പലപ്പേടി, പറപ്പേടി, മണ്ണാപ്പേടി എന്നീ പ്രാചീനാചാരങ്ങളെ പഴുക്കയേറ് എന്ന പേരിലാണ് വടക്കന്‍ പാട്ടുകളിലും മറ്റും പരമര്‍ശിച്ചുകാണുന്നത്. വര്‍ഷത്തിലൊരിക്കല്‍ പറയന്‍, പുലയന്‍, മണ്ണാന്‍ മുതലായ ജാതിയില്‍പ്പെട്ടവര്‍ക്ക് നാടുവാഴിയുടെ അനുമതിയോടെ തന്നെ സ്വാതന്ത്ര്യമനുവദിച്ചിരുന്നു. ഉയര്‍ന്ന ജാതിക്കാരുടെ കുളങ്ങളില്‍ കുളിക്കുവാനും, കാവുകളില്‍ പ്രവേശിക്കുവാനും, വഴിയില്‍ കാണുന്ന ഉന്നതകുല ജാതകളായ സ്ത്രീകളെ തൊടുവാനും അനുവാദമുണ്ടായിരുന്നു. അവര്‍ സ്ത്രീകളെ പീഡിപ്പിക്കുകയും അപഹരിക്കുകയും ചെയ്തിരുന്നു. അത്തരം സ്ത്രീകളെ ജാതിയില്‍ നിന്നു പുറന്തള്ളുക പതിവായിരുന്നു. കല്ലോ, കമ്പോ, പഴുക്കയോ കൊണ്ടെറിഞ്ഞ് കൊള്ളിച്ചാലും ഏറുകൊണ്ട് സ്ത്രീ ജാതിഭ്രഷ്ടയാകയും എറിഞ്ഞവന്റെ കൂടെത്തന്നെ പോവുകയും ചെയ്യണമായിരുന്നു. അങ്ങനെ താഴ്ന്ന ജാതിക്കാര്‍ക്കു സര്‍വസ്വാതന്ത്ര്യവുമനുവദിക്കുന്ന കാലമേതെന്ന് നാടുവാഴികള്‍ എല്ലാവരെയും മുന്‍കൂട്ടി കൊട്ടിയറിയിക്കുക പതിവായിരുന്നു. പുലയരേയും പറയരേയും മറ്റും പേടിച്ച് സ്ത്രീകള്‍ ആ കാലങ്ങളില്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങാറുണ്ടായിരുന്നില്ല. അത് ഇഷ്ടപ്പെടുന്നവര്‍ മാത്രമേ പുറത്തിറങ്ങിയിരുന്നുള്ളൂ. ഈ അനാചാരം രാജവിളംബരം മുഖേനയാണ് നിര്‍ത്താലക്കപ്പെട്ടത്.