കാവുകളിലും സ്ഥാനങ്ങളിലും ദേവതയുടെ പ്രതിനിധിയായി തിരുവായുധമെടുത്ത് നര്‍ത്തനം ചെയ്യുകയും അരുളപ്പാട് നടത്തുകയും ചെയ്യുന്ന ആള്‍. വെളിച്ചപ്പാടന്മാരായി സ്ഥാനമേല്‍ക്കുന്നവരില്‍ മിക്കതും സ്വയം ദേവതാചൈതന്യം ശരീരത്തിലാവേശിച്ചുവെന്ന് വെളിച്ചപ്പെടുത്തിയവരാണ്. കാതില്‍ കുണ്ഡലം ധരിക്കണമെന്ന് നിര്‍ബന്ധമുള്ള സ്ഥലങ്ങളുമുണ്ട്. പ്രത്യേക വ്രതങ്ങളോടെ അവര്‍ ജീവിക്കണം. വെളിച്ചപ്പാടന്മാരില്‍ പലരും ഖഡ്ഗനൃത്തം ചെയ്യുവാന്‍ കഴിവുറ്റവരാണ്. ഉത്തരകേരളത്തില്‍ തെയ്യാട്ടത്തിന് വെളിച്ചപ്പാടും തോറ്റവും ഒപ്പം നര്‍ത്തനം ചെയ്യും. മിക്കസമുദായക്കാരുടെ കാവികളിലും വെളിച്ചപ്പാടന്മാരാടുണ്ടാകും. തീയന്‍, ആശാരി, തുടങ്ങിയവരുടെ സ്ഥാനങ്ങളില്‍ വെളിച്ചപ്പാടന്മാരുണ്ട്. കുറിച്യര്‍ക്കിടയില്‍ ചില പ്രത്യേക ഇല്ലങ്ങളിലുളളവരാണ് വെളിച്ചപ്പാടാകുന്നത്. മധ്യകേരളത്തില്‍ വേലയ്ക്ക് പറയന്‍ വെളിച്ചപ്പാടുണ്ടാവും. പാലക്കാട്ടു ജില്ലയില്‍ പല ഭാഗങ്ങളിലും വെളിച്ചപ്പാടുകളെ കാണാം. ഗൃഹങ്ങളുമായി ബന്ധപ്പെട്ട കാവുകളില്‍ ഇവര്‍ തന്നെയാണ് പൂജ നടത്തുക. പലേടത്തും ഇത് പാരമ്പര്യമായി നടത്തപ്പെടുന്നു. പാലക്കാട്ടുനിന്നും മറ്റു പ്രദേശങ്ങളില്‍ നിന്നും കൊടുങ്ങല്ലൂരമ്മയുടെ വെളിച്ചപ്പാടായി പുറപ്പെടുന്നവരുമുണ്ട്. ഭരണിയുത്സവത്തിന് അത്തരം വെളിച്ചപ്പാടുകള്‍ കൊടുങ്ങല്ലൂരെത്തും. അത്യുത്തരകേരളത്തില്‍ പെണ്‍വെളിച്ചപ്പാടുകളെ കാണാറില്ല. എന്നാല്‍, കാസര്‍കോട്ടു ജില്ലയിലെ നിടുവന്‍കുളങ്ങരസ്ഥാനത്ത് സ്ത്രീവെളിച്ചപ്പാടുണ്ടത്രെ. കൊയോങ്കര പറമ്പന്‍ നായര്‍ തറവാട്ടിലെ സ്ത്രീയാണ് വെളിച്ചപ്പാടാകുക. അവരെ വാദ്യാഘോഷത്തോടെ കാവിലേയ്ക്ക് ആനയിക്കും. അവിടെ പ്രത്യേകം കെട്ടിയുണ്ടാക്കിയ കുടിലില്‍ അവര്‍ വ്രതമെടുത്തിരിക്കണം.