നായന്മാര്‍ക്കിടയില്‍ നിലവിലുണ്ടായിരുന്ന താലികെട്ടുമങ്ങലം. ഋതുവാകുന്നതിനു മുന്‍പേ അത് നടത്തിയിരിക്കും. താലികെട്ടുമംഗലത്തിന് ചിലേടങ്ങളില്‍ പാടിക്കെട്ടുകല്യാണം എന്നു പറയും. ബ്രാഹ്മണിയമ്മയെക്കൊണ്ട് പാട്ടുപാടിക്കുന്ന ഒരു ചടങ്ങ് ആ സന്ദര്‍ഭത്തില്‍ പതിവുള്ളതുകൊണ്ടാണ് ആ പേര്‍ പറയുന്നത്. തറവാട്ടുശാഖകള്‍ ഉണ്ടെങ്കില്‍ അവിടങ്ങളിലെ കന്യകമാരെ തറവാട്ടിലേക്കു വരുത്തി, ഒന്നിച്ചാണ് കെട്ടുകല്യാണം നടത്തുക. താലികെട്ടുവാന്‍ ബ്രാഹ്മണവിഭാഗത്തില്‍പ്പെട്ട ”നമ്പിടി”യാണ് പതിവ്. ബ്രാഹ്മണിയമ്മ പന്തലിലിരുന്ന് പാട്ടുപാടും. സ്വയംവരകഥകളാണ് മുഖ്യമായും പാടുന്നത്. പാടിക്കെട്ടുകല്യാണത്തിനു വിഭവസമൃദ്ധമായ സദ്യയും പതിവുണ്ടായിരുന്നു.