പരപ്പനങ്ങാടി (മലപ്പുറം): ചരിത്രപണ്ഡിതനും സാഹിത്യനിരൂപകനുമായ ഡോ. എം.ഗംഗാധരന്‍ അന്തരിച്ചു. 89 വയസ്സായിരുന്നു. പട്ടാറമ്പില്‍ കാരാട്ട് ഡോ. നാരായണന്‍ നായരുടെയും മുറ്റായില്‍ പാറുക്കുട്ടി അമ്മയുടെയും മകനാണ്. ഭാര്യ: യമുനാദേവി. മക്കള്‍: നാരായണന്‍, നളിനി. മരുമക്കള്‍: അനിത, കരുണാകര മേനോന്‍. ചരിത്രകാരന്‍ ഡോ. എം.ജി.എസ്.നാരായണന്‍ സഹോദരിയുടെ മകനാണ്.
വിവര്‍ത്തനത്തിനും സാഹിത്യവിമര്‍ശനത്തിനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഉണര്‍വിന്റെ ലഹരിയിലേക്ക് (സാഹിത്യനിരൂപണം), ജാതി വ്യവസ്ഥ, മാപ്പിള പഠനങ്ങള്‍, സ്ത്രീയവസ്ഥ കേരളത്തില്‍, വി.കെ.കൃഷ്ണ മേനോന്‍-വ്യക്തിയും വിവാദങ്ങളും, ഗാന്ധി ഒരന്വേഷണം, ചിന്തയില്‍ ക്ഷോഭം എന്നിവയാണു മറ്റു പ്രധാന കൃതികള്‍. മാനണ്‍ ലെസ്‌കോ- ഒരു പ്രണയ കഥ, വസന്തത്തിന്റെ മുറിവ്, കടല്‍ കന്യക തുടങ്ങിയവ വിവര്‍ത്തനങ്ങളാണ്.
പരപ്പനങ്ങാടി, കോഴിക്കോട് എന്നിവിടങ്ങളിലാണ് പ്രാഥമിക വിദ്യാഭ്യാസം. മദ്രാസ് സര്‍വകലാശാലയില്‍നിന്നു ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചെന്നൈ പോസ്റ്റല്‍ ഓഡിറ്റ് വകുപ്പില്‍ ജോലിചെയ്യുന്ന കാലത്ത് എം.ഗോവിന്ദന്റെ ബൗദ്ധിക സദസ്സില്‍ അംഗമായി.
തവനൂര്‍ റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകനായി ചേര്‍ന്ന എം.ഗംഗാധരന്‍ കോഴിക്കോട് ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ചരിത്രാധ്യാപകനായാണു വിരമിച്ചത്. കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍ വിസിറ്റിങ് പ്രഫസറായിരുന്നു.
മലബാര്‍ കലാപത്തെക്കുറിച്ചുള്ള പഠനത്തിനു കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്നു പിഎച്ച്ഡി നേടിയ അദ്ദേഹം ‘മലബാര്‍ കലാപം’ എന്ന പുസ്തകമെഴുതിയിട്ടുണ്ട്. മലബാര്‍ കലാപത്തെക്കുറിച്ചുള്ള ആഴമേറിയ പഠനങ്ങളുടെയും സാഹിത്യ, സാമൂഹിക നിരൂപണങ്ങളുടെയും പേരില്‍ അറിയപ്പെട്ടു.