ലുമാലയാണ് താലിയായി കരുതിപ്പോരുന്നത്. ഭര്‍ത്താവ് മരിച്ചാല്‍ സ്ത്രീ താലി ധരിക്കരുതെന്നാണ് മിക്ക ജാതിക്കാരുടെയും നിയമം.