വണ്ണമുള്ള മുളങ്കമ്പ്, തേങ്ങാച്ചിരട്ട, ഒരുതരം നേരിയ കട്ടുവള്ളി എന്നിവകൊണ്ട് പുള്ളുവര്‍ സ്വയം നിര്‍മ്മിക്കുന്ന നാടന്‍വീണയാണ് പുള്ളുവവീണ. ഒരു ചെറിയ മുളവില്ലുകൊണ്ടാണ് ആ വീണ വായിക്കുന്നത്. പുള്ളുവര്‍ പാടുമ്പോഴെല്ലാം വീണ ഉപയോഗിക്കും. പുള്ളുവര്‍ പാടുന്നതേ വീണ പാടൂ. എന്നൊരു പഴഞ്ചൊല്ലുണ്ട്. പുള്ളുവവീണയില്‍ക്കൂടിയുള്ള താളം വായനപ്രശസ്തമാണ്. അതിനനുഗുണമായി കുടവും കൈമണിയും ഉപയോഗിക്കും. മധ്യദക്ഷിണ കേരള പ്രദേശങ്ങളില്‍ വീണ കുറച്ചുകൂടി പരിഷ്‌കൃതമായ നിലയിലാണ് ഉണ്ടാക്കിക്കാണുന്നത്. ചിരട്ടയ്ക്കു പകരം മരംകൊണ്ടുള്ള കിണ്ണം, മുളന്തണ്ടിനുപകരം മരത്തണ്ട് എന്നിവ ഉപയോഗിക്കുന്നു. കിണ്ണത്തിന്റെ വായ ഉടുമ്പിന്‍തൊലുകൊണ്ടാണ് പൊതിയുന്നത്. അതില്‍ പ്രാദേശിക ഭേദമില്ല. ചിറ്റമൃത് വള്ളിയുടെ നാര് പിരിച്ചുണ്ടാക്കുന്നാതാണ് കമ്പിയായി ഉപയോഗിക്കുക.