കന്യകമാരെ പുരസ്‌കരിച്ചു നടത്തുന്ന ഒരു മംഗളകര്‍മം. കന്യകയുടെ കഴുത്തില്‍ താലി കെട്ടുകയെന്നതാണ് മുഖ്യചടങ്ങ്. കെട്ടുകല്യാണം,താലിക്കല്യണം എന്നീ പേരുകള്‍കൂടി ഇതിനുണ്ട്. സാധാരണ കല്യാണത്തിന് മുന്‍പാണ് താലികെട്ടുകല്യാണം നടത്തുക.ഋതുവാകുന്നതിനു മുന്‍പേ ഈ കര്‍മം നടത്താറുണ്ട്. താലികെട്ടുകല്യാണം മരുമക്കത്തായ സമ്പ്രദായക്കാര്‍ക്കിടയിലാണ് കൂടുതല്‍ നടപ്പുള്ളതെങ്കിലും, മക്കത്തായസമ്പ്രാദായക്കാര്‍ക്കിടയിലും കാണാം. ആര്‍ഭാടപൂര്‍വ്വം നടത്താറുള്ള അടിയന്തിരമാണിത്.നായന്‍മാര്‍,ഈഴവര്‍,കമ്മാളര്‍,വേലന്‍മാര്‍,പുള്ളുവര്‍,പാണര്‍,വില്‍ക്കുറുപ്പ്,കണിയാന്‍,കുറിച്യര്‍,തുടങ്ങിയ പല സമുദായക്കാര്‍ക്കിടയിലും കെട്ടുകല്യണം പതിവുണ്ടായിരുന്നു.ഇ

നായര്‍തറവാടുകളില്‍ കെട്ടുകല്യാണത്തിന് ബ്രാഹ്മണിയമ്മമാര്‍ പാട്ടുപാടുന്ന പതിവുണ്ട്. ഈഴവരുടെയിടയില്‍ ഒരേ പന്തലില്‍ വെച്ച് അനേകം കെട്ടുകല്യാണം നടത്താറുണ്ട്. മിന്നുകെട്ടുക’ എന്നും ഇതിന് പേര്‍ പറയും. കല്യാണത്തിനെന്നപോലെ കെട്ടുകല്യാണത്തിനും മുഹൂര്‍ത്തം നോക്കണം. പന്തല്‍ക്കാല്‍ നാട്ടുവാന്‍ പോലും നല്ല സമയം നോക്കുന്നവരുണ്ട്. ആര്‍പ്പും കുരവയും കൊണ്ട് അന്തരീക്ഷം മുഖരിതമായിരിക്കു. ചിലര്‍ വാദ്യവും കൊട്ടാറുണ്ട്. കെട്ടുകല്യാണത്തിന് ചിലേടങ്ങളില്‍ ‘ഗണപതി ചൊല്ലല്‍’ എന്നൊരു ചടങ്ങുണ്ട്. സ്ത്രീകളുടെ ‘വച്ചുതളി’ എന്നൊരു ചടങ്ങും ചിലേടങ്ങളില്‍ കാണാം.