കേരളത്തിലെ ഒരു ആദിവാസി വര്‍ഗം. ചങ്ങനാശേ്ശരി, കോട്ടയം, പത്തനംതിട്ട ആലപ്പുഴ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും റാന്നിയിലെ വനങ്ങളിലും ഉള്ളാടന്മാരെ കാണാം. കാടന്മാര്‍, കൊച്ചുവേലര്‍ എന്നിവര്‍ ഉള്ളാടന്മാര്‍ തന്നെയാണെന്ന് കരുതപ്പെടുന്നു. സ്ഥിരമായി ഒരിടത്ത വസിക്കുന്ന സ്വഭാവം അടുത്തകാലംവരെ അവര്‍ക്കുണ്ടായിരുന്നില്ല. മലദൈവങ്ങളെ അവര്‍ ആരാധിക്കുന്നു. ചാത്തന്‍, കാപ്പിരി, അയ്യപ്പന്‍ എന്നിവര്‍ ഉള്ളാരുടെ ഇഷ്ടദേവതകളാണ്. ദേവതാപ്രീതിക്കുവേണ്ടി സ്ത്രീകള്‍ മുടിയാട്ടം നടത്തും. അവര്‍ മുത്തിയൂട്ട്പാട്ട നടത്തുന്നത് ദേവതകളുടെ പ്രീണനത്തിനാണ്. കോല്‍ക്കളി, ചവിട്ടുകളി, കൈകൊട്ടിക്കളി തുടങ്ങിയ വിനോദങ്ങളിലും ഉള്ളാടര്‍ ഏര്‍പ്പെടും. പുനംകൃഷി, നായാട്ട് എന്നവയില്‍ അവര്‍ ഏര്‍പ്പെടുന്നു. അത്തരം സന്ദര്‍ഭങ്ങളിലും അവര്‍ ദേവതകളെ ആരാധിക്കും. മുട്ടുകാണിയാണ് അവരുടെ ഗോത്രത്തലവന്‍. ഉള്ളാടന്മാര്‍ മരിച്ചാല്‍ ശവം കുഴിച്ചിടുകയായിരന്നു പതിവ്.