തട്ടുപറി
മാടായിക്കാവില്‍ പെരുംകലശത്തിന്റെ ഭാഗമായി നടത്താറുള്ള ഒരു ചടങ്ങ്. ഇടവമാസത്തിലാണ് കലശം. കലശം തുടങ്ങുന്ന ദിവസം ചെറുകുന്ന് വടക്കുമ്പാട് കോവിലകം ക്ഷേത്രത്തില്‍നിന്ന് തട്ട് വിദ്യഘോഷത്തോടെ എഴുന്നള്ളിച്ചുകൊണ്ടുവരും. വാഴത്തടകൊണ്ട് തേരു (ബലിപീഠം)ണ്ടാക്കി, അതില്‍ തെങ്ങിന്റെ പൂക്കുല വെച്ചതാണ് തട്ട്. വൈകുന്നേരം മൂന്നു മണിയോടുകൂടി എഴുന്നള്ളിപ്പുകാര്‍ മാടായിക്കാവിലെത്തും. തെയ്യം പുറപ്പെടുന്ന സമയമാണത്. തട്ടുമായി വരുന്നവരെ കാവില്‍ സ്വീകരിക്കും. തട്ടിലെ പൂക്കുലയുടെ കുല പറിക്കുവാന്‍ ജനങ്ങള്‍ മത്സരിക്കും. അത് പ്രസാദമായി ഭവനങ്ങളിലേക്കു കൊണ്ടുപോകും. ‘തട്ടി’ലെ പൂക്കുലയുടെ അംശം ഭവനങ്ങളില്‍ കയറ്റിയാല്‍ ഐശ്വര്യമുണ്ടാകുമെന്നാണ് വിശ്വാസം. ‘തട്ടി’ലെ പൂക്കുലയ്ക്കുവേണ്ടിയുള്ള മത്സരമാണ് ‘തട്ടുപറി’ എന്ന പേരില്‍ അറിയപ്പെടുന്നത്.
Leave a Reply