തെക്കന്‍ തിരുവിതാംകൂറിലെ കാളിക്കാവുകളില്‍ ദേവീപ്രീത്യര്‍ത്ഥം നടത്തുന്ന അനുഷ്ഠാനകല. മുടിയേറ്റുമായി പറണേറിന് സാദൃശ്യമുണ്ട്. ചടങ്ങുകള്‍ക്ക് ചില വ്യത്യാസം കാണും. കൊയ്ത്തുകഴിഞ്ഞ പാടത്ത് പന്തല്‍കെട്ടി ഭദ്രകാളിയെ സങ്കല്പിച്ച് ആരാധന നടത്തുന്നു. മുടിപ്പുര എന്ന പേരിലാണ് ആ പന്തല്‍ അറിയപ്പെടുന്നത്. അവിടെവെച്ച് തോറ്റംപാട്ടുകള്‍ പാടും. അതിനു പുറത്ത് വളരെ ഉയരത്തില്‍, കുറ്റിനാട്ടി പലകപാകി തട്ടു കെട്ടിയുണ്ടാക്കുന്നു. അതിന് പറണ് എന്നാണ് പേര്‍. രാത്രിയില്‍ പൂജയ്ക്കുശേഷം കാളിയുടെ മുടി ആ പറണിന്മേല്‍ എഴുന്നള്ളിച്ചു വയ്ക്കുന്നു. ആ പറണിനു മറുവശത്ത് കെട്ടിയുണ്ടാക്കിയ പറണിന്മേല്‍ ദാരികവേഷവും കയറുന്നു. തോറ്റംപാട്ടുകള്‍ പാടലാണ് അടുത്ത പരിപാടി. പാട്ടുകഴിഞ്ഞാല്‍ കാളവേഷവും ദാരികവേഷവും പറണിന്മേല്‍നിന്ന് താഴെ ഇറങ്ങുകയും യുദ്ധം തുടങ്ങുകയും ചെയ്യും. ഒടുവില്‍ ദാരികന്റെ മുടി പറിക്കും.

പറണേറിനു പാടുന്ന ഗാനങ്ങളില്‍ തമിഴ് സ്വാധീനം പ്രകടമാണ്. നെയ്യാറ്റിന്‍കര, അഴകിക്കോണം. കാട്ടാക്കാട, കുളത്തൂര്‍ മുതലായ പ്രദേശങ്ങളിലെ മുടിപ്പുരകളില്‍ വാത്തികളാണ് പറണേറ് നടത്തിവരുന്നത്. കന്യാകുമാരി ജില്ലയിലെ കൊല്ലങ്കോട്. കൊല്ലന്മാരാണ് ഈ കലാപ്രകടനം നടത്തുന്നത്. വെള്ളായണിയിലും മറ്റും ഈഴവരും പറണേറ്റ് നടത്താറുണ്ട് പറണേറ്റിന് ചിലേടങ്ങളില്‍ കാളിയൂട്ട് എന്ന് പേര് പറയും.